ad
Deshabhimani

കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം; മാനന്തവാടി സ്വദേശിക്ക് ജീവൻനഷ്ടമായി

wild elephant
വെബ് ഡെസ്ക്

Published on Jun 10, 2026, 02:10 PM | 1 min read

മാനന്തവാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വീണ്ടും മരണം. കാട്ടിക്കുളം പുളിമൂട്‌കുന്ന്‌ മിച്ചഭൂമിയിലെ രാജുവാണ്‌ (65) കൊല്ലപ്പെട്ടത്‌. ബുധൻ രാവിലെ പത്തോടെയാണ്‌ കാട്ടാന ആക്രമിച്ചത്‌. ഗുരുതര പരിക്കേറ്റ്‌ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജു പകൽ രണ്ടോടെയാണ്‌ മരിച്ചത്‌.


ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ വനപാലകരുടെ നേതൃത്വത്തിൽ തുരത്തുന്നതിനിടെയാണ്‌ തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന രാജുവിനെ ആക്രമിച്ചത്‌. കഴിഞ്ഞ 26ന്‌ മേപ്പാടി കള്ളാടിയിൽ യുവതി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഭർത്താവിനൊപ്പം മേപ്പാടി–ചൂരൽമല റോഡിൽ സ്‌കൂട്ടറിൽ യാത്ര ചെയ്യുന്പോഴായിരുന്നു ആക്രമിച്ചത്‌. 16 ദിവസത്തിനിടെ ജില്ലയിൽ രണ്ടുപേരുടെ ജീവനാണ്‌ കാട്ടാനയെടുത്തത്‌.


അതേസമയം മൂന്നാഴ്‌ചയ്‌ക്കുള്ളിൽ ആറുപേരാണ്‌ സംസ്ഥാനത്ത്‌ കാട്ടാന ആക്രമണത്തിൽ മരിച്ചത്‌. വന്യജീവി ആക്രമണത്തിൽ മരണം തുടർക്കഥയാകുമ്പോഴും കേന്ദ്ര വനം–വന്യജീവി നിയമം ഭേദഗതി ചെയ്യുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് മിണ്ടാട്ടമില്ല. ഓരോ മരണം ഉണ്ടാകുമ്പോഴും പ്രശ്‌നത്തിൽ ഒറ്റമൂലിയില്ലെന്നും രണ്ടുവർഷത്തിനുള്ളിൽ ശാശ്വത പരിഹാരം കാണുമെന്നും പറഞ്ഞ്‌ മലക്കം മറിയുകയാണ്‌ മന്ത്രി.


കഴിഞ്ഞ എൽഡിഎഫ്‌ മന്ത്രിസഭ അംഗീകാരം നൽകിയ വന്യജീവി സംരക്ഷണനിയമ ഭേദഗതിയുടെ കരട്‌ ബിൽ ഗവർണർ ഒപ്പിട്ടശേഷം രാഷ്‌ട്രപതിയുടെ അനുമതിക്ക്‌ സമർപ്പിച്ചിരുന്നു. ജനവാസമേഖലയിലിറങ്ങി ആളുകളെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ ഉടൻ വെടിവച്ചു കൊല്ലാൻ ഉത്തരവിടുന്നതിന്‌ ചീഫ്‌ വൈൽഡ്‌ ലൈഫ്‌ വാർഡന്‌ അധികാരം നൽകുന്നതായിരുന്നു ഭേദഗതി.കേന്ദ്രനിയമത്തിലെ അപ്രായോഗികവും കാലതാമസം വരുത്തുന്നതുമായ നടപടിക്രമം ഇതോടെ ഒഴിവാക്കപ്പെടും. പട്ടിക രണ്ടിലെ വന്യമൃഗങ്ങളുടെ എണ്ണം വർധിച്ചാൽ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ സംസ്ഥാനസർക്കാരിന്‌ അധികാരം നൽകുന്ന വ്യവസ്ഥ ബില്ലിലുണ്ട്‌. ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ ഇവയെ കർഷകന്‌ കൊല്ലാം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home