ഫുട്ബോൾ മത്സരത്തിനിടെ കത്തിയമർന്ന് സ്പൈഡർകാം ഗ്രൗണ്ടിലേക്ക് വീണു; കളിക്കാരും ക്യാമറാമാനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Photo Credit:Social Media
ഡെബ്രെസൻ: ഹംഗറിയും കസാക്കിസ്ഥാനും തമ്മിൽ ഡെബ്രെസെനിലെ നാഗ്യെർഡെയ് സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിനിടെ സ്പൈഡർകാം തകർന്ന് വീണു. കളിക്കാരും ഒരു ക്യാമറാമാനും വലിയൊരു അപകടത്തിൽ നിന്നാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
ഗ്രൗണ്ടിന് മുകളിൽ ഏതാനും മീറ്റർ ഉയരത്തിൽ തൂങ്ങിക്കിടന്ന ക്യാമറയിൽ നിന്ന് തീയും പുകയും ഉയരുന്നത് ഗാലറിയിലുണ്ടായിരുന്ന ആരാധകരാണ് ആദ്യം ശ്രദ്ധിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ അവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.
എന്നാൽ മൈതാനത്തുണ്ടായിരുന്ന ഒഫീഷ്യലുകൾ ഇതറിയാതെ കളി തുടരുകയായിരുന്നു. ഒടുവിൽ ടച്ച്‌ലൈനിനടുത്ത് നിന്നിരുന്ന ഒരു ക്യാമറാമാന്റെ തൊട്ടരികിലേക്കാണ് (ഏകദേശം രണ്ട് മീറ്റർ മാത്രം അകലെ) ഈ വലിയ ക്യാമറ തകർന്നു വീണത്.
അപകടത്തിൽ ആർക്കും പരിക്കേൽക്കാത്തത് വലിയ ആശ്വാസമായി. ക്യാമറയുടെ അവശിഷ്ടങ്ങൾ മൈതാനത്തുനിന്ന് നീക്കം ചെയ്യുന്നതിനായി മത്സരം കുറച്ചുസമയത്തേക്ക് നിർത്തിവെച്ചു. തുടർന്ന് പുനരാരംഭിച്ച മത്സരത്തിൽ ഹംഗറി 3-1 ന് വിജയം നേടി.
ക്യാപ്റ്റൻ ഡൊമിനിക് സൊബോസ്ലായ്, ആൻഡ്രാസ് ഷാഫർ, രാജ്മണ്ട് തോത് എന്നിവരാണ് ഹംഗറിക്കായി ഗോളുകൾ നേടിയത്. ജൂൺ 11-ന് യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി ആരംഭിക്കുന്ന ഫിഫ ലോകകപ്പിന് ഹംഗറിക്കും കസാക്കിസ്ഥാനും യോഗ്യത നേടിയിരുന്നില്ല










0 comments