ഒപി ടിക്കറ്റ് നൽകാൻ ആളില്ല, ഡോക്ടർ ഒരാൾ മാത്രം; സർക്കാർ ആശുപത്രിയിൽ രോഗികളുടെ ദുരിതം

കാസർഗോഡ്: കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സാ സൗകര്യക്കുറവിനെതിരെ രോഗികളും ബന്ധുക്കളും പ്രതിഷേധവുമായി രംഗത്തെത്തി. ഒപി സമയം രണ്ടുമണിവരെ ഉണ്ടെന്നിരിക്കെ ഒപി ടിക്കറ്റ് വിതരണം ചെയ്യുന്ന ജീവനക്കാരൻ കല്യാണത്തിൽ പങ്കെടുക്കാൻ നേരത്തെ പോയതോടെ നിരവധി രോഗികൾക്ക് ബുദ്ധിമുട്ടുണ്ടായെന്നാണ് ആരോപണം.
ആശുപത്രിയിൽ ഏകദേശം അൻപതോളം രോഗികൾ കാത്തിരിക്കുകയായിരുന്നുവെന്നും, അതിനിടെ കിടത്തി ചികിത്സയിലുള്ളവരുടെ എണ്ണവും കൂടുതലായിരുന്നുവെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഒരു ഡോക്ടർ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നതെന്നും കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ചെറിയ കുട്ടികളുമായി ഉൾപ്പെടെ ചികിത്സയ്ക്കായി എത്തിയവർക്ക് ഏറെ നേരം കാത്തിരിക്കേണ്ടി വന്നതായി രോഗികൾ ആരോപിച്ചു. സ്വകാര്യ ആശുപത്രികളിലെ ഉയർന്ന ചികിത്സാചെലവ് കാരണം സർക്കാർ ആശുപത്രികളെയാണ് ആശ്രയിക്കുന്നതെന്നും അവർ പറഞ്ഞു.
നിലവിൽ രണ്ട് നഴ്‌സുമാർ മാത്രമാണ് ഡ്യൂട്ടിയിലുള്ളതെന്നും ഒരു കിടക്കയിൽ രണ്ടുപേർ വരെ കിടക്കേണ്ട സാഹചര്യമുണ്ടെന്നും പറഞ്ഞ പ്രതിഷേധക്കാർ ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു.
ഡോക്ടർമാർ മരുന്ന് നിർദേശിച്ചാലും എല്ലാ മരുന്നുകളും ആശുപത്രിയിൽ ലഭ്യമാകാറില്ലെന്നും അവർ പരാതിപ്പെട്ടു. ആശുപത്രിയിലെ ജീവനക്കാരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പരിഹരിച്ച് രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.










0 comments