കൊച്ചിയും കണ്ടു, പണ്ടൊരു ഫെറാൻ മായാജാലം

ഫെറാന്‍ ടോറസ് അണ്ടർ 17 ലോകകപ്പിൽ കൊച്ചിയിൽ നടന്ന മത്സരത്തിൽ
കൊച്ചി
ന്യൂയോര്‍ക്കിലെ ന്യൂജഴ്സി സ്റ്റേഡിയത്തിൽ ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ മത്സരത്തിലെ 106–ാം മിനിറ്റ്. അർജന്റീനയുടെ വിജയപ്രതീക്ഷകളെ പിഴുതെറിഞ്ഞ് വലയിലേക്ക് തീയുണ്ടപോലൊരു ഷോട്ട്. അര്‍ജന്റീന ആരാധകരുടെ കണ്ണീർവീഴ്ത്തി സ്‌പെയ്‌ൻ വിശ്വകിരീടം ചൂടിയപ്പോൾ, ഫുട്ബാൾ ലോകം ഒരേസ്വരത്തിൽ വാഴ്ത്തിയ പേര്– ഫെറാന്‍ ടോറസ്. പകരക്കാരനായെത്തി ലോകകപ്പ് ഫൈനലിലെ ഹീറോയായ ഫെറാന് കൊച്ചിയുമായും എടുത്തുപറയാവുന്ന ഒരു ബന്ധമുണ്ട്
. 2017 ഒക്ടോബറില്‍ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന അണ്ടർ 17 ലോകകപ്പായിരുന്നു മത്സരവേദി. അന്ന് സ്പെയ്‌ന്‍ ടീമിനായി വലതുവിങ്ങില്‍ പൊരുതിക്കളിച്ച പയ്യൻ ഫെറാനെ കൊച്ചിക്ക് മറക്കാനാകില്ല.
കൊച്ചിയിലെ ആദ്യമത്സരത്തിൽ സ്പെയ്‌നിനുവേണ്ടി ഇറങ്ങിയ ഫെറാൻ നൽകിയ ക്രോസിൽനിന്നാണ് ബ്രസീൽ സെൽഫ്ഗോൾ വഴങ്ങിയത്. മത്സരത്തിൽ സ്പെയ്‌ന്‍ തോറ്റെങ്കിലും ഫെറാന്റെ പ്രകടനം ശ്രദ്ധേയമായി. കൊച്ചിതന്നെ വേദിയായ ക്വാർട്ടർ ഫൈനലിൽ ഇറാനെതിരെയും മുംബൈയിൽ നടന്ന സെമിയിൽ മാലിക്കെതിരെയും ഫെറാൻ ഗോളടിച്ചു. രണ്ട് അസിസ്റ്റുകളും ടൂര്‍ണമെന്റില്‍ നേടി.
ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ തോറ്റെങ്കിലും ടൂര്‍ണമെന്റിലെ മിന്നുംതാരം പ്രമുഖ ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയായി.
വലൻസിയ, മാഞ്ചസ്റ്റർ സിറ്റി എന്നീ ക്ലബ്ബുകളിലെ കളിമികവ് ഫെറാനെ ദേശീയ ടീമിലേക്ക് എത്തിച്ചു. 2022 ഖത്തർ ലോകകപ്പിൽ കോസ്റ്ററിക്കയ്ക്കെതിരെ രണ്ടു ഗോളുകള്‍കൂടി നേടിയതോടെ ഫെറാൻ ദേശീയ ടീമില്‍ നിലയുറപ്പിച്ചു. 2022 മുതല്‍ ബാഴ്സലോണയ്ക്കുവേണ്ടിയാണ് താരം ബൂട്ട് കെട്ടുന്നത്.










0 comments