ad
Deshabhimani

പ്രവചനങ്ങൾക്കപ്പുറം മാറുന്ന മൺസൂൺ

monsoon ai image
avatar
ഡോ. എസ്‌ അഭിലാഷ്‌

Published on Aug 07, 2026, 03:19 PM | 3 min read

ഇന്ത്യൻ മൺസൂണിന്റെ മാറുന്ന സ്വഭാവം കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യക്തമായ പ്രതിഫലനങ്ങളിലൊന്നാണ്. ഇന്ന് മഴയുടെ അളവിനേക്കാൾ അതിന്റെ സ്വഭാവമാണ് മാറിക്കൊണ്ടിരിക്കുന്നത്. വിശാലതലത്തിലുള്ള മൺസൂൺ വായു ചംക്രമണം ദുർബലമാകുന്നതോടെ മഴയുള്ള ദിവസങ്ങൾ കുറയുകയും വരണ്ട ഇടവേളകൾ നീളുകയും ചെയ്യുന്നു. എന്നാൽ അതേസമയം, ആഗോളതാപനംമൂലം സമുദ്രങ്ങളും അന്തരീക്ഷവും കൂടുതൽ ചൂടാകുന്നതിനാൽ ചെറിയ പ്രദേശങ്ങളിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അതിശക്തമായ മഴ പെയ്യുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്.

ഇതുമൂലമാണ് എൽനിനോ വർഷങ്ങളിൽപോലും ഗുജറാത്ത്, അസം, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ റെക്കോഡ് മഴയും ഗുരുതരമായ വെള്ളപ്പൊക്കവും അനുഭവപ്പെടുന്നത്.


കാലവർഷം കുറഞ്ഞാലും തീവ്രമഴ


അഖിലേന്ത്യാതലത്തിൽ കാലവർഷമഴ കുറയുന്നു എന്നതുകൊണ്ട് അതിതീവ്ര മഴയുടെ സാധ്യത ഇല്ലാതാകുന്നില്ല എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ കാലാവസ്ഥാ യാഥാർഥ്യം. കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സജീവമായ മഴക്കാലഘട്ടങ്ങൾ (Active Rain Spells) ഒരൊറ്റ കാലാവസ്ഥാ സംവിധാനത്തിന്റെ ഫലമല്ല; മറിച്ച് ആഗോള, പ്രാദേശിക, പ്രാദേശികതല അന്തരീക്ഷ പ്രക്രിയകൾ ഒരേസമയം അനുകൂലമാകുന്നതിന്റെ ഫലമാണ്. ആഗോള മഴ പാത്തി എന്നറിയപ്പെടുന്ന മാഡൻ–ജൂലിയൻ ഓസിലേഷൻ (MJO)ന്റെ സജീവഘട്ടം ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലെ സംവഹന പ്രവർത്തനങ്ങൾ ശക്തമാക്കുകയും തെക്കുപടിഞ്ഞാറൻ മൺസൂൺ കൂടുതൽ സജീവമാക്കുകയും ചെയ്യുന്നു. ഇതോടൊപ്പം, കേരളതീരത്തിനൊപ്പമുള്ള ഓഫ്‌ഷോർ ട്രഫ് -ന്യൂനമർദ പാത്തി (Offshore Trough), ഉത്തരേന്ത്യയിലൂടെയുള്ള മൺസൂൺ ട്രഫ് -മൺസൂൺ മഴ പാത്തി (Monsoon Trough), അതിനോടനുബന്ധിച്ച് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദങ്ങളും തീവ്രന്യൂനമർദങ്ങളും അറബിക്കടലിൽനിന്ന് കേരളത്തിലേക്ക് ഈർപ്പസമ്പന്നമായ കാറ്റിന്റെ ഒഴുക്ക് ഗണ്യമായി വർധിപ്പിക്കുന്നു.


പസഫിക്കിലെ ടൈഫൂണുകളും


ചില സന്ദർഭങ്ങളിൽ പടിഞ്ഞാറൻ പസഫിക്കിൽ രൂപപ്പെടുന്ന ശക്തമായ ടൈഫൂണുകളും (Typhoons) വലിയ തോതിലുള്ള അന്തരീക്ഷ ചംക്രമണത്തിൽ മാറ്റംവരുത്തി ഇന്ത്യൻ മൺസൂണിനെ പരോക്ഷമായി ശക്തിപ്പെടുത്താറുണ്ട്. ഇതിനൊപ്പം ചൂടുപിടിച്ച അറബിക്കടലും പശ്ചിമഘട്ടത്തിന്റെ ഭൂപ്രകൃതിയും ഈർപ്പമുള്ള കാറ്റിനെ ഉയർത്തി ശക്തമായ മഴമേഘങ്ങളുടെ രൂപീകരണത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. ആഗോളതാപനത്തിന്റെ പശ്ചാത്തലത്തിൽ അന്തരീക്ഷത്തിൽ കൂടുതൽ ജലബാഷ്പം ലഭ്യമാകുന്നതിനാൽ ഇത്തരം സജീവ മൺസൂൺ ഘട്ടങ്ങളിൽ അതിതീവ്ര മഴയുടെ സാധ്യത വർധിക്കുന്നു. അതിനാൽ ഇന്ന് കേരളത്തിൽ സജീവമായ മൺസൂൺ ഘട്ടങ്ങളിൽ അതിശക്തമായ മഴ, മിന്നൽ പ്രളയങ്ങൾ, നഗരവെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിവ മൺസൂണിന്റെ സജീവ കാലഘട്ടത്തിലെ സാധാരണ സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്.


മഴയളവുമാത്രം നോക്കിയാൽ പോര


കേരളത്തിൽ സാഹചര്യം കൂടുതൽ ഗുരുതരമാണ്. പശ്ചിമഘട്ടത്തിന്റെ ഭൂപ്രകൃതി, കുത്തനെയുള്ള ചരിവുകൾ, ചൂടുപിടിച്ച അറബിക്കടൽ, നഗരവൽക്കരണം, തണ്ണീർത്തടങ്ങളുടെ നാശം, നദീതട കൈയേറ്റങ്ങൾ എന്നിവ ഒരുമിച്ചുചേരുമ്പോൾ അതിശക്തമായ മഴ വളരെ വേഗത്തിൽ മിന്നൽ പ്രളയങ്ങളായും നഗരവെള്ളപ്പൊക്കങ്ങളായും ഉരുൾപൊട്ടലുകളായും മാറുന്നു. അതിനാൽ മഴയുടെ അളവുമാത്രം നോക്കി അപകടസാധ്യത വിലയിരുത്തുന്ന സമീപനം ഇനി പര്യാപ്തമല്ല.


ലോകമെമ്പാടും കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ മെച്ചപ്പെട്ടതോടെ ദുരന്തങ്ങളിലെ മരണനിരക്ക് കുറഞ്ഞെങ്കിലും സാമ്പത്തിക നഷ്ടങ്ങൾ തുടർച്ചയായി വർധിക്കുകയാണ്. അതിനാൽ കേരളത്തിനും ദുരന്തനിവാരണ രംഗത്ത് ഭാവിയിലേക്ക്‌ ഒരു പുതിയ സമീപനം അനിവാര്യമാണ്. ജില്ലാതല മുന്നറിയിപ്പുകളിൽനിന്ന് പ്രാദേശികവും ജനകീയവും ആഘാതാധിഷ്ഠിതവുമായ (Impact -Based) ബഹുദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളിലേക്കാണ് മാറണം. മഴ എത്ര ലഭിക്കും എന്നതിലുപരി, ഏത് പ്രദേശത്താണ് വെള്ളപ്പൊക്ക സാധ്യത, എവിടെയാണ് ഉരുൾപൊട്ടൽ ഭീഷണി, ആരാണ് കൂടുതൽ അപകടസാധ്യത നേരിടുന്നത്, എന്ത് മുൻകരുതലാണ് സ്വീകരിക്കേണ്ടത് എന്നീ വിവരങ്ങളാണ് ജനങ്ങളിലേക്ക് എത്തേണ്ടത്.


ഔദ്യോഗിക സംവിധാനങ്ങൾക്കപ്പുറം രൂപപ്പെട്ട സമൂഹാധിഷ്ഠിത കാലാവസ്ഥാ നിരീക്ഷണ പ്രവർത്തനങ്ങൾ ഈ രംഗത്ത് പ്രതീക്ഷ നൽകുന്ന മാതൃകകളാണ്. മീനച്ചിൽ, ചാലക്കുടി, ചാലിയാർ നദീതടങ്ങളിലും വയനാട്ടിലെ ഹ്യൂം സെന്ററിന്റെ നേതൃത്വത്തിലുള്ള കർഷക കൂട്ടായ്മകളിലും മഴയും ജലനിരപ്പും നിരീക്ഷിച്ച് പ്രാദേശിക ആവശ്യങ്ങൾക്ക് അനുയോജ്യമായ മുന്നറിയിപ്പുകൾ നൽകുന്ന സംവിധാനങ്ങൾ ശാസ്ത്രീയ അറിവും പ്രാദേശിക അനുഭവജ്ഞാനവും സംയോജിപ്പിക്കുന്ന മാതൃകകളാണ്.


കാലാവസ്ഥാ നീതി


കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ മറികടക്കാൻ ​സാങ്കേതികവിദ്യ മാത്രം മതിയാകില്ല. വനങ്ങൾ, തണ്ണീർത്തടങ്ങൾ, നദികൾ, വെള്ളപ്പൊക്ക സമതലങ്ങൾ എന്നിവ സംരക്ഷിക്കുകയും പ്രകൃതിദത്ത ആവാസവ്യവസ്ഥകൾ പുനഃസ്ഥാപിക്കുകയും ചെയ്യുന്ന പരിസ്ഥിതി അധിഷ്ഠിത സമീപനങ്ങൾ അത്രതന്നെ പ്രധാനമാണ്. അതോടൊപ്പം കാലാവസ്ഥാ നീതിയും സാമൂഹിക സമത്വവും ഉറപ്പാക്കുന്ന വികസന നയങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. കാരണം കാലാവസ്ഥാ വ്യതിയാനത്തിന് ഏറ്റവും കുറവ് ഉത്തരവാദികളായ സമൂഹങ്ങളാണ് അതിന്റെ ഏറ്റവും വലിയ ആഘാതം അനുഭവിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ആഗോള പ്രതിഭാസമാണെങ്കിലും അതിന്റെ പരിഹാരങ്ങൾ പ്രാദേശികമാണ്. ശാസ്ത്രീയ പ്രവചനങ്ങൾ, തത്സമയ നിരീക്ഷണം, പ്രകൃതി സംരക്ഷണം, സമൂഹപങ്കാളിത്തം, വികേന്ദ്രീകൃത ഭരണസംവിധാനം എന്നിവയെ ഒരുമിപ്പിച്ചാൽ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ ഫലപ്രദമായി നേരിടാനും കൂടുതൽ പ്രതിരോധശേഷിയുള്ള ഒരു സമൂഹം സൃഷ്ടിക്കാനും കഴിയൂ.

(കുസാറ്റ് റഡാർ റിസർച്ച് സെന്റർ ഡയറക്ടറാണ് ലേഖകൻ)




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home