ad
Deshabhimani

print edition ബ്ലാസ്‌റ്റേഴ്‌സിന്‌ ഇനി വെസ്‌റ്റ്‌വുഡ്‌

sports

ആഷ്‌ലി വെസ്‌റ്റ്‌വുഡ്‌

വെബ് ഡെസ്ക്

Published on Mar 25, 2026, 12:39 AM | 1 min read

കോഴിക്കോട്‌: തോൽവികളിൽ കൂപ്പുകുത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ ജീവൻ നൽകാൻ ഇംഗ്ലീഷുകാരൻ ആഷ്‌ലി വെസ്‌റ്റ്‌വുഡ്‌ എത്തുന്നു. ഐഎസ്‌എൽ ഫുട്‌ബോൾ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ വെസ്‌റ്റ്‌വുഡ്‌ ടീമിനെ പരിശീലിപ്പിക്കും. സീസൺ പൂർത്തീകരിക്കുകയാണ്‌ ആദ്യ ലക്ഷ്യം. സ്‌പാനിഷുകാരൻ ഡേവിഡ്‌ കറ്റാലയ്‌ക്ക്‌ പകരമാണ്‌ നാൽപ്പത്തൊന്പതുകാരൻ എത്തുന്നത്‌.


ബ്ലാസ്‌റ്റേഴ്‌സ്‌ കുപ്പായത്തിലെ പന്ത്രണ്ടാമത്തെ വിദേശ പരിശീലകനാണ്‌ വെസ്‌റ്റ്‌വുഡ്‌. അഫ്‌ഗാനിസ്ഥാൻ, ഹോങ്കോങ്‌ ദേശീയ ടീമുകളുടെ പരിശീലകനായിരുന്നു. ഉടൻ ബ്ലാസ്‌റ്റേഴ്‌സിന്റെ ചുമതലയേൽക്കും. ഇന്ത്യൻ ഫുട്‌ബോളുമായി നല്ല ബന്ധത്തിലാണ്‌ ഇംഗ്ലീഷുകാരൻ. പരിശീലക ജീവിതത്തിലെ രണ്ടാം അധ്യായം ആരംഭിക്കുന്നത്‌ ബംഗളൂരു എഫ്‌സിക്കൊപ്പമായിരുന്നു.


മൂന്ന്‌ വർഷം ക്ലബ്ബിനെ നയിച്ചു. 2013–14 സീസണിൽ ബംഗളൂരുവിനെ ഐ ലീഗ്‌ ചാന്പ്യൻമാരാക്കി. ഐ ലീഗ്‌ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനുമായിരുന്നു. പിന്നീടൊരിക്കൽക്കൂടി ബംഗളൂരുവിന്‌ കിരീടം നൽകി. ഫെഡറേഷൻ കപ്പ്‌ ജേതാക്കളുമാക്കി. 2016ലാണ്‌ സ്ഥാനമൊഴിയുന്നത്‌. തുടർന്ന്‌ 2017ൽ എടികെയുടെ താൽക്കാലിക പരിശീലകനായി. ഏഴ്‌ കളിയിൽ ഒറ്റ പോയിന്റ്‌ മാത്രമാണ്‌ കിട്ടിയത്‌. പിന്നെ ഇന്ത്യയിലേക്ക്‌ തിരിച്ചെത്തുന്നത്‌ 2021ലാണ്‌.


ഐ ലീഗ്‌ ക്ലബ്‌ റ‍ൗണ്ട്‌ ഗ്ലാസ്‌ പഞ്ചാബ്‌ ടീമിന്റെ ചുമതല വഹിച്ചെങ്കിലും ഏറെക്കാലം തുടർന്നില്ല. എഎഫ്‌സി ഏഷ്യൻ കപ്പ്‌ യോഗ്യതയിൽ ഹോങ്കോങ്‌ ഇന്ത്യയുടെ വഴിയടച്ചപ്പോൾ വെസ്‌റ്റ്‌വുഡായിരുന്നു പരിശീലകൻ. 2024ലാണ്‌ ഹോങ്കോങ്ങിന്റെ ചുമതലയേറ്റെടുക്കുന്നത്‌. തുടർച്ചയായ എട്ട്‌ കളിയിൽ ജയം നൽകി. ഏഷ്യൻ കപ്പ്‌ യോഗ്യതയിൽ തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുത്തു. ജൂണിൽ ഇന്ത്യയെ ഒരു ഗോളിന്‌ കീഴടക്കി. ഇ‍ൗ തോൽവിയോടെയാണ്‌ ഇന്ത്യ യോഗ്യത നേടാതെ പുറത്താകുന്നത്‌. ഹോങ്കോങ്ങിനും മുന്നേറാനായില്ല. നിർണായക മത്സരത്തിൽ സിംഗപ്പുരിനോട്‌ തോറ്റാണ്‌ പുറത്തായത്‌. ഇതോടെ വെസ്‌റ്റ്‌വുഡിന്റെ സ്ഥാനവും തെറിച്ചു. ബ്ലാസ്‌റ്റേഴ്‌സിന്‌ മുന്നിൽ വലിയ നിബന്ധനകളൊന്നും പരിശീലകൻ വച്ചിട്ടില്ല.


തുടർത്തോൽവികളിൽനിന്ന്‌ ടീമിനെ കരകയറ്റുകയാണ്‌ ലക്ഷ്യം. ബംഗളൂരുവിൽ അത്ഭുതം കാണിച്ച ഇംഗ്ലീഷുകാരന്‌ ആത്മവിശ്വാസം നഷ്ടപ്പെട്ടുകിടക്കുന്ന ബ്ലാസ്‌റ്റേഴ്‌സിനെ ഉണർത്തുകയെന്നത്‌ വെല്ലുവിളിയായിരിക്കും. നിലവിൽ ആറ്‌ കളിയിൽ അഞ്ചും തോറ്റ്‌ പതിമൂന്നാംസ്ഥാനത്താണ്‌. ഒറ്റപ്പോയിന്റാണ്‌ സന്പാദ്യം. രാജ്യാന്തര ഇടവേള കഴിഞ്ഞ്‌ ഏപ്രിലിലാണ്‌ ഐഎസ്എൽ മത്സരങ്ങൾ വീണ്ടും തുടങ്ങുന്നത്‌. ഏപ്രിൽ അഞ്ചിന്‌ സ്‌പോർടിങ്‌ ഡൽഹിയുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കളി. ഡൽഹിയിലാണ്‌ മത്സരം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home