പാലക്കാട് നാല് എയ്ഡഡ് സ്കൂളുകൾ അടച്ചുപൂട്ടി

വി കെ രഘുപ്രസാദ്
Published on Aug 07, 2026, 01:26 PM | 1 min read
പാലക്കാട് : യുഡിഎഫ് സർക്കാർ അധികാരമേറ്റ് രണ്ടരമാസം തികയും മുമ്പ് പാലക്കാട് ജില്ലയിലെ നാല് സ്കൂളുകൾ അടച്ചു പൂട്ടി. കിഴക്കഞ്ചേരി ഇളവംപാടം കെഇഎഎൽപി സ്കൂൾ, വടക്കഞ്ചേരി ബിഇഎം എൽപി സ്കൂൾ, കിഴക്കഞ്ചേരി ചീരക്കുഴി ഐഎഎം എൽപി സ്കൂൾ, പാലക്കാട് മുരുഗണി എജെബിഎസ് എൽപി സ്കൂൾ എന്നിവയാണ് അടച്ചു പൂട്ടിയത്.
സർക്കാരിന്റെ തെറ്റായ നിലപാടുകൾ കാരണം സ്കൂളുകൾ നടത്താൻ പല മാനേജ്മെന്റുകളും വിമുഖത കാണിക്കുന്നു. വിദ്യാർഥികളെ ആകർഷിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാത്തതും, അധ്യാപകരില്ലാത്തതും കുട്ടികളുടെ എണ്ണം കുറയാൻ കാരണമായി. ഈ സാഹചര്യം മനസിലാക്കി കൃത്യമായ ഇടപെടൽ നടത്തി സ്കൂളുകൾ അടച്ചുപൂട്ടുന്നത് തടയാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല.
അൺഎയ്ഡഡ് സ്കൂളുകൾക്ക് വളർച്ചയ്ക്കുള്ള സാഹചര്യം ഒരുക്കുകയാണെന്നാണ് പ്രധാന വിമർശനം.വൻതുക ഫീസ് നൽകാൻ കഴിയുന്നവർക്ക് മാത്രമാണ് ഇത്തരം സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്നത്. പണമുള്ളവർക്ക് മാത്രം വിദ്യാഭ്യാസം ലഭിക്കണമെന്ന മുൻ യുഡിഎഫ് സർക്കാരുകളുടെ നയമാണ് ഈ സർക്കാരും തുടരുന്നത്.
സർക്കാർ ശക്തമായി ഇടപെട്ടാൽ മിക്ക സ്കൂളുകളുടെയും അടച്ചുപൂട്ടൽ ഒഴിവാക്കാനാകുമെന്ന് വിദ്യാഭ്യാസ രംഗത്തെ പ്രവർത്തകർ ചൂണ്ടിക്കാട്ടു ന്നു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സ്കൂളുകൾ അടച്ചുപൂട്ടാൻ അനുമതി നൽകിയിരുന്നില്ലെന്നും, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപകർ, നാട്ടുകാർ എന്നിവരുടെ പങ്കാളിത്തത്തോടെ രൂപീകരിച്ച വിദ്യാഭ്യാസ സംരക്ഷണ സമിതികളുടെ ഇടപെടലിലൂടെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ നിരവധി സ്കൂളുകൾക്ക് പുതുജീവൻ നൽകിയതും ഓർമ്മിപ്പിക്കുന്നു.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ സ്കൂളുകൾ പിന്നീട് ഉയർന്ന നിലവാരത്തിൽ പുനരുജ്ജീവിപ്പിച്ച അനുഭവവും സംസ്ഥാനത്തിനുണ്ട്. എന്നാൽ പൊതുവിദ്യാഭ്യാസ മേഖലയോട് നിലവിലെ യുഡിഎഫ് സർക്കാരിന്റെ അവഗണന തുടർന്നാൽ വരുംവർഷങ്ങളിലും കൂടുതൽ സ്കൂളുകൾ അടച്ചുപൂട്ടപ്പെടാനിടയുണ്ട്.








0 comments