പകരക്കാരനായല്ല, മുൻപ് തന്നെ ഔഖിബ് ടീമിൽ എത്തേണ്ടതായിരുന്നു; വസീം ജാഫർ

ന്യൂഡൽഹി: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി പേസർ ഔഖിബ് നബിയെ ഉൾപ്പെടുത്തിയ ബിസിസിഐ സെലക്ടർമാരുടെ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം വസീം ജാഫർ.
ബുംറ പൂർണ ശാരീരിക ക്ഷമത വീണ്ടെടുക്കാനാകാത്തതിനെ തുടർന്ന് ഗാലെയിലും കൊളംബോയിലുമായി നടക്കുന്ന മത്സരങ്ങൾക്കായാണ് ഔഖിബ് ആദ്യമായി ഇന്ത്യൻ ടീമിലേക്ക് എത്തുന്നത്.
ജമ്മു കശ്മീരിനെ കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ ആദ്യ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഔഖിബ് നബി, സീസണിൽ 60 വിക്കറ്റുകൾ വീഴ്ത്തി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു.
ഇത്രയും മികച്ച പ്രകടനത്തിന് ശേഷം അദ്ദേഹത്തെ ആദ്യ ടീമിൽ തന്നെ ഉൾപ്പെടുത്തേണ്ടതായിരുന്നുവെന്നും പകരക്കാരനായി മാത്രമല്ല വിളിക്കേണ്ടിയിരുന്നതെന്നും ജാഫർ അഭിപ്രായപ്പെട്ടു.
"ഇത് വളരെ വലിയ കാര്യവും സന്തോഷകരമായ നിമിഷവുമാണ്. ഇത്ര മികച്ച പ്രകടനത്തിന് ശേഷം ഔഖിബിനെ ആദ്യ സ്ക്വാഡിൽ തന്നെ ഉൾപ്പെടുത്തേണ്ടതായിരുന്നു. വൈകിയെങ്കിലും അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. ഔഖിബ് തുടക്കത്തിൽ തന്നെ ടീമിൽ ഇടം നേടാൻ അർഹനായിരുന്നു,". ജാഫർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ഇതിനിടെ, ഇന്ത്യയുടെ ശ്രീലങ്ക ഇലവനെതിരായ മൂന്ന് ദിവസത്തെ പരിശീലന മത്സരത്തിന് മുന്നോടിയായി കൊളംബോയിൽ നടന്ന നെറ്റ് പരിശീലനത്തിൽ ഔഖിബ് പന്തെറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ദേശീയ ടീമിനൊപ്പമുള്ള അദ്ദേഹത്തിന്റെ ആദ്യ പരിശീലന സെഷനായിരുന്നു ഇത്.
ഔഖിബിന്റെ സ്ഥിരതയാർന്ന പ്രകടനം ഐപിഎല്ലിന്റെ ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസുമായി ആദ്യ കരാറും നേടിക്കൊടുത്തിരുന്നു. അഞ്ച് മത്സരങ്ങളിൽ വിക്കറ്റൊന്നും നേടാനായില്ലെങ്കിലും, പിന്നീട് ഇന്ത്യ എ ടീമിനൊപ്പമുള്ള ശ്രീലങ്കൻ പര്യടനത്തിൽ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റുകൾ സ്വന്തമാക്കി ടീമിന്റെ പരമ്പരവിജയത്തിൽ നിർണായക സംഭാവന നൽകി.
ഓൾറൗണ്ടർ പർവേസ് റസൂലിനും അതിവേഗ പേസർ ഉമ്രാൻ മാലിക്കിനും ശേഷം ഇന്ത്യൻ സീനിയർ ടീമിലേക്ക് വിളിയെത്തുന്ന മൂന്നാമത്തെ ജമ്മു-കശ്മീർ താരമാണ് ഔഖിബ്. ഇന്ത്യൻ പുരുഷ ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ജമ്മു കശ്മീർ ക്രിക്കറ്റർ എന്ന ചരിത്രനേട്ടവും ഔഖിബ് നബിയുടെ പേരിലായി.










0 comments