രാജേഷിന്റെ മൃതദേഹത്തോട് സർക്കാർ കാണിച്ചത് ക്രൂരതയെന്ന് പിണറായി; 'ത്യാഗനിർഭരമായ രക്തസാക്ഷിത്വത്തെ അവഹേളിച്ചു'

രാജേഷ്, പിണറായി വിജയൻ
തിരുവനന്തപുരം: കണ്ണൂർ ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ടയാളെ രക്ഷിക്കുന്നതിനിടെ മരിച്ച കല്ലിയൂർ സ്വദേശി രാജേഷിന്റെ മൃതദേഹത്തെ സർക്കാർ അപമാനിച്ച നടപടി അങ്ങേയറ്റം ക്രൂരതയും അനാദരവുമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. പ്രളയജലത്തിൽ അകപ്പെട്ട ആളെ സ്വന്തം ജീവൻ നൽകി രക്ഷിച്ച രാജേഷ്, ത്യാഗത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ഉജ്വല പ്രതീകമാണ്. ധീരനായ ആ ചെറുപ്പക്കാരന്റെ മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽനിന്ന് തിരുവനന്തപുരത്തെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാൻ ഒരു ഫ്രീസർ ആംബുലൻസ് പോലും നൽകാൻ സർക്കാരോ ബന്ധപ്പെട്ട വകുപ്പുകളോ തയ്യാറായില്ല. ഉത്തരവാദപ്പെട്ടവരുടെ നെറികേടിന്റെയും കെടുകാര്യസ്ഥതയുടെയും തെളിവാണ് ഈ സംഭവമെന്നും പിണറായി പ്രസ്താവനയിൽ പറഞ്ഞു.
വഴിമധ്യേ ചാവക്കാട്ടുവെച്ച് ബന്ധുക്കൾക്ക് മറ്റൊരു ഫ്രീസർ ആംബുലൻസ് വാടകയ്‌ക്കെടുത്ത് മൃതദേഹം മാറ്റേണ്ടിവന്നു. ഇത്തരം മനോഭാവവും നടപടികളും ആവർത്തിച്ചു കൂടാത്തതാണ്. ത്യാഗനിർഭരമായ രക്തസാക്ഷിത്വത്തോടുള്ള അവഹേളനമാണ് ഉണ്ടായിക്കുന്നത്. രാജേഷിന്റെ ബന്ധുക്കളോട് സാമാന്യ മനുഷ്യത്വമെങ്കിലും കാണിക്കാൻ സർക്കാരിനായില്ല.
ആരോഗ്യ - റവന്യൂ വകുപ്പുകളുടെ ഈ അനാസ്ഥയ്ക്ക് ഭരണ നേതൃത്വം തന്നെ മറുപടി പറയണം. മനുഷ്യത്വരഹിതമായ ഈ അനാസ്ഥയ്ക്ക് ഉത്തരവാദികളായവർക്കെതിരെ അടിയന്തരമായി കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.










0 comments