ad
Deshabhimani

print edition മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം

V S Achuthanandan Varantham Cover
avatar
കെ വി സുധാകരൻ

Published on Jul 20, 2026, 12:54 PM | 6 min read

വി എസ് അച്യുതാനന്ദൻ എന്ന പേര് പലപ്പോഴും അദ്ദേഹം തന്നെ ഓർക്കാറില്ലായിരുന്നു. അത്രമേൽ പരന്നൊഴുകി വി എസ് എന്ന ദ്വയാക്ഷരി. എ കെ ജിക്കും ഇ എം എസിനുമൊക്കെ മാത്രം ലഭിച്ചിട്ടുള്ള അപൂർവതയാണത്. വേർപാടിന്റെ ഒരു വർഷമാകുമ്പോഴും വി എസ് എന്ന രണ്ടക്ഷരത്തിന്റെ മാന്ത്രികത കേരളത്തിന്റെ മനസ്സിൽ കടലിരമ്പം തീർക്കുകയാണ്. വെന്തലത്തറ ശങ്കരൻ അച്യുതാനന്ദനായി ജനിക്കുകയും വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദനായി വളരുകയും വി എസ് അച്യുതാനന്ദനായി ഉയരുകയും ഒടുവിൽ വി എസ് എന്ന രണ്ടക്ഷരംകൊണ്ട് കേരളം കീഴടക്കുകയുംചെയ്ത ചരിത്രപുരുഷന്റെ ഓർമകൾക്ക്‌ ഇന്നും തിരയിളക്കം.


വി എസ് കൂടി സജീവമായി ഉണ്ടായിരുന്നെങ്കിൽ എന്ന് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പലപ്പോഴും കേരളം ചിന്തിച്ചു. മരണത്തിനുശേഷവും ഒരു മനുഷ്യന്റെ സാന്നിധ്യം സമൂഹമാകെ കൊതിക്കുന്നത് അത്ര സാധാരണമല്ല. എന്തുകൊണ്ടിങ്ങനെ? രാഷ്ട്രീയകേരളത്തിന്റെ മുന്നോട്ടുള്ള സഞ്ചാരവഴികളിൽ സാക്ഷിയായും സഹായിയായും നിലകൊള്ളുകയായിരുന്നു വി എസ്. രാഷ്ടീയ മുന്നേറ്റത്തിന്റെ വഴികളിലുണ്ടായ അപഭൃംശങ്ങൾക്കെതിരെ അദ്ദേഹം സന്ധിയില്ലാതെ സമരംചെയ്തു. തെറ്റുകളെ കണക്കറ്റ് വിചാരണചെയ്തു. വളവുകളിലും തിരിവുകളിലും ഇത്തിരി വെട്ടമായി ജ്വലിച്ചുനിന്നു. കണ്ണീർവാർക്കുന്നവരുടെ കണ്ണീർ സ്വന്തം ഹൃദയത്തിൽ ചേർത്തുവച്ചു. അവരുടെ മുറിവുകളിൽ കരുതലിന്റെയും കാവലിന്റെയും ലേപങ്ങൾ പുരട്ടി. പോരാളികൾക്ക് ഊർജം പകർന്നു. അധാർമികതയുടെ കരാളതകൾക്കുമുന്നിൽ നേരിന്റെ വജ്രായുധം നിവർത്തി. മനുഷ്യനും മാനവികതയ്ക്കും നേരെ ഉയർന്ന ഫണങ്ങളെ അടിച്ചുടച്ചു. പീഡിതരുടെ കൂരകളിൽ, കൂടെ പിറക്കാതെയും കൂടപ്പിറപ്പായി നിന്നു. എല്ലാ മനുഷ്യരെയും ചേർത്തുപിടിച്ചു. ഈ കരുതലിന്റെ, കാരുണ്യത്തിന്റെ, സഹനസമരസഞ്ചയത്തിന്റെ തീർത്താൽ തീരാത്ത കടപ്പാടാണ് മരണം വന്നുവിളിച്ച 2025 ജൂലൈ 21ന് ഉച്ചയ്ക്കുശേഷം 3.20 മുതൽ ജൂലൈ 23ന് രാത്രി 10ന്‌ ആലപ്പുഴ വലിയ ചുടുകാട്ടിൽ മൃതശരീരം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങുന്നതുവരെ കേരളം പ്രകടിപ്പിച്ചത്.


കണ്ണീർ അണപൊട്ടിയ 55 മണിക്കൂർ


ആ 55 മണിക്കൂർ മലയാളികൾ കണ്ടതും കേട്ടതും പറഞ്ഞതും രണ്ടക്ഷരം മാത്രം. നിന്നുപെയ്ത മഴപോലെ, കേരളവും കണ്ണീർമഴ പൊഴിച്ചു. കുട്ടികളും മുതിർന്നവരും സ്ത്രീകളും മഴ കൂസാതെ മണിക്കൂറുകൾ വഴിയോരങ്ങളിൽ കൂടിനിന്നു. വി എസിനെ ഒരിക്കൽപ്പോലും നേരിൽ കണ്ടിട്ടില്ലാത്ത ന്യൂജെൻ കുട്ടികൾ, സാധാരണ തൊഴിലാളികൾ, കാടും മേടും കടന്നെത്തിയ മനുഷ്യർ, ശാരീരിക അവശതകൾ വകവയ്ക്കാതെ ഓടിയണഞ്ഞവർ - അവരൊക്കെയും കൈകൂപ്പി, മുദ്രാവാക്യം മുഴക്കി, പൂക്കൾ വാരിയെറിഞ്ഞ് അലമുറയിട്ടു. ‘കണ്ണേ കരളേ വി എസ്സേ, ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ, ആരുപറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നു ഞങ്ങളിലൂടെ'. അത് വേദനയായി, തേങ്ങലായി കേരളത്തിൽ നെടുകെയും കുറുകെയും പ്രതിധ്വനിച്ചു. ഒരു നേതാവിന്‌ ലഭിക്കാവുന്ന അനന്യമായ യാത്രയയപ്പ്.


​അവസാനനാളുകളിലെ ആറ്‌ വർഷത്തോളം പൊതുജീവിതത്തിൽനിന്ന് ഒഴിഞ്ഞ്, ചികിത്സയും വിശ്രമവുമായിരുന്നു വി എസിന്‌. ആ നാളുകളിലെ രാഷ്ട്രീയ -സാമൂഹ്യ ചലനങ്ങൾ അദ്ദേഹം അറിഞ്ഞിരുന്നോ എന്ന് ഉറപ്പുമില്ല. പക്ഷെ, മലയാളികൾ മറക്കാൻ കഴിയാത്ത നേതൃബിംബമായി അദ്ദേഹത്തെ ഹൃദയത്തിൽ സൂക്ഷിക്കുന്നുണ്ടായിരുന്നു.


എന്നും ജനങ്ങൾക്കൊപ്പം


എന്തുകൊണ്ട് മലയാളികൾ വി എസിനെ ഇങ്ങനെ നെഞ്ചേറ്റി? ഒരാണ്ടു പിന്നിടുമ്പോഴും എന്തേ കേരളം വി എസിനെ തേടുന്നു? ഒറ്റ ഉത്തരമേയുള്ളൂ. അദ്ദേഹം എന്നും ജനങ്ങൾക്കൊപ്പമായിരുന്നു. ‘ഓർഗാനിക് ഇന്റലക്ച്വൽ' എന്ന അന്റോണിയോ ഗ്രാംഷിയുടെ പ്രയോഗം ഓർമപ്പെടുത്തുന്ന മട്ടിൽ, ഇന്റലക്ച്വൽ ഒന്നുമല്ലെങ്കിലും, വി എസ്‌ ഒരു ‘ഓർഗാനിക് പൊളിറ്റീഷ്യൻ' ആയിരുന്നു. സാധാരണ മനുഷ്യരിലേക്ക് തുറന്നിട്ടതായിരുന്നു ആ ജീവിതം. മാർക്സിസം സാമൂഹ്യ ജീവിതത്തിൽ സ്വാധീനമുണ്ടാക്കണമെങ്കിൽ സിദ്ധാന്തത്തിനൊപ്പം പ്രയോഗവും അനിവാര്യമാണെന്ന കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം സാധാരണമനുഷ്യരുടെ സങ്കടങ്ങളിൽ അവർക്കൊപ്പം സഞ്ചരിച്ചുകൊണ്ടേയിരുന്നു. യൗവനാരംഭത്തിനു മുമ്പേതന്നെ ജീവിതം ചുറ്റുമുള്ള മനുഷ്യരിലേക്ക് തുറന്നുവയ്ക്കുകയായിരുന്നു. കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും കയർത്തൊഴിലാളികളും ചെത്തുതൊഴിലാളികളും മരംകയറ്റ തൊഴിലാളികളുമൊക്കെയടങ്ങുന്ന, ദുരിതംപേറുന്ന മനുഷ്യരിലേക്കായിരുന്നു വി എസ് കടന്നുചെന്നത്. അവരുടെ കൂരകളിൽ അന്തിയുറങ്ങിയും പട്ടിണിയിൽ പങ്കുചേർന്നും ദുരിത ജീവിത വഴികളിലൂടെ സഞ്ചരിച്ചുമായിരുന്നു വി എസ് പൊതുപ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ ഹൃദയത്തിലേറ്റുവാങ്ങിയത്.


VS ACHUTHANANDAN WITH CROWD


1940കളിൽ സ്വാതന്ത്ര്യവും ജനാധിപത്യവുമൊക്കെ സ്വപ്നങ്ങൾക്കുപോലും അന്യമായിരുന്ന കാലത്താണ് യൗവനതീക്ഷ്ണമായ ജീവിതം ചുറ്റുമുള്ള മനുഷ്യർക്കുവേണ്ടി അദ്ദേഹം തീറെഴുതിയത്. ചരിത്രത്താളുകൾ മറിച്ചുനോക്കുമ്പോൾ വി എസ് നടന്നുമുന്നേറിയ വഴികളിലൊക്കെ മനുഷ്യർ പുതിയ മനുഷ്യരായി മാറിയത്‌ നാം കാണുന്നു. ‘തമ്പ്രാനെന്നു വിളിപ്പിക്കും, പാളേൽ കഞ്ഞി കുടിപ്പിക്കും ' എന്ന അധികാരഗർവിനോട് ‘തമ്പ്രാനെന്നു വിളിക്കില്ല, പാളേൽ കഞ്ഞി കുടിക്കില്ല ' എന്ന് ചങ്കുറപ്പോടെ വി എസ് വിളിച്ചുപറഞ്ഞു. അതേറ്റുപറഞ്ഞ പാവപ്പെട്ട മനുഷ്യർ ചരിത്രത്തിൽ നെഞ്ചുനിവർത്തി, തലയിൽ കെട്ടി, മീശ പിരിച്ച് സ്വന്തം അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ പ്രാപ്തരായി. അതിനുള്ള ഊർജവും ഇന്ധനവുമായിരുന്നു വി എസ് അവരിലേക്ക് സംക്രമിപ്പിച്ചത്.


പോരാട്ടങ്ങൾ അന്ത്യംവരെയും


​അഴിമതിക്കെതിരായ സന്ധിയില്ലാത്ത പോരാട്ടങ്ങൾ. രാഷ്ട്രീയമായ പോരാട്ടങ്ങൾക്കൊപ്പം നിയമവഴിയിലൂടെയും നടത്തിയ ഇടപെടലുകൾ. സ്ത്രീപീഡകരെ കൈയാമം വയ്പിക്കാൻ നടത്തിയ ശ്രമങ്ങൾ. കേരളത്തിന്റെ തീരാനോവായി മാറിയ സൂര്യനെല്ലി പെൺകുട്ടിയുടെ കണ്ണീരിന് സാന്ത്വനം പകർന്നത്. മുത്തച്ഛന്റെ സ്നേഹവാത്സല്യങ്ങളോടെ, തനിക്ക് പെൻഷൻ ലഭിച്ച തുകയിൽനിന്ന് മിച്ചംപിടിച്ച ലക്ഷം രൂപ അവൾക്കു നൽകിയത്. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കാൻ കാടും മലയും പുഴകളും താണ്ടി നടത്തിയ പോരാട്ടങ്ങൾ.


VS ACHUTHANANDAN


എൺപതാം വയസ്സിലും മതികെട്ടാൻചോല വനത്തിലെ കല്ലും മുള്ളും നിറഞ്ഞ മലമ്പാതകളിലൂടെയുള്ള സഞ്ചാരം. പൂയംകുട്ടിയും പീരുമേടും മുല്ലപ്പെരിയാറും ജീരകപ്പാറയും ഒക്കെ നടന്നുചെന്ന് അധികാരികളെ ഉണർത്തിയത്. മണൽ മാഫിയയ്‌ക്കും വനം മാഫിയയ്ക്കുമെതിരെ സിംഹഗർജനങ്ങൾ നടത്തിയത്...അങ്ങനെ മലയാളിയുടെ ജീവിതവഴികളിലേക്ക് വെളിച്ചമെത്തിക്കാൻ ഈ കുറിയ മനുഷ്യൻ താണ്ടിയ ദുർഘടപാതകൾക്ക് അന്തമില്ല. അതൊക്കെ മലയാളി എന്നും മനസ്സിന്റെ ചില്ലുകൂടാരത്തിൽ നിധിപോലെ സൂക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ വിയോഗനിമിഷങ്ങൾ നമ്മെ ബോധ്യപ്പെടുത്തി. ഏത്‌ പദവിയിലിരിക്കുമ്പോഴും ഏതൊരാൾക്കും അദ്ദേഹത്തെ ‘വി എസ്' എന്നുവിളിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോൾപ്പോലും ‘സി എം' എന്നോ ‘സർ' എന്നോ വിളിക്കുന്നതിനു പകരം, ഒപ്പം ജോലി ചെയ്തിരുന്നവർപോലും വി എസ് എന്ന വിളിപ്പേരിലായിരുന്നു സ്നേഹ ബഹുമാനങ്ങൾ ചൊരിഞ്ഞത്. അപരനിലേക്ക് അത്രയേറെ വി എസ് ചേർന്നുനിന്നു. മാർക്സിയൻ സങ്കൽപ്പമായ മാനവികതയുടെ പൊരുൾ ഇതാണെന്ന് വി എസിന് നന്നായി അറിയാമായിരുന്നു.


സാധാരണക്കാർക്കുവേണ്ടി


​2006ൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ഉടൻ കൊണ്ടുവന്ന നിയമ നടപടികളിലൊന്ന്, ‘കാർഷിക കടാശ്വാസ കമീഷൻ' രൂപീകരിക്കുകയായിരുന്നു. 2001–-2006 വരെയുള്ള കാലയളവിൽ ആയിരത്തിയഞ്ഞൂറോളം കർഷകർ കടക്കെണിയിൽപ്പെട്ട് ആത്മഹത്യചെയ്ത ദുരന്തസ്മരണകളുടെ പശ്ചാത്തലത്തിലായിരുന്നു അന്ന് വി എസ് മന്ത്രിസഭ ഇത്തരമൊരു കമീഷൻ രൂപീകരിച്ചത്. കടക്കെണിയിൽപ്പെട്ട് നരകജീവിതം തള്ളിനീക്കിയിരുന്ന മുഴുവൻ കർഷകരുടെയും കാർഷികകടങ്ങൾ ആ സർക്കാർ എഴുതിത്തള്ളി. സ്വതന്ത്ര ഇന്ത്യയിൽ ഇദംപ്രഥമമായാണ് ഇത്തരമൊരു കടാശ്വാസ കമീഷൻ രൂപീകരിച്ചത് എന്നറിയുമ്പോഴേ വി എസ് മന്ത്രിസഭ കൊണ്ടുവന്ന ആ പരിഷ്കാരത്തിന്റെ ചരിത്രപരമായ സാംഗത്യം മനസ്സിലാകൂ. ആ കടാശ്വാസ കമീഷന്റെ പ്രവർത്തനം ഇപ്പോൾ അവതാളത്തിലായിക്കൊണ്ടിരിക്കുന്നു എന്ന വാർത്തകൾ വരികയാണ്. 35000ത്തിലേറെ കർഷകർക്ക് കടാശ്വാസം തീർപ്പാക്കാൻ നിലവിൽ ശ്രമിക്കുന്നില്ലെന്ന തരത്തിലാണ് വാർത്തകൾ വരുന്നത്. 2001-–06ലെ യുഡിഎഫ് സർക്കാരിന്റെ കാലത്തെന്നതുപോലെ വീണ്ടും ഇപ്പോഴത്തെ യുഡിഎഫ് സർക്കാരിന്റെ കാലത്തും കർഷക ആത്മഹത്യകൾ വാർത്തകളിൽ ഇടംപിടിക്കുമോ എന്ന ആശങ്കയുമുണ്ട്.


‘വെട്ടിനിരത്തലി'നെ
ജ്ഞാനസ്നാനം ചെയ്യിച്ചു


കർഷകരെയും കർഷകത്തൊഴിലാളികളെയും ചേർത്തുപിടിക്കുന്നതിനൊപ്പം, കേരളത്തിന്റെ ഭക്ഷ്യ,-പരിസ്ഥിതി പ്രശ്നങ്ങളെയും ദീർഘവീക്ഷണത്തോടെ കണ്ട നേതാവായിരുന്നു വി എസ്. അതിനുവേണ്ടി അദ്ദേഹം ‘നെൽവയൽ സംരക്ഷണ സമര'ത്തിന്‌ നേതൃത്വം നൽകി. പക്ഷെ, അതിന്റെ പേരിൽ ‘വെട്ടിനിരത്തലുകാരൻ' എന്ന ദുരർഥ സൂചനയുള്ള വാക്കുകൊണ്ട് രാഷ്ട്രീയ എതിരാളികളും മാധ്യമങ്ങളും അദ്ദേഹത്തെ പരിഹസിക്കാൻ ശ്രമിച്ചു. ഈ സമരം വി എസിന് വെറുമൊരു സമരമായിരുന്നില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹം മുൻകൈയെടുത്ത് ‘കേരള നെൽവയൽ - നീർത്തട സംരക്ഷണ നിയമം 2008' പാസാക്കിയത്. ഒടുവിൽ, 2018 ആഗസ്‌തിൽ നൂറ്റാണ്ടിലെ മഹാപ്രളയം കേരളത്തെ മുക്കിക്കൊന്നപ്പോൾ, 1990കൾ മുതൽ വി എസ് പറഞ്ഞുകൊണ്ടിരുന്നതും ചെയ്തുകൊണ്ടിരുന്നതും ശരിയാണെന്ന് ഇക്കൂട്ടർക്ക്‌ ബോധ്യംവന്നു. അതുകൊണ്ടാണെന്നു തോന്നുന്നു, വി എസിന്റെ മരണശേഷം, 2025 ജൂലൈ 22ന് മലയാള മനോരമ കുമ്പസാരത്തിന്റെ മട്ടിൽ അവരുടെ എഡിറ്റ് പേജിൽ, "കാലം പറയും; വി എസ് ആണ് ശരി’ എന്ന തലക്കെട്ടിൽ പ്രത്യേക വാർത്ത നൽകിയത്.


ഈ കുമ്പസാരം നടത്താൻ പക്ഷേ, വി എസ് കഥാവശേഷനാകേണ്ടിവന്നുവെന്നു മാത്രം. ഒന്നുകൂടിയുണ്ട്. ആ കുമ്പസാരക്കുറിപ്പിലും അഞ്ചിടത്താണ് ‘വെട്ടിനിരത്തൽ' എന്നുപയോഗിച്ചത്, ‘വ്യാജസ്തുതി' എന്ന അലങ്കാരത്തെ ഓർമിപ്പിക്കുന്ന മട്ടിൽ.


സമരമുദ്രാവാക്യങ്ങൾ
സാക്ഷാൽക്കരിച്ചു


​അധികാരവികേന്ദ്രീകരണത്തിന് ജനകീയാസൂത്രണത്തിന്റെ വിപുലമായ ആശയവും ആവേശവും നൽകിയത് 1996ലെ നായനാർ മന്ത്രിസഭയുടെ കാലത്താണ്‌. എന്നാൽ പിന്നീട് വന്ന യുഡിഎഫ് സർക്കാർ അതിന്റെ സാധ്യതകൾ തല്ലിക്കെടുത്തി. ഇത്തരമൊരു സന്ദർഭത്തിലാണ് 2006ൽ വി എസ് മുഖ്യമന്ത്രിയായ മന്ത്രിസഭ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തിയത്. ഈ നടപടിയിലൂടെ കേരളം അധികാര വികേന്ദ്രീകരണത്തിലും മുമ്പേ പറക്കുന്ന പക്ഷിയായി. പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല എന്ന വസ്തുത ഇപ്പോഴും നിലനിൽക്കുന്നുണ്ടല്ലോ.


നാട്ടുവഴക്കത്തിലെ
രാഷ്ട്രീയ ആർജവം


​പ്രത്യയശാസ്ത്ര ആർജവവും രാഷ്ട്രീയ ദിശാബോധവും രാഷ്ട്രീയ എതിരാളികളുടെ നെഞ്ചകംപിളർക്കുന്ന പ്രസംഗങ്ങളും ഇടപെടലുകളുംകൊണ്ട് നിയമസഭാ വേദിയെ ചടുലമാക്കുകയും കീഴടക്കുകയും ചെയ്ത വി എസിനെ ആർക്കാണ്‌ മറക്കാൻ കഴിയുക? നീട്ടിയും കുറുക്കിയും ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചാർത്തിയും വി എസ് സഭയിൽ നടത്തിയ പ്രസംഗങ്ങൾ ചരിത്രത്തിലെത്തന്നെ രോമാഞ്ചജനകമായ അനുഭവങ്ങളാണ്. രാഷ്ട്രീയത്തെ പുരാണങ്ങളുടെയും ഭഗവദ്ഗീതയുടെയും വിശുദ്ധ വേദപുസ്തകത്തിന്റെയും മൊഴിമുത്തുകൾകൊണ്ട് വിശകലനം ചെയ്തിട്ടുള്ള വി എസിന്റെ നിയമസഭാ പ്രസംഗങ്ങൾ സാധാരണ നിയമസഭാ പ്രസംഗങ്ങളിൽനിന്ന്‌ വേറിട്ടുനിൽക്കുന്നതാണ്. ‘വീണിതല്ലോ കിടക്കുന്നു ധരണിയിൽ/ ശോണിതവുമണിഞ്ഞയ്യോ ശിവശിവ' എന്ന മഹാഭാരതം ഗാന്ധാരിവിലാപത്തിലെ വരികൾ വി എസ് സഭയിൽ നീട്ടിപ്പാടുമ്പോൾ എതിർപക്ഷത്തിരിക്കുന്ന പലരും സഭയിൽ വീണുകിടക്കുന്നത് പലപ്പോഴും കണ്ടിട്ടുള്ളതാണ്.


ഭരണപരിഷ്കാരത്തിലും കൈയൊപ്പ്


​ഈ അനുഭവത്തുടർച്ചയിലാണ് അദ്ദേഹം 2016–21 കാലത്ത് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ പദവിയിലിരുന്ന് റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിച്ചത്. മൊത്തം 13 റിപ്പോർട്ടുകൾ നൽകി. ഇതിനായി ആയിരക്കണക്കിന് ആളുകളുമായി വിവിധ ജില്ലകളിലെത്തി സംവദിച്ചു. അക്കാദമിക് പണ്ഡിതന്മാർ, ഉദ്യോഗസ്ഥ പ്രമുഖർ, ഓരോ മേഖലയിലെയും വിദഗ്ധർ, ആക്ടിവിസ്റ്റുകൾ തുടങ്ങിയവരടങ്ങുന്ന നിരവധി ശിൽപ്പശാലകൾ നടത്തി. അവിടങ്ങളിൽ നിന്നെല്ലാം സമാഹരിച്ച വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിലായിരുന്നു റിപ്പോർട്ടുകൾ നൽകിയത്. 13 റിപ്പോർട്ടുകളിൽ എട്ടെണ്ണവും ജീവനക്കാരും ഉദ്യോഗസ്ഥ വിന്യാസവും സാധാരണ മനുഷ്യരുടെ ജീവിതവും തമ്മിലുള്ള വൈരുധ്യാത്മക ബന്ധം സുഖകരവും സുദൃഢവും ആക്കാനുള്ള നിർദേശങ്ങൾ അടങ്ങുന്നവയാണ്.


വി എസ് ഓർമിപ്പിക്കുന്നത്


സംഘപരിവാർ രാഷ്ട്രീയം പല നിലകളിൽ രാജ്യത്തെ രാഷ്ട്രീയ സാമൂഹ്യ വ്യവഹാരങ്ങളെ അലോസരപ്പെടുത്തുന്ന ഈ സന്ദർഭത്തിൽ വി എസിന്റെ ഓർമകൾക്ക് പ്രസക്തിയേറെയാണ്. സംഘപരിവാർ രാഷ്ട്രീയത്തിന്റെ ഗർഹണീയതയെ കൗതുകകരമായ സാധാരണയുക്തികൊണ്ട്‌ പൊളിച്ചുകാട്ടുകയാണ് വി എസ് ചെയ്തത്. " പശു മാതാവാണെങ്കിൽ, അതിന്റെ ഇണയായ കാള നിങ്ങളുടെ അച്ഛനാണോ’ എന്ന ഏതൊരാൾക്കും മനസ്സിലാകുന്ന യുക്തികൊണ്ട് സംഘപരിവാർ രാഷ്ട്രീയത്തിന്റെ നെഞ്ചകം പിളർക്കുകയായിരുന്നു വി എസ്. ‘അമ്മയെ ആരെങ്കിലും മൂക്കുകയറിട്ട് കെട്ടിവലിക്കുമോ' എന്നുകൂടി വി എസ് ചോദിച്ചുകൊണ്ടിരുന്നു. സമാനമായ എതിർപ്പ് ഇസ്ലാമിസ്റ്റ് തീവ്രവാദത്തോടും അദ്ദേഹം കാട്ടി. 2040 ആകുമ്പോൾ കേരളത്തെ ഒരു മുസ്ലിംഭൂരിപക്ഷ പ്രദേശമാക്കി മാറ്റുമെന്ന പോപ്പുലർ ഫ്രണ്ടിന്റെ പ്രസ്താവന ഉദ്ധരിച്ചതിന്റെ പേരിൽ വി എസ് ആണ് ഈ പ്രസ്താവന നടത്തിയതെന്ന തരത്തിൽ മുസ്ലിം തീവ്രവാദികളും ഹിന്ദു തീവ്രവാദികളും ഉപയോഗിക്കുന്നതും കേരളം കണ്ടു. ​


V S Achuthanandan last crowd


വി എസ് ഒത്തിരി നന്മകളുടെ ജീവിത ഇടപെടലുകൾ സമ്മാനിച്ചാണ് ഓർമകളിലേക്ക്‌ മറഞ്ഞത്. ആ ജീവിത ഇടപെടലുകളിലേക്ക് വി എസിനെ കൈപിടിച്ചു നടത്തിയത് സാക്ഷാൽ പി കൃഷ്ണപിള്ളയായിരുന്നു. 1940ൽ വി എസിന്റെ പതിനേഴാം വയസ്സിൽ കമ്യൂണിസ്റ്റ് പാർടിയുടെ പോരാട്ടവഴികളിലേക്ക് പി കൃഷ്ണപിള്ള അദ്ദേഹത്തെ ചുവടുവയ്പിക്കുമ്പോൾ അതൊരു ചരിത്ര സൃഷ്ടിയിലേക്കുള്ള കാൽവയ്പായിരുന്നു. കൃഷ്ണപിള്ളയ്ക്ക് തെറ്റിയില്ല. വി എസ് അത് തെറ്റിച്ചതുമില്ല. ടെറി ഈഗിൾടൺ ‘Why Marx was Right’ എന്ന ഗ്രന്ഥത്തിൽ "എംഗൽസ് എന്ന അടിത്തറമേൽ ഉയർന്നുവന്ന ഉപരിഘടനയാണ് കാൾ മാർക്സ്" ( Engels acted as the material base to Marx's intellectual superstructure) എന്ന് പറയുന്നുണ്ട്. അതിശയോക്തിയാകുമോ എന്നറിയില്ല, ‘പി കൃഷ്ണപിള്ളയെന്ന അടിത്തറമേൽ ഉയർന്നുവന്ന ഉപരിഘടനയാണ് വി എസ്’ എന്നു പറയാവുന്നതാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home