ദളിത് യുവതിക്ക് പീഡനം: കോൺഗ്രസ് കൗൺസിലർ അയോഗ്യനാകും

ഷാഫി പറമ്പിലിനൊപ്പം പ്രശോഭ് സി വത്സന്‍ (ഇടത്), പ്രശോഭ് സി വത്സന്‍ (വലത്)
കൊച്ചി: ജോലി വാഗ്‌ദാനംചെയ്‌ത് ദളിത് യുവതിയെ പീഡിപ്പിച്ച പാലക്കാട് നഗരസഭാ കൗൺസിലറും കോൺഗ്രസ് നേതാവുമായ പ്രശോഭ് സി വത്സനെ അയോഗ്യനാകാൻ സാധ്യത. വ്യക്തമായ കാരണമില്ലാതെ മൂന്ന് മാസം തുടർച്ചയായി കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തില്ലെങ്കിൽ അയോഗ്യനാകും. മാർച്ച് മുതൽ പ്രശോഭ് കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തിട്ടില്ല.
മെയ് 27 ന് പൊലീസിൽ കീഴടങ്ങി 15 ദിവസമായി റിമാന്റിലാണ്. അന്നുമുതൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന പ്രശോഭിനെ സഹായിക്കാൻ ബിജെപി ഭരണസമിതി യോഗം ബോധപൂർവം നീട്ടിവച്ചിരുന്നു. വലിയ പ്രതിഷേധം ഉയർന്നതോടെയാണ് മെയ് അവസാനം സാധാരണ യോഗം വിളിച്ചത്.
ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിക്കാൻ പാലക്കാട്ടെത്തിയ യുവതിയെ സൗഹൃദം സ്ഥാപിച്ച് താമസസ്ഥലത്തും കാറിലും പിന്നീട് ഹോട്ടലിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. എംപിമാരായ വി കെ ശ്രീക്‌ണ്‌ഠൻ, ഷാഫി പറമ്പിൽ, അന്നത്തെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുമായി അടുത്ത ബന്ധമുള്ള പ്രശോഭ്, ഇവരുമായി നിൽക്കുന്ന ചിത്രങ്ങൾ കാണിച്ചാണ് ജോലി വാഗ്‌ദാനം ചെയ്യുകയും തുടർന്ന് വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്‌തതെന്നാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് യുവതി പരാതി നൽകിയത്.
ഗർഭിണിയായപ്പോൾ ഗർഭഛിദ്ര മരുന്ന് കഴിക്കാൻ നിർബന്ധിച്ചു. നഗരസഭയിലെ 24 –ാം വാർഡ് കൗൺസിലറാണ് പ്രശോഭ്. ബിഎൻഎസ്സിലെയും പട്ടികജാതി-, പട്ടികവർഗ പീഡന നിരോധന നിയമത്തിലെയും വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിൽമോചിതനായി പാലക്കാട്ട് വന്നപ്പോൾ സ്വീകരണമൊരുക്കിയത് പ്രശോഭാണ്.










0 comments