അമ്പലപ്പുഴ-തിരുവല്ല റൂട്ടിൽ കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചു; ലോവർ കുട്ടനാട്ടിൽ വെള്ളക്കെട്ട് തുടരുന്നു

പ്രതീകാത്മക ചിത്രം
ആലപ്പുഴ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം ഭാഗത്ത് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിച്ചു. പ്രദേശത്തെ വെള്ളക്കെട്ട് കുറഞ്ഞതോടെയാണ് ആലപ്പുഴ-അമ്പലപ്പുഴ-തിരുവല്ല റൂട്ടിലെ ഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങിയത്.
പ്രളയത്തെ തുടർന്ന് അപ്പർ കുട്ടനാടൻ മേഖലയിലെ തലവടി, നീരേറ്റുപുറം തുടങ്ങിയ പ്രദേശങ്ങൾ ദിവസങ്ങളോളം വെള്ളത്തിനടിയിലായിരുന്നു. വെള്ളക്കെട്ട് മൂലം യാത്രക്കാർ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നെങ്കിലും സർവീസ് പുനരാരംഭിച്ചത് പ്രദേശവാസികൾക്ക് ആശ്വാസമായി.
അതേസമയം, ലോവർ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ദുരിതം ഇപ്പോഴും തുടരുകയാണ്. ലോവർ കുട്ടനാട് മേഖലയിലെ മങ്കൊമ്പ്, കായൽപ്പുറം, പുളിങ്കുന്ന്, കാവാലം, കൈനടി, വെളിയനാട്, കൈനകരി തുടങ്ങിയ നിരവധി പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഇറങ്ങാത്തതിനാൽ ജനജീവിതം സാധാരണ നിലയിലാകാൻ ഇനിയും സമയം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.









0 comments