ad
Deshabhimani

വീണ്ടും പരിക്ക്, നെയ്-മർ സ‍ൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിലില്ല

ലോകകപ്പിലേക്ക്‌ ഇനി എത്രദൂരം

will neymar play 2026 world cup
വെബ് ഡെസ്ക്

Published on Oct 07, 2025, 12:30 AM | 2 min read

നെയ്‌മർ ബ്രസീലിനായി അവസാനം കളിച്ചത്‌ 2023 ഒക്‌ടോബറിൽ. രണ്ട്‌ വർഷമായി ദേശീയ കുപ്പായത്തിലില്ല. ഈ വർഷം മൂന്നാം തവണയാണ് പരിക്കേൽക്കുന്നത്. നെയ്‌മർ വേണമെന്ന്‌ ബ്രസീലിലെ 48 ശതമാനം ആളുകൾ ആഗ്രഹിക്കുന്നുവെന്നാണ്‌ സർവേ. പക്ഷേ, 41 ശതമാനം പേർക്കും തിരിച്ചുവരേണ്ട.


സാവോപോളോ

നെയ്‌മർ ലോകകപ്പ്‌ കളിക്കുമോ?

ആശങ്കയും ആകാംക്ഷയും നിറഞ്ഞ ചോദ്യം. അമേരിക്കയിലും ക്യാനഡയിലും മെക്‌സിക്കോയിലുമായി നടക്കുന്ന ഫുട്ബോൾ ലോകകപ്പിന്‌ അടുത്ത ജൂണിൽ കൊടിയേറും. നെയ്‌മർ ബ്രസീലിനായി അവസാനം കളിച്ചത്‌ 2023 ഒക്‌ടോബറിൽ. രണ്ട്‌ വർഷമായി ദേശീയ കുപ്പായത്തിലില്ല. പരിശീലകൻ കാർലോ ആൻസെലോട്ടി ഇ‍ൗ മാസം നടക്കുന്ന രണ്ട്‌ സ‍ൗഹൃദ മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ മൂപ്പത്തിമൂന്നുകാരന്റെ പേരില്ല. നവംബറിലെ കളികളിലുമുണ്ടാകില്ല. അടുത്ത വർഷം മാർച്ചിൽ നടക്കുന്ന അവസാനവട്ട തയ്യാറെടുപ്പിൽ നെയ്‌മറെ ആൻസെലോട്ടി എങ്ങനെ ഉൾപ്പെടുത്തുമെന്നാണ്‌ ആശങ്ക.


നാലാം ലോകകപ്പ്‌ കളിക്കാൻ നെയ്‌മർ വേണമെന്ന്‌ ബ്രസീലിലെ 48 ശതമാനം ആളുകൾ ആഗ്രഹിക്കുന്നുവെന്നാണ്‌ സർവേ. പക്ഷേ, 41 ശതമാനം പേർക്കും തിരിച്ചുവരേണ്ട. പുതിയ കോച്ച്‌ ആൻസെലോട്ടിക്ക്‌ കീഴിൽ ഇതുവരെ നെയ്‌മർ കളിച്ചിട്ടില്ല.


സെപ്‌തംബറിൽ ഫ്രഞ്ചുകാരൻ ഉസ്‌മാൻ ഡെംബെലെ മികച്ച താരത്തിനുള്ള ബാലൻ ഡി ഓർ ഏറ്റുവാങ്ങുമ്പോൾ നെയ്‌മർ ആശുപത്രി കിടക്കയിലായിരുന്നു. ഇ‍ൗ വർഷത്തെ മൂന്നാമത്തെ പരിക്ക്‌. ഒരുകാലത്ത് ഏറെ കൊതിച്ചതായിരുന്ന ബാലൻ ഡി ഓർ. നെയ്‌മറിന്‌ പകരക്കാരനായി ബാഴ്‌സയിലെത്തിയ കളിക്കാരനാണ്‌ ഡെംബെലെ. പിന്നീട്‌ പിഎസ്‌ജിയിലേക്കെത്തി.


ബാല്യകാല ക്ലബ്ബായ സാന്റോസിലേക്ക്‌ തിരിച്ചെത്തുന്പോൾ ഏറെ പ്രതീക്ഷയിലായിരുന്നു ബ്രസീലുകാരൻ. രാജകുമാരൻ തിരിച്ചെത്തിയെന്ന്‌ സാന്റോസ്‌ ആഘോഷിച്ചു. 12 സീസണുകളിലായി യൂറോപ്പിൽ കളിച്ച്‌ തിരിച്ചെത്തിയ സാന്റോസിന്റെ രാജകുമാരന്‌ പക്ഷേ, പ്രതീക്ഷകൾ നിലനിർത്താനായില്ല.


സാന്റോസിൽ ഇ‍ൗ സീസണിൽ 47 ശതമാനം കളികളിൽ മാത്രമാണ്‌ ഇറങ്ങിയത്‌. കളത്തിലുള്ള ഘട്ടത്തിലും സ്വാധീനമുണ്ടാക്കാനായില്ല. ഒരു മത്സരത്തിൽ വിജയകരമായി ഡ്രിബിൾ ചെയ്യുന്ന പട്ടികയിൽ 50–ാം സ്ഥാനത്താണ്‌. ഒമ്പത്‌ ഗോളിൽ പങ്കാളിയായി. ഇതിൽ പലതും ദുർബലരായ എതിരാളികൾക്കെതിരെ. സാന്റോസ്‌ ഇപ്പോഴും തരംതാഴ്‌ത്തൽ ഭീഷണിയിലാണ്‌. അതേസമയം, ലോകകപ്പിലേക്ക്‌ ഏറെ സമയമുണ്ടെന്നായിരുന്നു ആൻസെലോട്ടിയുടെ പ്രതികരണം. ‘ജൂണിലേക്ക്‌ തയ്യാറായിരിക്കുക എന്നത്‌ മാത്രമാണ്‌ നെയ്‌മറുടെ ലക്ഷ്യം. ഒക്‌ടോബറിലോ നവംബറിലോ മാർച്ചിലോ ടീമിലില്ല എന്നതിൽ കാര്യമില്ല– ഇറ്റലിക്കാരൻ വ്യക്തമാക്കി.

പരിക്ക്‌ മാത്രമല്ല,‍ മറ്റ്‌ സാങ്കേതിക കാര്യങ്ങളും നെയ്‌മറിന്റെ തിരിച്ചുവരവിന്‌ തടസ്സമാകുന്നുണ്ടെന്നാണ്‌ സൂചന.


‘കഴിഞ്ഞ 15 വർഷമായി നെയ്‌മർ ബ്രസീലിന്റെ സൂപ്പർ താരമാണ്‌. അതിന്‌ മറുവാക്കില്ല. അത്രയേറെ പ്രതീക്ഷകളും ഉത്തരവാദിത്വങ്ങളും തോളിലേറ്റി. പക്ഷേ, ഒരാൾക്കും ഒറ്റക്ക്‌ ലോകകപ്പ്‌ ജയിക്കാനാകില്ല. എല്ലാ പ്രതീക്ഷകളും താങ്ങാൻ ഇ‍ൗ നിമിഷം അയാൾക്കാവില്ല. കാരണം തുടർച്ചയായി മൂന്ന്‌ മത്സരങ്ങളിൽ കളിക്കാൻ പോലും നെയ്‌മർക്ക്‌ കഴിയുന്നില്ല– ബ്രസീലിന്റെ ലോകകപ്പ്‌ ക്യാപ്‌റ്റൻ കഫുവിന്റെ വാക്കുകൾ. നെയ്‌മറുടെ സമയം അതിക്രമിച്ചെന്നാണ്‌ 1970 ലോകകപ്പ്‌ ജേതാവ്‌ ടൊസ്‌റ്റാവോ പറയുന്നത്‌. ‘ഏതൊരു സൂപ്പർ താരവും ശാരീരികക്ഷമത തെളിയിക്കേണ്ടതുണ്ട്‌. നെയ്‌മറുടെ കാര്യത്തിൽ സമയം അവസാനിക്കുകയാണ്‌’.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home