കേസ് ഒതുക്കാൻ മൂന്നുകോടി, ഡൽഹി ക്രൈബ്രാഞ്ച് ഇൻസ്പെക്ടര്‍ അറസ്റ്റിൽ

ന്യൂഡൽഹി: കേസ് ഒതുക്കാൻ മൂന്ന് കോടി രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഡൽഹി പോലീസ് ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടറെ സിബിഐ അറസ്റ്റ് ചെയ്തു. പുതുച്ചേരി സ്വദേശിയായ ഒരു വ്യവസായിക്കെതിരെയുള്ള വ്യാജ മരുന്ന് നിർമ്മാണ കേസ് അട്ടിമറിക്കാൻ വേണ്ടിയാണ് ഈ തുക ആവശ്യപ്പെട്ടത്.
ഡൽഹി പോലീസ് ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ പ്രദീപ് സിംഗ്, ഇടനിലക്കാരനായ രാജ്കുമാർ എന്നിവരെയാണ് സിബിഐ കെണിയൊരുക്കി പിടികൂടിയത്. ഇവരിൽ നിന്ന് 24.70 ലക്ഷം രൂപ പിടിച്ചെടുത്തു.
വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള ഡിജിസിഎ റീജണൽ ഡയറക്ടറായ ഒരു ഉന്നത ഉദ്യോഗസ്ഥനും ഒരു കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഈ കേസിൽ സിബിഐ നിരീക്ഷണത്തിലാണ്.
വ്യവസായിയായ രാജ ഹവാല ഇടപാടിലൂടെ ആദ്യപടിയായി ഒരു കോടി രൂപ സംഘടിപ്പിച്ച് ഇൻസ്പെക്ടർ പ്രദീപ് സിംഗിന് നൽകി. പ്രദീപ് സിംഗ് ഈ തുകയിൽ നിന്ന് 50 ലക്ഷം രൂപ ഡിജിസിഎ ഉദ്യോഗസ്ഥന്റെ ആളായ പ്രഭാത് എന്ന മറ്റൊരു ഇടനിലക്കാരന് കൈമാറി. ബാക്കി വന്ന 25 ലക്ഷം രൂപ ഇൻസ്പെക്ടർ തന്റെ ഓഫീസിൽ സൂക്ഷിച്ചു എന്നിങ്ങനെയാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. മറ്റു പ്രതികളുടെയും അറസ്റ്റ് ഉടനുണ്ടാവും.









0 comments