ad
Deshabhimani

ഗയാന ബോട്ട് അപകടം; 67 പേരെ രക്ഷപ്പെടുത്തി, കാണാതായവർക്കായി തെരച്ചിൽ തുടരുന്നു, ജീവനക്കാർ പിടിയിൽ

Gayana Boat

ബോട്ടപകടത്തിൽ കാണാതായവർക്കായി തെരച്ചിൽ നടത്തുന്നു | Photo: Reuters

വെബ് ഡെസ്ക്

Published on Jul 20, 2026, 12:43 PM | 1 min read

ജോർജ്‌ടൗൺ : തെക്കേ അമേരിക്കൻ രാജ്യമായ ഗയാനയുടെ തീരത്ത് 133 യാത്രക്കാരുമായി പോയ ഫെറി (യാത്രാബോട്ട്) മുങ്ങി വൻ ദുരന്തം. അപകടത്തിൽ നിരവധി പേർ മരണപ്പെട്ടതായി റിപ്പോർട്ട്. ശനിയാഴ്ച അർധരാത്രിയാണ് എംവി ബരിമ എന്ന ഫെറി അറ്റ്ലാന്റിക് സമുദ്രതീരത്ത് നിന്ന് 7 മൈൽ അകലെ വെച്ച് മുങ്ങിയത്. തലസ്ഥാനമായ ജോർജ്‌ടൗണിൽ നിന്ന് പോർട്ട് കൈതുമ എന്ന ഗ്രാമത്തിലേക്ക് പോവുകയായിരുന്നു ബോട്ട്.


ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 15 കുട്ടികൾ ഉൾപ്പെടെ 67 പേരെ രക്ഷപ്പെടുത്തിയതായി ഗയാന അധികൃതർ അറിയിച്ചിരുന്നു. എന്നാൽ അതിനുശേഷം ആരെയും ജീവനോടെ കണ്ടെത്താനായിട്ടില്ല. ബോട്ടിന്റെ ക്യാപ്റ്റൻ ഉൾപ്പെടെയുള്ള ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്യാപ്റ്റനും ഒരു ജീവനക്കാരനും കഞ്ചാവ് ഉപയോഗിച്ചതായി പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.


രക്ഷപ്പെടുത്തിയ ചില യാത്രക്കാരുടെ പേരുകൾ ബോട്ടിലെ ഔദ്യോഗിക യാത്രാലിസ്റ്റിൽ ഉണ്ടായിരുന്നില്ല. ഇത് ലിസ്റ്റിലെ ഗുരുതരമായ അപാകതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ബോട്ടിൽ കൃത്യമായി എത്രപേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ലാത്തത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ബോട്ടിൽ നിന്ന് എയർ ട്രാഫിക് കൺട്രോളിന് അടിയന്തര സന്ദേശം ലഭിച്ചത്. എന്നാൽ രാത്രിയിലെ ഇരുട്ടും അത്യാധുനിക സ്കാനറുകൾ ഘടിപ്പിച്ച ബോട്ടുകളുടെ കുറവും ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന് തടസ്സമായി. നിലവിൽ എണ്ണ-വാതക മേഖലയിലെ കമ്പനികളുടെ സ്കാനറുകളുള്ള കപ്പലുകളും ഡൈവർമാരും രംഗത്തുണ്ട്. തിരച്ചിൽ പരിധി 1,040 ചതുരശ്ര കിലോമീറ്ററായി ഉയർത്തിയിട്ടുണ്ട്.


284 ടൺ ശേഷിയുള്ള ബോട്ടിൽ 268 ടൺ ചരക്ക് കയറ്റിയിരുന്നതായും 300ലധികം യാത്രക്കാരെ കയറ്റാൻ അനുമതിയുള്ള ബോട്ടിൽ ആവശ്യത്തിന് ലൈഫ് ജാക്കറ്റുകളും ലൈഫ് റാഫ്റ്റുകളും ഉണ്ടായിരുന്നുവെന്നും ഗയാന പ്രധാനമന്ത്രി വ്യക്തമാക്കി. പോർട്ട് അതോറിറ്റി, പ്രതിരോധ സേന എന്നിവയിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2024ൽ അറ്റകുറ്റപ്പണികൾ നടത്തിയ ബോട്ട് ഈ വർഷം അവസാനം കൂടുതൽ പരിശോധനകൾക്കായി ഡ്രൈ ഡോക്കിംഗിന് മാറ്റാനിരിക്കെയാണ് അപകടം സംഭവിച്ചത്.


Related News



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home