അറുതിയില്ലാതെ 'കാട്ടാനക്കലി'; 18 ദിവസം, സംസ്ഥാനത്ത് നഷ്ടമായത് ആറ് ജീവനുകൾ

തിരുവനന്തപുരം: കേരളത്തിൽ കാട്ടാനകളുടെ ആക്രമണം രൂക്ഷമായതോടെ മൂന്നാഴ്ചയ്ക്കിടെ ആറു പേരുടെ ജീവനാണ് പൊലിഞ്ഞത്. വയനാട്ട് കാട്ടിക്കുളം പുളിമൂട്‌കുന്ന് മിച്ചഭൂമിയിലെ രാജു (65) ഇന്ന് ഉച്ചയോടെയാണ് കൊല്ലപ്പെട്ടത്. ബുധൻ രാവിലെ പത്തോടെയാണ് കാട്ടാന ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ് മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജു പകൽ രണ്ടോടെയാണ് മരിച്ചത്. ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ വനപാലകരുടെ നേതൃത്വത്തിൽ തുരത്തുന്നതിനിടെയാണ് തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന രാജുവിനെ ആക്രമിച്ചത്.
മെയ് 24ന് പെരുമ്പാവൂരിൽ വനംവകുപ്പിന്റെ താൽക്കാലിക വാച്ചറെ ആന കൊലപ്പെടുത്തിയതായിരുന്നു ആദ്യ സംഭവം. പൊങ്ങിൻചുവട് ഉന്നതിയിലെ ആദിവാസി യുവാവ് പുഷ്പാകരൻ വെള്ളക്കയ്യനാണ് (45) കൊല്ലപ്പെട്ടത്. തുടർന്ന് 26ന് വയനാട്ടിലെ മേപ്പാടിയിൽ നടുറോഡിൽ വെച്ച് ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. മേപ്പാടി പഞ്ചായത്തിലെ കള്ളാടി കാശ്മീർ കുരിശിങ്കൽ ജെസി (45) ആണ് മരിച്ചത്.
മെയ് 30ന് തൃശൂർ ജില്ലയിലെ അതിരപ്പിള്ളി വൈശേരിയിൽ കർഷകനായ പുല്ലേർകാട്ട് വീട്ടിൽ മോഹനൻ (65) കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു. കൃഷിയിടത്തിലിറങ്ങിയ കാട്ടാന വീടിന് മുന്നിലെത്തിയ ശബ്ദം കേട്ടാണ് മോഹനനും ഭാര്യ ഗിരിജയും ഉണർന്നത്. തുടർന്ന് സമീപവാസികൾക്കൊപ്പം തീപ്പന്തവുമായി ആനയെ തുരത്തുന്നതിനിടെ ആന തിരിഞ്ഞോടുകയും, തട്ടിവീണ മോഹനനെ ചവിട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജൂൺ മൂന്ന് ബുധനാഴ്ചയാണ് ജനവാസമേഖലയിലെ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത്. കാഞ്ഞിരംപാറ പേണുവിൽ നാരായണൻ– ഭവാനി ദമ്പതികളുടെ മകൻ രാജേഷ് (45) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കേരള– തമിഴ്‌നാട് അതിർത്തി ഗ്രാമമാണ് പേണു. കൂട്ടപ്പു പത്തുകാണിക്ക് സമീപമുള്ള കരിഞ്ചിറ, പേണു എന്നീ പ്രദേശങ്ങളിൽ ചെവ്വാഴ്ച പുലർച്ചെയാണ് മൂന്ന് കാട്ടാനകളടങ്ങുന്ന കൂട്ടം ഇറങ്ങിയത്. ജൂൺ എട്ടിനാണ് ഇടുക്കി ചിന്നക്കനാൽ സൂര്യനെല്ലി സ്വദേശി മാരി കൊല്ലപ്പെട്ടത്. കുട്ടികളെ സ്കൂളിൽ വിടാൻ ഇറങ്ങിയപ്പോൾ അവരുടെ മുന്നിൽവച്ചാണ് കാട്ടാന മാരിയെ മണ്ണിലിട്ട് ചവിട്ടിക്കൊന്നത്.
സംസ്ഥാനത്തെ മലയോരമേഖലയിലും വനമേഖലയിലും വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലിറങ്ങി മനുഷ്യരെ ആക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നത് വർധിച്ചുവരികയാണ്. പ്രശ്നത്തിൽ താൽക്കാലിക പരിഹാരങ്ങൾക്കപ്പുറം ശാശ്വതമായ ഒരു മാർഗ്ഗവും അധികൃതരുടെ പക്കലില്ല.
സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ മരണം തുടരുമ്പോഴും വനംമന്ത്രിയുടെ ക്രൂരമായ പരിഹാസമാണ് കഴിഞ്ഞദിവസം കേരളം കണ്ടത്. ‘മുഖ്യമന്ത്രിയും മന്ത്രിയും മാത്രമേ മാറിയിട്ടുള്ളൂ. ഉദ്യോഗസ്ഥരും ആനയും മാറിയിട്ടില്ല’, ‘മന്ത്രിസഭ മാറിയതറിഞ്ഞ് ആനയിറങ്ങിയതാണോ എന്നറിയില്ല’ എന്നിങ്ങനെയായിരുന്നു വനംമന്ത്രി ഷിബു ബേബി ജോണിന്റെ പ്രതികരണങ്ങൾ. വന്യമൃഗ ആക്രമണങ്ങൾ തടയാൻ സർക്കാരിന്റെ കൈയിൽ ഒറ്റമൂലിയില്ലെന്ന ഷിബു ബേബി ജോണിന്റെ പ്രസ്താവനയും വിവാദമായിരുന്നു.










0 comments