നിവിൻ പോളിയുടെ തമിഴ് ചിത്രം 'ഏഴ് കടൽ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപനം ഇന്ന്

ചെന്നൈ : മലയാളി സൂപ്പർതാരം നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത തമിഴ് സംവിധായകൻ റാം ഒരുക്കുന്ന 'ഏഴ് കടൽ ഏഴ് മലൈ' എന്ന ചിത്രത്തിന്റെ റിലീസ് കാത്തിരിപ്പുകൾക്ക് വിരാമം. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുന്ന ഔദ്യോഗിക ടീസർ ഇന്ന് (ജൂലൈ 20) വൈകിട്ട് 6.33ന് പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. വ്യത്യസ്തമായ പ്രമേയവും അവതരണ ശൈലിയുമായി എത്തുന്ന ചിത്രത്തിൽ തമിഴ് താരം സൂരി, അഞ്ജലി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റേതായി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ട്രെയിലർ വലിയ ചർച്ചയായിരുന്നു. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം.
രണ്ട് വർഷം മുൻപ് പുറത്തുവന്ന ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സ് മുതൽ നിവിൻ പോളിയുടെ വേറിട്ട ഗെറ്റപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിലീസ് നീണ്ടുപോയത് സിനിമാപ്രേമികളിൽ നിരാശയുണ്ടാക്കിയെങ്കിലും രാജ്യാന്തര ചലച്ചിത്രമേളകളിൽ വലിയ കൈയടിയാണ് ചിത്രം നേടിയത്. റോട്ടർഡാം, മോസ്കോ ചലച്ചിത്രമേളകൾക്ക് പുറമേ റൊമാനിയയിൽ നടന്ന ട്രാൻസിൽവാനിയ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
എൻകെ ഏകാംബരം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ മാതി വിഎസ് ആണ്. മദൻ കാർക്കിയുടെ വരികൾക്ക് സ്റ്റണ്ട് സിൽവയാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. സാൻഡി മാസ്റ്ററാണ് കൊറിയോഗ്രാഫി. പ്രൊഡക്ഷൻ ഡിസൈനർ: ഉമേഷ് ജെ. കുമാർ, കോസ്റ്റ്യൂം: ചന്ദ്രകാന്ത് സൊനവാനെ, മേക്കപ്പ്: പട്ടണം റഷീദ്, ഓഡിയോ ഗ്രാഫി: എം. ആർ. രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: രാജ് ശേഖർ, പി.ആർ.ഒ: എ. ജോൺ, സ്റ്റിൽസ്: ജയകുമാർ വൈരവൻ, പബ്ലിസിറ്റി ഡിസൈനർ: പ്രവീൺ പി.കെ. എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.










0 comments