ആറുവയസുകാരിയെ കടിച്ചുവലിച്ച് തെരുവുനായ്ക്കൾ; സ്ത്രീയുടെ ഇടപെടലിൽ അത്ഭുത രക്ഷ

Photo: NDTV
ലഖ്നൗ: കൂട്ടമായി എത്തിയ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ആറുവയസുകാരിക്ക് ഗുരുതര പരിക്ക്. ഗാസിയാബാദിലെ റസിഡൻഷ്യൽ സൊസൈറ്റിയിലാണ് സംഭവം. സമീപത്തെത്തിയ സ്ത്രീയുടെ സമയോചിത ഇടപെടലാണ് കുട്ടിയുടെ ജീവൻ തിരിച്ചുകിട്ടിയത്. നായകളുടെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. രാജ് നഗർ എക്സ്റ്റൻഷനിലെ സ്റ്റാർ രാമേശ്വരം സൊസൈറ്റിയിലാണ് സംഭവം.
റെസിഡൻഷ്യൽ കോംപ്ലക്സിലൂടെ നടന്ന് പോകുകയായിരുന്ന പെൺകുട്ടിക്ക് നേരെ തെരുവുനായ പാഞ്ഞടുക്കുകയും വസ്ത്രം കടിച്ചുവലിച്ച് മറ്റ് നായ്ക്കളുടെ അടുത്തേയ്ക്ക് വലിച്ചിഴയ്ക്കുകയും ചെയ്തു. മറ്റ് നായകൾ കുട്ടിക്ക് അരികിലേയ്ക്ക് കൂട്ടത്തോടെ എത്തുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. കുട്ടിയെ നായകൾ ആക്രമിക്കുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന സ്ത്രീ ഓടിയെത്തുകയും ചെരുപ്പുകൊണ്ട് നായകളെ ഭയപ്പെടുത്തി ഓടിക്കുകയുമായിരുന്നു.
ബഹളം കേട്ട് മറ്റ് താമസക്കാരും ഓടിയെത്തുകയും കുട്ടിയെ സുരക്ഷിതമാക്കുകയും ചെയ്തു. നായകളുടെ ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന പരാതി പലതവണ നൽകിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. സമാനമായ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.









0 comments