ad
Deshabhimani

വിദ്യാര്‍ഥി പ്രക്ഷോഭം പാര്‍ലമെന്റിലും, പ്രതിഷേധം ശക്തമായതോടെ ഉച്ചവരെ നിര്‍ത്തിവെച്ചു

Rajya Sabha
വെബ് ഡെസ്ക്

Published on Jul 20, 2026, 12:23 PM | 1 min read

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങൾക്കുനേരെയുണ്ടായ പോലീസ് നടപടിയിലും നീറ്റ്-യു ജി പരീക്ഷാ പേപ്പർ ചോർച്ച വിഷയത്തിലും പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് പാര്‍ലമെന്റ് നടപടികൾ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി വരെ നിർത്തിവെച്ചു. ലോക്സഭയിലും രാജ്യസഭയിലും ഒരേ സമയം പ്രതിഷേധം ഉയര്‍ന്നു.


രാജ്യസഭ ആരംഭിച്ചയുടൻ ഔദ്യോഗിക രേഖകൾ മേശപ്പുറത്തുവെച്ച ശേഷം പ്രതിപക്ഷ നേതാവ് വിഷയം ഉന്നയിക്കുകയായിരുന്നു. നീറ്റ്-യു ജി പരീക്ഷാ പേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ഗുരുതരമായ വിഷയമാണെന്ന് ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ജന്തർ മന്തറിലെ പ്രതിഷേധ സ്ഥലത്ത് എത്തിയിരിക്കുന്നത്. അവർക്കുനേരെ കടുത്ത ലാത്തിച്ചാർജ്ജ് ആണ് ഉണ്ടായത്. വിദ്യാർത്ഥികളെ അടിച്ചമർത്താനും ഈ വിഷയം മൂടിവെയ്ക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്," - എന്ന് പ്രതിപക്ഷം ഒന്നടങ്കം ചൂണ്ടികാട്ടി.


Related News

പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിപക്ഷാംഗങ്ങൾ ഒന്നടങ്കം എഴുന്നേറ്റുനിന്ന് "ഷെയിം, ഷെയിം" എന്ന മുദ്രാവാക്യം വിളികളോടെ ബഹളം വെച്ചു. പ്രതിപക്ഷത്തിന്റെ പ്രതിഷേധവും ബഹളവും രൂക്ഷമായതോടെ, സഭാ നടപടികൾ മുന്നോട്ട് കൊണ്ടുപോകാനാവാതെ ചെയർമാൻ സി പി രാധാകൃഷ്ണൻ സഭ ഉച്ചയ്ക്ക് 12 മണി വരെ നിർത്തിവെക്കുകയാണെന്ന് പ്രഖ്യാപിച്ചു.


ലോക്സഭയിലും സമാനമായ പ്രതിഷേധം ഉയര്‍ന്നു. പരീക്ഷാ പേപ്പർ ചോർച്ച, അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് ആരോപണം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളും ഉയര്‍ന്നു. പ്രതിപക്ഷം കടുത്ത പ്രതിഷേധവും മുദ്രാവാക്യം വിളികളും ഉയർത്തിയതിനെ തുടർന്ന് പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ ലോക്‌സഭാ നടപടികൾ ഉച്ചയ്ക്ക് 12 മണി വരെ നിർത്തിവെച്ചു.


തിങ്കളാഴ്ച സമ്മേളനം ആരംഭിച്ചത് അടുത്തിടെ അന്തരിച്ച മുൻ അംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ്. തുടര്‍ന്ന് സഭ ചോദ്യോത്തര വേളയിലേക്ക് കടന്നു. എന്നാൽ, ചോദ്യോത്തര വേള ആരംഭിച്ചതോടെ പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുക്കളത്തിലിറങ്ങി കടുത്ത മുദ്രാവാക്യം വിളികളോടെ പ്രതിഷേധിക്കാൻ തുടങ്ങി. എൻഡിഎ സര്‍ക്കാരിന്റെ വീഴ്ചകളും കെടുകാര്യസ്ഥതയും മൂലം രാജ്യം നേരിടുന്ന ഗുരുതരമായ സാഹര്യങ്ങൾ സഭയിൽ ഉയര്‍ത്തി.


പ്രതിഷേധം തുടർന്നതോടെ സഭാ നടപടികൾ മുന്നോട്ട് കൊണ്ടുപോകാനാവാതെ ഉച്ചയ്ക്ക് 12 മണി വരെ നിർത്തിവെക്കുകയാണെന്ന് സ്പീക്കർ ഓം ബിർള പ്രഖ്യാപിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home