പൊതിച്ചോര്‍ വിതരണം തടയാനുള്ള സർക്കാർ നിലപാട് മനുഷ്യത്വവിരുദ്ധം: സിപിഐ എം

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്ഐയുടെ ‘ഹൃദയപൂർവം’ പദ്ധതിയിലൂടെയുള്ള പൊതിച്ചോർ വിതരണം അനുവദിക്കില്ലെന്ന സർക്കാർ നിലപാട് മനുഷ്യത്വവിരുദ്ധമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
പരസ്പരം കണ്ടിട്ടോ കേട്ടിട്ടോ പരിചയപ്പെട്ടിട്ടോ ഇല്ലാത്ത മനുഷ്യർക്കായി ഒരു നേരത്തെ ആഹാരം പൊതിഞ്ഞുനൽകുന്ന പ്രവർത്തനത്തിൽ രാഷ്ട്രീയം കലർത്തുന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം ക്രൂരവും അപലപനീയവുമാണ്. ഭക്ഷണം പാകം ചെയ്യുന്നവരോ ശേഖരിക്കുന്നവരോ കഴിക്കുന്നവരോ പരസ്പരം രാഷ്ട്രീയം അന്വേഷിക്കുകയോ പറയുകയോ ചെയ്യുന്നില്ലെന്നും സിപിഐ എം പറഞ്ഞു.
അപരന്റെ വേദന സ്വന്തം വേദനയായി കാണുന്ന സമത്വബോധത്തിന്റെ ഉദാത്ത മാതൃകയാണ് ‘ഹൃദയപൂർവം’ പദ്ധതി. ദിവസവും ഏകദേശം 40,000 പൊതിച്ചോറുകളാണ് ഡിവൈഎഫ്ഐ വിതരണം ചെയ്യുന്നത്. 2017 ജനുവരി ഒന്നിന് ആരംഭിച്ച ഈ പ്രവർത്തനം ഒമ്പത് വർഷം പിന്നിടുകയാണ്. നിലവിൽ 61 ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പദ്ധതി ആശ്വാസമേകുന്നുണ്ടെന്ന് സിപിഐ എം വ്യക്തമാക്കി.
പാവപ്പെട്ട ജനങ്ങളോടുള്ള യുഡിഎഫിന്റെ സമീപനമാണ് സർക്കാർ നിലപാടിലൂടെ വ്യക്തമാകുന്നത്. സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇത്തരം നിലപാടുകൾ ജനങ്ങൾ തിരിച്ചറിയുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു.











0 comments