ചെന്നായ്ക്കളെ പോലെ ചാടിക്കയറി വിദ്യാർഥികളെ മർദിച്ചത് ആർക്കുവേണ്ടി: പൊലീസ് നരനായാട്ടിനെതിരെ ബിനോയ് വിശ്വം

ബിനോയ് വിശ്വം മാധ്യമങ്ങളെ കാണുന്നു
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിശന്നുനടക്കുന്ന ചെന്നായ്ക്കളെ പോലെ ചാടിക്കയറി വിദ്യാർഥികളെ അടിച്ചൊതുക്കാനുള്ള നീക്കത്തിന് ഉത്തരവിട്ടത് ആർക്കുവേണ്ടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഹോസ്റ്റലിലെത്തി പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ വിദ്യാർഥികളെ കാണുകയായിരുന്നു അദേഹം. ആരാണ് ഈ നീക്കത്തിന് ഉത്തരവിട്ടതെന്നും അദേഹം ചോദിച്ചു.
വിദ്യാർഥികൾ നാടിന്റെ ഭാവിയാണ്. പഠിക്കുന്നവരാണ്, അവരെയാണ് ലാത്തികൊണ്ടും കല്ലുകൊണ്ടും മർദിച്ചത്. ഇത് കേരളം പൊറുക്കില്ല. ഇതാണോ സർക്കാർ പൊലീസ് നയം. മുഖ്യമന്ത്രി അടിയന്തരമായി മറുപടി പറയണം. ബിജെപിക്കെതിരെയുള്ള യൂത്ത് കോൺഗ്രസ് പ്രകടനം എന്നാണ് കോൺഗ്രസ് പറയുന്നത്. എന്നാൽ ഇരകളായത് എസ്എഫ്ഐ പ്രവർത്തകരും. അവരെ ആക്രമിച്ചത് കോൺഗ്രസ്-ബിജെപി ബന്ധത്തിന്റെ കേരളത്തിലെ നാണംകെട്ട അധ്യായങ്ങൾ മറച്ചുവെയ്ക്കാൻ വേണ്ടിയാണെന്ന് അദേഹം പറഞ്ഞു.
ബിജെപിയെ പ്രീതിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ പോകാൻ സമ്മതിക്കില്ല. എല്ലാ ഇടതുപക്ഷ ശക്തികളും ഒറ്റക്കെട്ടായി വിദ്യാർഥി വേട്ടയെ ചെറുക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. യൂത്ത് കോൺഗ്രസ് മാർച്ചിലുണ്ടായ സംഘർഷത്തിൽ തർക്കപരിഹാരത്തിനായെന്ന പേരിൽ ഹോസ്റ്റൽ കോമ്പൗണ്ടിനുള്ളിലേക്കെത്തിയ പൊലീസ് എസ്എഫ്ഐ വിദ്യാർഥികൾക്ക് നേരെ പ്രകോപനമില്ലാതെ ലാത്തി ചാർജ് നടത്തുകയായിരുന്നു.
അതിക്രൂര മർദനത്തിൽ വിദ്യർഥികളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഷാഫി പറമ്പിൽ എം പി യുടെ നേതൃത്വത്തിൽ നടന്ന മാർച്ചിലാണ് വ്യാപക അക്രമം നടന്നത്. മാർച്ച് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിന് മുന്നിലെത്തിയപ്പോഴേക്കും പ്രവർത്തകർ തീപ്പന്തം ഹോസ്റ്റലിന് അകത്തേക്ക് എറിയുകയായിരുന്നു. തുടർന്നാണ് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്.









0 comments