print edition സ്പാനിഷ് ഫുട്ബോൾ ലീഗ്; അത്‌ലറ്റികോയെ വീഴ്‌ത്തി റയൽ

അത്ലറ്റികോയ്--ക്കെതിരെ ഇരട്ടഗോൾ നേടിയ റയലിന്റെ വിനീഷ്യസ് ജൂനിയർ
മാഡ്രിഡ് : സ്‌പാനിഷ് ഫുട്‌ബോൾ ലീഗിലെ നിർണായക മത്സരത്തിൽ അത്‌ലറ്റികോ മാഡ്രിഡിനെ 3–2ന് കീഴടക്കി റയൽ മാഡ്രിഡ്. കിരീടപ്പോരിൽ ഏറെ പ്രധാനപ്പെട്ടതായിരുന്നു റയലിന് ഇൗ മത്സരം. 29 മത്സരം പൂർത്തിയായപ്പോൾ 69 പോയിന്റുമായി രണ്ടാമത് തുടരുകയാണ് റയൽ. ഒന്നാമതുള്ള ബാഴ്‌സലോണയെക്കാൾ നാല് പോയിന്റ് പിന്നിൽ. 57 പോയിന്റുള്ള അത്‌ലറ്റികോ നാലാമതാണ്.
സ്വന്തം തട്ടകത്തിൽ വിനീഷ്യസ് ജൂനിയറിന്റെ ഇരട്ടഗോളിലായിരുന്നു റയലിന്റെ ജയം. ഫെഡെറികോ വാൽവെർദെ ഒരെണ്ണം നേടി. കളി തീരാൻ 13 മിനിറ്റ് ശേഷിക്കെ വാൽവെർദെ ചുവപ്പുകാർഡ് കണ്ട് പുറത്താകുകയും ചെയ്‌തു.
അത്‌ലറ്റികോ പൊരുതിക്കളിച്ചാണ് മടങ്ങിയത്. അരമണിക്കൂറിൽ അദെമോല ലുക്‌മാന്റെ ഗോളിൽ ദ്യേഗോ സിമിയോണിയുടെ സംഘം ലീഡ് നേടി. പക്ഷേ, ലീഡ് നിലനിർത്താൻ അത്‌ലറ്റികോയ്‌ക്ക്‌ക ഴിഞ്ഞില്ല. ഇടവേളയ്‌ക്കുശേഷം റയൽ ഒപ്പമെത്തി. ബ്രാഹിം ഡയസിനെ ഡേവിഡ് ഹാങ്കോ ബോക്‌സിൽ വീഴ്‌ത്തിയതിന് പെനൽറ്റി. വിനീഷ്യസിന് തെറ്റിയില്ല. പിന്നാലെ വാൽവെർദെ റയലിന് ലീഡും നൽകി. കഴിഞ്ഞ ആറ് കളിയിൽ അഞ്ചാമത്തെ ഗോളാണ് വാൽവെർദയ്‌ക്ക്.
സമനില പിടിക്കാനുള്ള ശ്രമത്തിൽ അത്‌ലറ്റികോ തകർത്തുകളിച്ചു. പകരക്കാരനായെത്തിയ നഹുവേൽ മൊളീനയുടെ ഗോളിൽ ഒപ്പമെത്തുകയും ചെയ്‌തു. റയൽ വിട്ടുകൊടുത്തില്ല. വിനീഷ്യസിന്റെ രണ്ടാംഗോളിൽ ജയമുറപ്പിച്ചു. ട്രെന്റ് അലെക്‌സാണ്ടർ ആർണോൾഡാണ് അവസരമൊരുക്കിയത്. പിന്നാലെ വാൽവെർദയ്‌ക്ക് ചുവപ്പുകാർഡ് കിട്ടിയത് റയലിന് ക്ഷീണമായി. അലെക്‌സ് ബെനെയെ ഫൗൾ ചെയ്‌തതിനായിരുന്നു നടപടി. ഉറുഗ്വേക്കാരന് അടുത്ത രണ്ട് കളിയിൽ ഇറങ്ങാനാകില്ല.
എതിരാളിയുടെ ആളെണ്ണം കുറഞ്ഞത് മുതലാക്കാനായി അത്‌ലറ്റികോ കിണഞ്ഞുശ്രമിച്ചെങ്കിലും സമനില ഗോൾ വന്നില്ല. അവസാന നിമിഷം ജൂലിയൻ അൽവാരസിന്റെ അടി പുറത്തായതോടെ അത്‌ലറ്റികോ അവസാനിപ്പിച്ചു. ഏപ്രിലിലാണ് ഇനി മത്സരങ്ങൾ.











0 comments