കുതിരാൻ തുരങ്കത്തിന് മുകളിൽ നേരിയ മണ്ണിടിച്ചിൽ; സ്ഥിതിഗതികൾ വിലയിരുത്തി അധികൃതർ

തൃശൂർ: പാലക്കാട്-തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാതയിലെ കുതിരാൻ ഇരട്ട തുരങ്കത്തിന് മുകളിൽ നേരിയ തോതിൽ മണ്ണിടിച്ചിൽ. പടിഞ്ഞാറൻ തുരങ്കമുഖത്തിന് മുകളിലായി രണ്ട് ഭാഗങ്ങളിലാണ് കുന്നിടിഞ്ഞ് മണ്ണും കല്ലുകളും താഴേക്ക് പതിച്ചത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹൈവേ പട്രോളിങ് സംഘം ഉടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനും സ്ഥലത്തെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
തുടർച്ചയായ മഴ തുടരുന്ന സാഹചര്യത്തിൽ തുരങ്കത്തിന് മുകളിലെ മണ്ണും മരങ്ങളും ഇനിയും താഴേക്ക് പതിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ നിലവിൽ തുരങ്കത്തിലൂടെയുള്ള ഗതാഗതം തടയേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഉന്നതതല പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും കളക്ടർ വ്യക്തമാക്കി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നാഷണൽ ഹൈവേ അതോറിറ്റി അറിയിച്ചതെന്നും അവർ പറഞ്ഞു.
അതേസമയം, സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സിപിഐ നേതാവ് കെ രാജനും പ്രതികരിച്ചു. തുരങ്കത്തിന് മുകളിൽ പരിശോധന നടത്തി നീർച്ചാലുകൾക്ക് തടസ്സമുണ്ടോ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.










0 comments