ad
Deshabhimani

പ്രഥമാധ്യാപകരായി സ്ഥാനക്കയറ്റമായി

ആശങ്കയൊഴിയാതെ
പിരിച്ചുവിട്ട അധ്യാപകർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തംലേഖകൻ

Published on Jul 21, 2026, 02:46 AM | 1 min read

ആലപ്പുഴ ​

ജില്ലയിൽ പ്രഥമാധ്യാപക സ്ഥാനക്കയറ്റത്തിന്‌ ഉത്തരവിറങ്ങിയിട്ടും ആശങ്കയൊഴിയാതെ പിരിച്ചുവിട്ട അധ്യാപകർ. 42 സര്‍ക്കാർ സ്‍കൂളിൽ പ്രധാനാധ്യാപകരില്ലാതിരിക്കെ 26 അധ്യാപകർക്ക്‌ മാത്രമാണ്‌ സ്ഥാനക്കയറ്റം നൽകിയത്‌. പിരിച്ചുവിട്ടവരെല്ലാം എൽപി അധ്യാപകരാണ്‌. നിലവിൽ സ്ഥാനക്കയറ്റം നൽകിയ 26 പേരിൽ എൽപി അധ്യാപകർക്കൊപ്പം യുപി, എൽജി ഹിന്ദി, ഹൈസ്കൂൾ അധ്യാപകരും ഉൾപ്പെട്ടിട്ടുണ്ട്‌. ഇതോടെ സ്ഥാനക്കയറ്റം പൂർത്തിയായാലും പിരിച്ചുവിട്ട 35 അധ്യാപകരിൽ എല്ലാവർക്കും തിരികെ ജോലിയിൽ സ്ഥിരമായി പ്രവേശിക്കാൻ സാധിക്കില്ല. ഇതാണ്‌ അധ്യാപകരിൽ ആശങ്ക സൃഷ്ടിക്കുന്നത്‌. അധ്യായനവർഷത്തെ തസ്‌തിക നിർണയത്തിന്റെ മറവിലാണ്‌ ജില്ലയിൽ പിഎസ്‌സി വഴി നിയമനം ലഭിച്ച സ്ഥിരഅധ്യാപകരെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവിട്ടത്‌. കെഎസ്‌ടിഎയുടെ ശക്‌തമായ പ്രതിഷേധത്തെതുടർന്ന്‌ താൽക്കാലികമായി മരവിപ്പിച്ചെങ്കിലും ഉത്തരവ്‌ പിൻവലിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ഇതും ആശങ്കയേറ്റുന്നു. 26 പേരും സ്ഥാനക്കയറ്റം അംഗീകരിച്ച്‌ നിലവിലെ തസ്തികയിൽനിന്നും മാറിയാലേ അധ്യാപക ഒഴിവ്‌ ഏതൊക്കെ വിഭാഗത്തിലെന്ന്‌ തിരിച്ചറിയാൻ സാധിക്കു. ഇത്‌ പൂർത്തിയായശേഷം നിലവിൽ മരവിപ്പിച്ച ഉത്തരവ്‌ പുനരുജ്ജീവിപ്പിക്കാൻ സാധ്യതയുണ്ടെന്നും അധ്യാപകർ പറഞ്ഞു. പ്രധാനാധ്യാപക നിയമനം കൃത്യമായി നടപ്പിലാക്കാത്തതാണ്‌ പ്രതിസന്ധിയുണ്ടാക്കിയത്‌. സ്ഥാനക്കയറ്റത്തിന്‌ കെ ടെറ്റ് നിര്‍ബന്ധമാക്കിയതാണ്‌ പ്രതിസന്ധിക്ക്‌ കാരണമെന്നാണ്‌ വിദ്യാഭ്യാസ വകുപ്പിന്റെ വാദം. വിഷയത്തില്‍ യുഡിഎഫ്‌ സര്‍ക്കാർ വ്യക്തമായ നിലപാട്‌ സ്വീകരിക്കുകയോ തയ്യാറെടുപ്പുകൾ നടത്തുകയോ ചെയ്‌തിട്ടില്ല. പ്രഥമാധ്യാപകരുടെ ഒഴിവുകളിൽ കെ ടെറ്റ് യോഗ്യതയിൽ വ്യവസ്ഥവച്ച്‌ സ്ഥാനക്കയറ്റം നൽകിയാണ്‌ എൽഡിഎ-ഫ്‌ സർക്കാർ പ്രതിസന്ധി മറികടന്നത്‌. തസ്‌തിക നഷ്‌ടപ്പെടുന്നവരെ ഡിവിഷൻ കൂടിയ സ്‌കൂളുകളിലേക്കും ബിആർസി, എസ്‌എസ്‌കെ, കൈറ്റ്‌ എന്നിവിടങ്ങളിലേക്കും മാറ്റി നിയമിച്ചാണ്‌ തസ്‌തിക നിർണയം പൂർത്തിയാക്കിയത്‌. വീണ്ടും അധ്യാപകരെ പുറത്താക്കിയാൽ സമരപരിപാടികൾക്കൊപ്പം നിയമപരമായി നേരിടാനും ഒരുങ്ങുകയാണ്‌ അധ്യാപകരും സംഘടനകളും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home