ഉന്നതവിദ്യാഭ്യാസ മേഖലയിൽ വീണ്ടും ഗവർണറുടെ കൈകടത്തൽ: ബോർഡ് ഓഫ് ഗവർണേഴ്‌സ് യോഗ തീരുമാനങ്ങൾ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെയും സർവകലാശാലകളെയും അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വീണ്ടും രംഗത്ത്.
ഡിജിറ്റൽ സർവകലാശാല ബോർഡ് ഓഫ് ഗവർണേഴ്‌സ് യോഗം വിളിച്ചുചേർത്തത് ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് യോഗത്തിലെ മുഴുവൻ തീരുമാനങ്ങളും ചാൻസലർ കൂടിയായ ഗവർണർ റദ്ദാക്കി. കാലാവധി കഴിഞ്ഞ ചെയർമാനാണ് യോഗം വിളിച്ചതെന്നാണ് ഗവർണറുടെ വാദം.
യോഗ നടപടികളുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും അടിയന്തരമായി രാജ്ഭവനിൽ എത്തിക്കാൻ വൈസ് ചാൻസലർ ഡോ സജി ഗോപിനാഥിന് ഗവർണർ കർശന നിർദേശം നൽകിയിട്ടുണ്ട്. 2021 നവംബറിലാണ് നിലവിലെ ബോർഡ് ഓഫ് ഗവർണേഴ്‌സ് ചെയർമാൻ പ്രൊഫ വിജയ് ചന്ദ്രു ചുമതലയേറ്റത്.
നിയമപ്രകാരം പ്രൊഫ വിജയ് ചന്ദ്രുവിന്റെ കാലാവധി 2024-ൽ അവസാനിച്ചെന്നും, കാലാവധി കഴിഞ്ഞ ചെയർമാൻ യോഗം വിളിച്ചത് നിയമവിരുദ്ധമാണെന്നുമാണ് രാജ്ഭവന്റെ നിലപാട്. എന്നാൽ ഗവർണറുടെ ഈ വാദം സർവകലാശാല അധികൃതർ തള്ളുന്നു.
ഡിജിറ്റൽ സർവകലാശാലാ നിയമപ്രകാരം ചെയർമാന് പ്രത്യേക കാലാവധി നിശ്ചയിച്ചിട്ടില്ലെന്നാണ് വൈസ് ചാൻസലറുടെ നിലപാട്. സർവകലാശാലാ ചട്ടങ്ങൾ കൃത്യമായി പാലിച്ചാണ് യോഗം ചേർന്നതെന്നും വിസി വ്യക്തമാക്കുന്നു. ഇതിന് പിന്നാലെയാണ് ഫയലുകൾ നേരിട്ട് ഹാജരാക്കാൻ വിസിയോട് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.
സർവകലാശാലയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നയപരമായ തീരുമാനങ്ങൾ എടുത്ത യോഗമാണ് ഗവർണർ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ റദ്ദാക്കിയിരിക്കുന്നത്. അധ്യാപക നിയമനം, അധ്യാപകരുടെ സ്ഥാനക്കയറ്റം തുടങ്ങിയ നിർണായക കാര്യങ്ങളായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ടകൾ.
കൂടാതെ, സർവകലാശാലയുമായി ബന്ധപ്പെട്ട് മുൻപ് ചർച്ചയായ സിഎജി റിപ്പോർട്ടും ഈ യോഗത്തിൽ ചർച്ചയായിരുന്നു. സർവകലാശാലകളുടെ സ്വയംഭരണാധികാരത്തിന്മേൽ ചാൻസലർ പദവി ഉപയോഗിച്ച് ഗവർണർ നടത്തുന്ന തുടർച്ചയായ കടന്നുകയറ്റങ്ങളുടെ ഭാഗമാണ് ഡിജിറ്റൽ സർവകലാശാലയ്‌ക്കെതിരെയുള്ള പുതിയ നീക്കവുമെന്നാണ് വിലയിരുത്തൽ. ഗവർണറുടെ ഏകപക്ഷീയമായ ഈ നടപടിക്കെതിരെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുകയാണ്.










0 comments