രാജ്യസഭാ അധ്യക്ഷൻ ആവശ്യപ്പെട്ടിട്ടും അമിത് ഷാ എത്തിയില്ല; പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചു

Photo:PTI
ന്യൂഡൽഹി : വിദ്യാർഥി പ്രതിഷേധങ്ങൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിലെത്തി പ്രസ്താവന നടത്തണമെന്ന ആവശ്യത്തിൽ ഉറച്ച് പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കി. ഇതോടെ പാർലമെന്റ് നടപടികൾ ഇന്നും തടസ്സപ്പെട്ടു. അയോധ്യ രാമ ക്ഷേത്ര സംഭാവനകളിലെ ക്രമക്കേടിൽ അടിയന്തര ചർച്ച വേണമെന്നും ആവശ്യപ്പെട്ടു. മൺസൂൺ സമ്മേളനത്തിന്റെ 15-ാം ദിവസമായ വെള്ളിയാഴ്ച ലോക്‌സഭയും രാജ്യസഭയും തുടങ്ങിയ ഉടനെ പ്രതിപക്ഷ എംപിമാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
അമിത് ഷാ സഭയിലെത്തി വിശദീകരണം നൽകണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സിപി രാധാകൃഷ്ണൻ അനുകൂലമായി പ്രതികരിച്ചിരുന്നു. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിനോട് ഇക്കാര്യം ആഭ്യന്തര മന്ത്രിയെ അറിയിക്കാനും നിര്‍ദ്ദേശിച്ചു. പക്ഷേ അദ്ദേഹം ഇന്നും സഭയിൽ ഹാജരായില്ല.
ലോക്‌സഭ നടപടികൾ പ്രതിഷേധത്തിൽ മുങ്ങുകയും പിന്നീട് 12 മണിവരെ നിർത്തിവെക്കുകയും ചെയ്തു. രാജ്യസഭയും പലവട്ടം നിർത്തിവെക്കേണ്ടി വന്നു. ജന്തർ മന്തറിൽ ജൂലൈ 20ന് വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിക്കെതിരെയും രാമക്ഷേത്ര സംഭാവന വിവാദത്തിലും പ്രതിപക്ഷ എംപിമാർ പാർലമെന്റിലെ പ്രധാന കവാടത്തിന് മുന്നിൽ പ്രതിഷേധം നടത്തി.
പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭയിൽ പരിഗണിക്കാനിരുന്ന എംഎസ്എംഇ വികസന ഭേദഗതി ബിൽ 2026, കാശ്മീരി പണ്ഡിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട സ്വകാര്യ ബിൽ, മത്സ്യത്തൊഴിലാളികൾക്കായുള്ള ക്ഷേമ ബോർഡ് ബിൽ, റൂഹുള്ള മെഹ്ദിയുടെ ജമ്മു-കാശ്മീർ നിയമഭേദഗതി ബിൽ എന്നിവ ചര്‍ച്ചയ്ക്ക് എടുക്കാനായില്ല.
നികുതി ഭേദഗതി ബില്ലിനെതിരെ രംഗത്തെത്തിയ എസ്പി എംപി രാം ഗോപാൽ യാദവ്, ജനങ്ങൾക്ക് ഗുണം ചെയ്യുന്നതിനേക്കാൾ പണം ശേഖരിക്കലാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോപിച്ചു. അസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ് ആർഎസ്എസ്–ബിജെപി നിലപാടുകളെയും വിമർശിച്ചു.









0 comments