യുദ്ധം അവസാനിച്ചാലും ഇന്ധന പ്രതിസന്ധി നീളുമെന്ന് വിദഗ്ദ്ധര്‍: ആശ്വാസ പ്രതീക്ഷകളും തകരുന്നു

ടെഹ്റാൻ: ഏപ്രിൽ മാസത്തിൽ ഉണ്ടാക്കിയ താല്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായും തകർത്തുക്കൊണ്ട് ബുധനാഴ്ച അമേരിക്കയും ഇറാനും തമ്മിൽ ശക്തമായ സൈനിക ഏറ്റുമുട്ടൽ ഉണ്ടായി. ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കൻ ഹെലികോപ്റ്റർ തകർന്നുവീണതിനെത്തുടർന്നുണ്ടായ തർക്കമാണ് മേഖലയിലെ മറ്റ് ഗൾഫ് രാജ്യങ്ങളെക്കൂടി ബാധിക്കുന്ന വലിയൊരു യുദ്ധസാഹചര്യത്തിലേക്ക് വഴിമാറിയിരിക്കുന്നത്. ഇതിനിടെ ഇന്ധന വിപണിയിലെ പ്രതിസന്ധി ഇനിയും വര്‍ധിക്കുമോ എന്ന ആശങ്കയിലാണ് ലോകം. ഡൊണൾഡ് ട്രംപിന്റെ ഏറ്റവും പുതിയ അവകാശവാദം പോലെ ഒരാഴ്ചയ്ക്കകം സമാധാനം സാധ്യമായാൽ പോലും നിലവിലെ പ്രതിസന്ധി അയയാൻ മാസങ്ങൾ എടുക്കുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നൽകുന്നു. ക്രൂഡ് ഓയിലും വാതക ഇന്ധനങ്ങളും ഇനിയും ഒരു വിലക്കയറ്റത്തിലേക്ക് കുതിക്കാം.
എണ്ണ വിപണിയിൽ ഇപ്പോൾ പുലരുന്ന നേരിയ സംതുലനം വെറുമൊരു മരീചിക മാത്രമാണ്. ജൂൺ മാസത്തോടെ ലോകം കടുത്ത എണ്ണക്ഷാമത്തിലേക്ക് കടക്കാൻ പോവുകയാണെന്ന് ജെപി മോർഗന്റെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
വിലക്കയറ്റം പ്രതിരോധിച്ച
തൽക്കാല പരിചകൾ തകരുന്നു
ഇറാൻ-ഇസ്രായേൽ യുദ്ധം കാരണം ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുകയാണെങ്കിലും എണ്ണവില വലിയ രീതിയിൽ കുതിച്ചുയരാതിരിക്കാൻ വിപണിയെ സഹായിച്ച ചില താൽക്കാലിക കാര്യങ്ങളുണ്ട്. എന്നാൽ അവയുടെ കാലാവധി ജൂണോടെ അവസാനിക്കുകയാണ്.
ഇതിൽ ആദ്യത്തേത്, ഓരോ രാജ്യങ്ങളുടെയും അടിയന്തര സംഭരണം തീരുന്നു എന്നതാണ്. മാർച്ച് മുതൽ ഇതുവരെ ലോകത്തെ ആകെ എണ്ണ ശേഖരത്തിൽ നിന്ന് 460 ദശലക്ഷം ബാരൽ എണ്ണയാണ് കുറഞ്ഞത്. വില കൂടിയത് കാരണം വ്യവസായങ്ങളും മറ്റും എണ്ണ ഉപയോഗം കുറച്ചിരുന്നു. ചൈനയെപ്പോലുള്ള രാജ്യങ്ങൾ പെട്ടെന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്കും എൽഎൻജി ട്രക്കുകളിലേക്കും മാറിയതും താൽക്കാല ആശ്വാസമായി. ഈ ഇടവേളകൾ അവസാനിക്കയാണ്.
ജെപി മോർഗൻ നൽകുന്ന ഏറ്റവും വലിയ മുന്നറിയിപ്പ് ഇതാണ്. ലോകത്ത് എവിടെയും എണ്ണ സൂക്ഷിച്ചുവെക്കാൻ കഴിയുന്നതിന് ഒരു പരിധിയുണ്ട്. പൈപ്പ് ലൈനുകളും റിഫൈനറികളും കേടുപാടുകൾ കൂടാതെ പ്രവർത്തിക്കണമെങ്കിൽ എപ്പോഴും നിശ്ചിത അളവ് എണ്ണ ഉണ്ടായിരിക്കണം. അതുപോലും തകരാറിലായാലോ.
സ്ട്രെസ് സോണിലേക്ക് കടക്കുന്നു
ഈ മാസം അവസാനത്തോടെ വിപണിയിലെ അധികമുള്ള എണ്ണ ശേഖരം പൂർണ്ണമായി തീരും. ഇതോടെ വിപണി പ്രതിസന്ധിയുടെ രണ്ടാം പാദമായ 'സ്ട്രെസ് സോണിലേക്ക്' കടക്കും. ഹോര്‍മുസ് ഉപരോധം മാറിയില്ലെങ്കിൽ, സെപ്റ്റംബറോടെ റിഫൈനറികൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ അളവിലേക്ക് (Operational Floor) ലോകത്തെ എണ്ണ ശേഖരം താഴേക്ക് പോകും. ഇത് ആഗോള വിതരണ ശൃംഖലയെത്തന്നെ തകിടം മറിക്കാം.
യുഎസും ഇറാനും തമ്മിൽ ജൂണിൽ ധാരണയിലെത്തുകയും ഹോർമുസ് കടലിടുക്ക് തുറക്കുകയും ചെയ്യുമെന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ് ജെപി മോർഗൻ നാലുപാദങ്ങളായി തിരിച്ച് കണക്കുകൾ പുറത്തുവിട്ടിട്ടുള്ളത്. അങ്ങനെ സംഭവിച്ചാൽ ഈ വർഷം ശരാശരി വില ബാരലിന് 100 ഡോളര്‍ എന്ന നിലയിൽ തുടരും. എന്നാൽ ഈ ചർച്ചകൾ പരാജയപ്പെടുകയും ഉപരോധം നീളുകയും ചെയ്താൽ വരാനിരിക്കുന്ന വിലക്കയറ്റം ഭീമമാവും. ബുധനാഴ്ചത്തെ ആക്രമണങ്ങൾ അത്തരം ഒരു പ്രതിസന്ധിയിലേക്കാണോ എന്ന് ആശങ്കയുയര്‍ത്തുന്നതാണ്.
ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഉപരോധം നീളുന്ന ഓരോ അധിക മാസത്തിനും വിലയിൽ ഏകദേശം 5 ഡോളര്‍ വീതം വർദ്ധനവ് ഉണ്ടാകും. ഈ സമയത്ത് ഒഇസിഡി രാജ്യങ്ങളുടെ അടിയന്തര സംഭരണവും മറ്റ് താൽക്കാലിക സംവിധാനങ്ങളും ഉള്ളതുകൊണ്ട് വിലക്കയറ്റത്തിന്റെ വേഗത കുറയാം. എന്നാൽ ഒക്ടോബർ, നവംബർ, ഡിസംബർ ഉൾപ്പെടുന്ന നാലാം പാദം എത്തുന്നതോടെ ഏറ്റവും അപകടകരമായ ഘട്ടമാവും. ഈ സമയത്ത് ഉപരോധം നീളുന്ന ഓരോ അധിക മാസത്തിനും വിലയിൽ 15 ഡോളര്‍ വീതം വലിയ വർദ്ധനവ് ഉണ്ടാകും.
കരുതൽ ശേഖരത്തിലെ ഇടിവ് സൂചിപ്പിക്കുന്ന ചാര്‍ട്
മൂന്നാം പാദം കഴിയുന്നതോടെ വിപണിയെ താങ്ങിനിർത്തിയിരുന്ന താൽക്കാലിക 'ബഫർ' തീരും. വിപണിയിലെ സുരക്ഷിത കവചം ഇല്ലാതാകുന്നതോടെ, എണ്ണയുടെ ചെറിയൊരു ദൗർലഭ്യം പോലും വലിയ വിലക്കയറ്റത്തിന് കാരണമാകും. ഹൈ പ്രൈസ് സെൻസിറ്റിവിറ്റി എന്ന അവസ്ഥ സംജാതമാവും. അതുകൊണ്ടാണ് മൂന്നാം പാദത്തിലെ 5 ഡോളര്‍ വർദ്ധനവ് നാലാം പാദത്തിലെത്തുമ്പോൾ 15 ആയി കുത്തനെ ഉയരുന്നത്. ജൂൺ മാസത്തിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ വരും മാസങ്ങളിൽ ആഗോള സമ്പദ്‌വ്യവസ്ഥ കടുത്ത ഇന്ധന പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് ജെപി മോർഗൻ മുന്നറിയിപ്പ്. സമയം പോകുംതോറും ഹോർമുസ് കടലിടുക്കിലെ ഉപരോധം വരുത്തിവെക്കുന്ന ആഘാതം ഇരട്ടിയാകും.
ഇപ്പോഴത്തെ ആശ്വാസം
എന്തുകൊണ്ട് താത്കാലികമാവുന്നു
ഉപരോധം കാരണം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം മുൻപുണ്ടായിരുന്നതിന്റെ 15% മാത്രമായി ചുരുങ്ങിയിട്ടുണ്ട്. എന്നാൽ ചില കപ്പലുകൾ തങ്ങളുടെ ട്രാൻസ്പോണ്ടറുകൾ ഓഫ് ചെയ്തോ വ്യാജ സിഗ്നലുകൾ നൽകിയോ രഹസ്യമായി ഇതിലൂടെ കടന്നുപോകുന്നുണ്ട്. മെയ് പകുതിയോടെ ഇത്തരത്തിലുള്ള "ഷാഡോ ഫ്ലോ" വഴി പ്രതിദിനം 2.1 ദശലക്ഷം ബാരൽ എണ്ണ കടന്നുപോയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് ആശ്വാസമായിരുന്നു. എന്നാൽ, യുദ്ധത്തിന് മുൻപ് ഈ വഴി പ്രതിദിനം 16 ദശലക്ഷം ബാരൽ എണ്ണ കടന്നുപോയിരുന്നു എന്നതുമായി താരതമ്യം ചെയ്യുമ്പോൾ ഈ 2.1 ദശലക്ഷം ബാരൽ എന്നത് വളരെ കുറവാണ്. ഇത് വിപണിയിലെ ദൗർലഭ്യം പരിഹരിക്കാൻ ഒട്ടും തികയില്ല.
ഷാഡോ ഫ്ലോയും, ആഗോളതലത്തിൽ എണ്ണയുടെ ആവശ്യം കുറഞ്ഞതും, ചില രാജ്യങ്ങൾ ഉത്പാദനം കൂട്ടിയതുമാണ് ഇതുവരെ വില 100 ഡോളറിൽ പിടിച്ചുനിർത്താൻ സഹായിച്ചത്. പ്രതിസന്ധി മറികടക്കാൻ ഒഇസിഡി രാജ്യങ്ങൾ തങ്ങളുടെ അടിയന്തര സംഭരണത്തിൽ നിന്ന് 400 ദശലക്ഷം ബാരൽ എണ്ണ വിപണിയിലേക്ക് റിലീസ് ചെയ്തിരുന്നു. ഇതിൽ പകുതിയോളം എണ്ണ മാത്രമാണ് ഇതുവരെ വിപണിയിൽ എത്തിയിട്ടുള്ളത്. ശേഷിച്ചതും റിലീസ് ചെയ്യപ്പെടുന്നു എന്നതാണ് വില പെട്ടെന്ന് കുതിച്ചുയരാതിരിക്കാൻ കാരണമായത്. ഇതും കഴിയുന്നതോടെ തകര്‍ച്ച വേഗത്തിലാവും. ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി അയഞ്ഞ് ഇതിനിടയിൽ പൂര്‍ണ്ണമായി തുറക്കാൻ കഴിഞ്ഞാലും ഈ തകര്‍ച്ചയുടെ ഫലങ്ങളിൽ നിന്നും കരകയറാൻ ഡിസംബര്‍ വരെ കാത്തിരിക്കേണ്ടിയും വരും.










0 comments