യുഡിഎഫിന്റേത് ക്ഷേമ പെൻഷൻ ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമം: എം വി ഗോവിന്ദൻ

തിരുവനന്തപുരം: ക്ഷേമപെൻഷൻ അട്ടിമറിക്കാനുള്ള ബോധ പൂർവമായ ശ്രമമാണ് യുഡിഎഫ് സർക്കാർ നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ക്ഷേമ പെൻഷനുകൾ വീട്ടിലെത്തിച്ച് നൽകേണ്ടതില്ലെന തീരുമാനം, ക്ഷേമപ്രവർത്തനങ്ങളിൽ നിന്നുള്ള പിന്മാറ്റമായി വേണം കാണാൻ. 62 ലക്ഷം പാവപ്പെട്ടവ മനുഷ്യരുടെ ആശാ കേന്ദ്രമാണ് ക്ഷേമ പെൻഷൻ. ഈ ഉത്തരവ് സർക്കാർ അടിയന്തിരമായി പിൻവലിച്ചില്ലെങ്കില്‍ ജനങ്ങളെയും നിരത്തി വലിയ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
1980ൽ നായനാർ സർക്കാരാണ് സാമൂഹ്യക്ഷേമ പെൻഷൻ നടപ്പാക്കുന്നത്. അന്ന് മാസം 45 രൂപ പെൻഷൻ പ്രഖ്യാപിച്ച് നടപ്പാക്കി. അതാണ് ഇപ്പോൾ 2000മായി എത്തി നിൽക്കുന്നത്. 45 രൂപ പെൻഷൻ കൊടുക്കുമ്പോൾ അന്നത്തെ പ്രതിപക്ഷ നേതാവ് കെ കരുണാകരൻ പറഞ്ഞത് ഈ സമ്പ്രദായം പ്രത്യുൽപ്പാദനപരമല്ലെന്നാണ്. കോൺഗ്രസും യുഡിഎഫും കർഷകതൊഴിലാളി അടക്കമുള്ള ജനങ്ങൾക്ക് പെൻഷൻ നൽകുന്നതിന് എന്നും എതിരായിരുന്നു.
2016ൽ യുഡിഎഫ് സർക്കാർ അധികാരമൊഴിയുമ്പോൾ പെൻഷൻ 18 മാസം കുടിശ്ശികയായിരുന്നു. 2016ൽ അധികാരത്തിൽവന്ന എൽഡിഎഫ് സർക്കാർ കുടിശ്ശിക പൂർണമായും കൊടുത്തുതീർത്തു. 2016നും 2024നും ഇടയിൽ പെൻഷൻ വിവിധ ഘട്ടങ്ങളിലായി വർധിപ്പിച്ചു. യുഡിഎഫ് 3000 കൊടുക്കുമെന്നാണ് പറഞ്ഞത്. നടപ്പിലാക്കാനല്ല പറയുന്നതെന്ന് എല്ലാവർക്കും അറിയാം. ഇപ്പോൾ ഉള്ള പെൻഷൻ തന്നെ ഇല്ലാതാക്കാനുള്ള അതി ശക്തമായ നടപടികളാണ് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.









0 comments