പരിക്ക്; ശ്രീലങ്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിൽ ഗിൽ ഇറങ്ങിയില്ല

കൊളംബോ: ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് പരിശീലനത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ശ്രീലങ്ക ഇലവൺ എതിരായ മൂന്ന് ദിവസത്തെ സന്നാഹ മത്സരത്തിന്റെ ആദ്യ ദിനത്തിൽ കളിക്കാൻ ഇറങ്ങിയില്ല. കൊളംബോയിലെ നോൺഡെസ്ക്രിപ്റ്റ്സ് ക്രിക്കറ്റ് ക്ലബ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
വ്യാഴാഴ്ച നടന്ന പരിശീലനത്തിനിടെ ഗില്ലിന്റെ വലത് കൈയിലെ മോതിരവിരലിന് പരിക്കേറ്റതായി ബിസിസിഐ അറിയിച്ചു. പേസ് ബൗളർ ഗുർനൂർ ബ്രാറിന്റെ പന്ത് നേരിടുന്നതിനിടെയാണ് ശുഭ്മൻ ഗില്ലിന്റെ വലതുകൈയിലെ മോതിരവിരലിൽ പന്ത് തട്ടിയത്.
തുടർന്ന് ഫിസിയോയുടെ സഹായം തേടിയ ഗിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ബാറ്റിംഗ് തുടരുകയായിരുന്നു. എന്നാൽ പിന്നീട് സ്ലിപ്പ് പൊസിഷനിൽ ഫീൽഡ് ചെയ്യുന്നതിനിടെ അതേ വിരലിൽ വീണ്ടും പന്ത് തട്ടിയതോടെ പരിക്ക് കൂടുതൽ ഗുരുതരമായി.
മുൻകരുതൽ നടപടിയായാണ് ആദ്യ ദിനത്തിലെ കളിയിൽ നിന്ന് അദ്ദേഹത്തെ മാറ്റിനിർത്തുന്നതെന്നും മെഡിക്കൽ സംഘം താരത്തെ നിരീക്ഷിച്ചുവരികയാണെന്നും ബിസിസിഐ വ്യക്തമാക്കി.
ഗില്ലിന്റെ അഭാവത്തിൽ സന്നാഹ മത്സരത്തിലെ ആദ്യ ദിനം കെ എൽ രാഹുലിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത് . അവസാനം വിവരം ലഭിക്കുമ്പോൾ ശ്രീലങ്ക 35 ഓവറിൽ 161 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്
ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 ന് ഗാലെയിൽ ആരംഭിക്കും. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 ന് കൊളംബോയിലാണ് നടക്കുക.










0 comments