എതിര്‍പ്പ് തുടരും; മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെതിരെ നിലപാട് വ്യക്തമാക്കി ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ലോക്സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം സംബന്ധിച്ച ബില്ലിനെതിരായ കൂട്ടായ്മയിൽ നിന്നും ഡിഎംകെ പിന്നോക്കം പോകുന്നതായുള്ള കോലാഹലങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി ഉദയനിധി സ്റ്റാലിൻ.
നിഗൂഡ ലക്ഷ്യങ്ങളുമായി ബിജെപി മുന്നണി കൊണ്ടുവരുന്ന മണ്ഡല പുനര്‍നിര്‍ണയ (Delimitation) ബില്ലിനെതിരായ നിലപാടിൽ മാറ്റമില്ലെന്ന് ഡിഎംകെ നേതാവും തമിഴ്നാട് പ്രതിപക്ഷ നേതാവുമായി ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. പാര്‍ടി തുടക്കം മുതലേ ഈ നീക്കത്തെ എതിര്‍ത്തിട്ടുണ്ട്. തുടര്‍ന്നും എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ സമഗ്രമായ ചർച്ചകൾക്കായി തമിഴ്‌നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ വിജയ് സംസ്ഥാനത്തു നിന്നുള്ള എംപിമാരുടെ പ്രത്യേക യോഗം വിളിച്ചുചേർത്തിരിക്കയാണ്. ഡിഎംകെ നിലപാട് ദേശീയ തലത്തിലും വലിയ ചര്‍ച്ചകൾ ഉയര്‍ത്തി. ഇതിനിടയിലാണ് നിലപാട് മാറ്റം സംബന്ധിച്ച ചര്‍ച്ചകൾ തള്ളി ഉദയനിധി രംഗത്ത് എത്തിയത്.
ചര്‍ച്ചകൾ മുന്നേറിയത്
1971-ലെ സെൻസസ് മാനദണ്ഡമാക്കുക, സീറ്റുകളിൽ 50% വർധനവ് ഉറപ്പാക്കുക, സംസ്ഥാനങ്ങൾക്ക് പുതിയതായി തിരിച്ചു ലഭിക്കുന്ന സീറ്റുകളുടെ വ്യക്തമായ പട്ടിക ഉൾപ്പെടുത്തുക, അടുത്ത 25 വർഷത്തേക്ക് 1971-ലെ സെൻസസ് അടിസ്ഥാനമാക്കി മാത്രമേ മണ്ഡലങ്ങൾ പുനർനിർണയിക്കാവൂ, എന്നീ ഉപാധികൾ ഡിഎംകെ മുന്നോട്ട് വെച്ചതായി വാര്‍ത്തകൾ വന്നിരുന്നു. ഇവയുടെ അടിസ്ഥാനത്തിൽ ബില്ലിനെ പിന്തുണച്ചേക്കുമെന്നും പറഞ്ഞു. ഡിഎംകെയുടെ പിന്തുണ ഈ ബില്ല് പാര്‍ലമെന്റ് കടത്തുന്നതിൽ എൻഡിഎ മുന്നണിക്ക് വലിയ താങ്ങാവുമായിരുന്നു. ഈ സാഹചര്യത്തിൽ വാര്‍ത്ത വന്നത് അഭിപ്രയാ രൂപീകരണത്തിനുള്ള ശ്രമമാണെന്നും വിമര്‍ശനങ്ങൾ ഉണ്ടായി.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ഡിഎംകെ ബന്ധം വേർപെടുത്തി വിജയ്‌യുടെ ടിവികെയെ പിന്തുണച്ചു. ഇതോടെ ഭരണം ടിവികെ നേടി. ഇതിന് പിന്നാലെ ഡിഎംകെ ഇന്ത്യ മുന്നണിയിൽ നിന്ന് പുറത്തുപോയി. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഡിഎംകെയുടെ ബില്ലിന്റെ കാര്യത്തിലുള്ള നിപലാട് മാറ്റം വാര്‍ത്തകളിൽ സാവകാശം ഉയര്‍ത്തിക്കൊണ്ടുവന്നത്.
നിലവിൽ തമിഴ്‌നാട്ടിൽ നിന്നും ഏറ്റവും കൂടുതൽ എംപിമാരുള്ള ഡിഎംകെയുടെ നിലപാട് നിര്‍ണായകമാണ്. ലോക്‌സഭയിൽ 22, രാജ്യസഭയിൽ എട്ട് എന്നിങ്ങനെയാണ് അവരുടെ അംഗബലം.









0 comments