ad
Deshabhimani

യുഎസ്–ഇറാൻ സംഘർഷം രൂക്ഷം; ആണവനിലയത്തിന് നേരെ വ്യോമാക്രമണം, തിരിച്ചടിച്ച് ഇറാൻ

War

Photo:AP

വെബ് ഡെസ്ക്

Published on Jul 19, 2026, 08:53 PM | 1 min read

വാഷിങ്‌ടൺ : ജോർദാനിൽ യുഎസ് സൈനികർ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇറാനുനേരെ തുടർച്ചയായ എട്ടാം രാത്രിയും ശക്തമായ ആക്രമണം നടത്തി അമേരിക്ക. ഇറാന്റെ തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, മിസൈൽ സംഭരണശാലകൾ എന്നിവയ്ക്ക് പുറമെ നിർമാണത്തിലിരിക്കുന്ന ദാർഖോവിൻ ആണവനിലയത്തിന് നേരെയും യുഎസ് യുദ്ധവിമാനങ്ങളും ടോമാഹോക്ക് ക്രൂസ് മിസൈലുകളും പതിച്ചു. ആണവനിലയത്തിന് നേരെയുള്ള ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാന്റെ ആറ്റോമിക് എനർജി ഓർഗനൈസേഷൻ പ്രതികരിച്ചു.


യുഎസ് ആക്രമണത്തിന് തൊട്ടുപിന്നാലെ ഇറാനും തിരിച്ചടിച്ചു. കുവൈറ്റിലെ രണ്ട് യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ക്യാമ്പ് ഉദൈരിയിലെ യുദ്ധോപകരണ ഡിപ്പോയ്ക്കും അലി അൽ സലേം എയർബേസിലെ പേട്രിയറ്റ് റഡാർ സംവിധാനങ്ങൾക്കും നേരെയാണ് ആക്രമണമുണ്ടായത്. കുവൈറ്റിലെ എണ്ണ ശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തിൽ തീപിടിത്തമുണ്ടായതായും ഇത് കുവൈറ്റിലെ കുടിവെള്ള വിതരണത്തെ ബാധിച്ചതായും റിപ്പോർട്ടുണ്ട്.


ജോർദാനിലെ അഖാബ ലക്ഷ്യമാക്കി വന്ന ഇറാന്റെ മിസൈൽ ഇസ്രയേൽ-ജോർദാൻ സേനകൾ തകർത്തു. ഇറാനെതിരെയുള്ള വ്യോമാക്രമണം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ യുഎസ് റീഫ്യൂവലിങ് വിമാനങ്ങൾ എത്തിക്കാൻ തയ്യാറെടുക്കുകയാണെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. വെള്ളിയാഴ്ച ജോർദാനിലെ യുഎസ് ബേസിന് നേരെയുണ്ടായ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതാണ് ഇപ്പോഴത്തെ പ്രത്യാക്രമണങ്ങൾക്ക് കാരണമായത്.


ഇതോടെ യുദ്ധം തുടങ്ങിയ ശേഷമുള്ള ആകെ യുഎസ് സൈനികരുടെ മരണസംഖ്യ 16 ആയി. നിലവിലെ യുഎസ് ആക്രമണത്തിൽ തങ്ങളുടെ 50 പേർ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണം തുടർന്നാൽ അമേരിക്ക മറക്കാനാവാത്ത പാഠം പഠിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമ് മേനി മുന്നറിയിപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home