വികസനത്തിന്റെ പേരിൽ ക്രൂരമായ കുടിയൊഴിപ്പിക്കൽ; മധ്യപ്രദേശിൽ ആദിവാസികളുടെ 'ജീവന്മരണ' സമരം പോലീസ് അടിച്ചമർത്തി

ഛത്തർപൂർ: രാജ്യത്തെ വൻകിട നദി സംയോജന പദ്ധതിയായ 'കെൻ-ബേത്വ ലിങ്ക് പ്രൊജക്റ്റിന്റെ' മറവിൽ ആദിവാസികളെയും നിർധനരായ ഗ്രാമീണരെയും ക്രൂരമായി കുടിയൊഴിപ്പിക്കുന്നതിനെതിരെ മധ്യപ്രദേശിലെ ഛത്തർപൂരിൽ നടന്നുവന്ന 15 ദിവസം നീണ്ട ജനകീയ സമരം പോലീസ് അടിച്ചമർത്തി.
ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെ വൻ പോലീസ് സന്നാഹം സമരസ്ഥലത്തെത്തി, പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ സാമൂഹിക പ്രവർത്തകൻ അമിത് ഭട്നാഗർ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുക്കുകയും സമരം ചെയ്തിരുന്ന ആദിവാസി സ്ത്രീകളെ ബലമായി വാഹനങ്ങളിൽ കയറ്റി ദൂരെയുള്ള ഗ്രാമങ്ങളിലേക്ക് നാടുകടത്തുകയുമായിരുന്നു.
ബരാന നദിക്കരയിലെ കുപി ഗ്രാമത്തിൽ ജൂലൈ 3-നാണ് ആദിവാസി സ്ത്രീകളുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. തങ്ങളുടെ ഭൂമിയും വനവും ഉപജീവനമാർഗ്ഗവും നഷ്ടപ്പെടുത്തി, യാതൊരുവിധ പുനരധിവാസവും നൽകാതെ അധികാരികൾ നടത്തുന്ന ഒതുക്കലുകൾക്കെതിരെയാണ് നിസഹായരായ ഗ്രാമവാസികൾ ഒരുമിച്ചത്.

'ജലസത്യാഗ്രഹം'ചിതാസത്യാഗ്രഹം'പ്രതീകാത്മക 'തൂക്കുമര സത്യാഗ്രഹം' തുടങ്ങിയ തീവ്രമായ സമരമുറകളാണ് ഇവർ സ്വീകരിച്ചത്. എന്നാൽ തികച്ചും സമാധാനപരമായിരുന്നു. നിരന്തരം ചൂണങ്ങൾക്കും അഴിമതിക്കും വഞ്ചനയ്ക്കും വിധേയമായ ആദിവാസികൾ ഉൾപ്പെടുന്ന പ്രദേശവാസികൾ കൂടുതലായി സമരത്തിനെത്തി. സമരനേതാവ് അമിത് ഭട്നാഗർ 11 ദിവസമായി നിരാഹാരത്തിലായിരുന്നു. ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം എവിടെയാണെന്ന് വിവരമില്ല.
400 കോടിയുടെ അഴിമതി
മനുഷ്യാവകാശ ലംഘനം
പദ്ധതി നടത്തിപ്പിൽ 400 കോടി രൂപയുടെ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് സമരസമിതി നേതാവ് ദിവ്യ അഹിർവാർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഈ അഴിമതി പുറത്തുകൊണ്ടുവരാൻ വാർത്താസമ്മേളനം വിളിക്കാനിരിക്കെയാണ് പോലീസ് ഭട്നാഗറിനെ തടങ്കലിലാക്കിയത്.
കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ പൂർണ്ണ പിന്തുണയോടെയാണ് ഗ്രമങ്ങളെ വേരോടെ പിഴുതുമാറ്റി ഇത്തരം പദ്ധതികൾ ഏകപക്ഷീയമായി നടപ്പാക്കുന്നത്. മധ്യപ്രദേശ് ഭരിക്കുന്ന മോഹൻ യാദവിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം പിൻപറ്റി ഗ്രമവാസികൾക്കെതിരെ തന്ത്രങ്ങൾ മെനയുകയാണ്.
ഇവിടെ മാത്രമല്ല, കെൻ-ബേത്വ പദ്ധതിക്ക് പുറമെ മജ്ഗാവ്, രൂഞ്ജ് ജലസേചന പദ്ധതികൾ എന്നിവയുടെയും ഇരകളായ നിർധന കുടുംബങ്ങൾക്ക് നീതി നിഷേധിക്കപ്പെട്ടതായി സമരക്കാർ വ്യക്തമാക്കുന്നു.
നിയമപരമായ വ്യവസ്ഥകൾ പാലിക്കാതെ ഗ്രാമീണരെ ഭീഷണിപ്പെടുത്തുക, ജനങ്ങളുടെ ഒഴിഞ്ഞുപോക്ക് വേഗത്തിലാക്കാൻ സ്കൂളുകൾ പൊളിച്ചുനീക്കുക, വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ചോദ്യം ചെയ്യുന്നവർക്കെതിരെ വ്യാജ ക്രിമിനൽ കേസുകൾ ചുമത്തുക തുടങ്ങിയ നിഷ്ഠൂരമായ നടപടികളാണ് ഭരണകൂടം സ്വീകരിക്കുന്നത്. പദ്ധതി ബാധിതരായ കുടുംബങ്ങളുടെ കൃത്യമായ പട്ടിക പരസ്യപ്പെടുത്താൻ പോലും അധികൃതർ തയ്യാറായിട്ടില്ല.
ആരെയും അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ലെന്നും പ്രതിഷേധക്കാരെ സുരക്ഷിതമായി സ്വന്തം ഗ്രാമങ്ങളിൽ എത്തിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അഡീഷണൽ എസ്.പി ആദിത്യ പാട്‌ലെ അവകാശപ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍ തന്ത്രപൂര്‍വം പൊലീസിനെ ഉപയോഗിച്ച് ഗ്രാമീണരെ കുരുക്കുകയായിരുന്നു.

വരൾച്ചബാധിത പ്രദേശമായ ബുന്ദേൽഖണ്ഡിന് കുടിവെള്ളവും ജലസേചനവും നൽകാൻ ഉദ്ദേശിച്ചുള്ള പദ്ധതി പൂർണ്ണമായും നിയമവിധേയമായാണ് നടപ്പാക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. എന്നാൽ, കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അധികൃതർ നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല. ഇതുകൂടി ചൂണ്ടികാട്ടിയാണ് ആദിവാസികൾക്ക് ജീവന്മരണ പോരാട്ടവുമായി തെരുവിലിറങ്ങേണ്ടി വന്നത്. കൃത്യമായ പുനരധിവാസം ഉറപ്പാക്കാതെ, വികസനത്തിന്റെ പേരിൽ ആദിവാസികളുടെ സാംസ്കാരിക സ്വത്വവും വനാവകാശങ്ങളും ഇല്ലാതാക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. സമരം ചെയ്യുന്നവരെയും ഗ്രാമീണരെ സഹായിക്കുന്നവരെയും ഭീകരവാദികളും തീവ്രവാദികളുമായി മുദ്ര കുത്താനുള്ള നീക്കങ്ങളും തുടരുന്നു.











0 comments