'വന്ദേമാതരം' ഭേദഗതി ബിൽ പിൻവലിക്കണം; അമിത് ഷായ്ക്ക് ജോൺ ബ്രിട്ടാസിന്റെ കത്ത്

ന്യൂഡൽഹി: ദേശീയ ബഹുമതിയോടുള്ള അപമാനം തടയൽ നിയമ ഭേദഗതി ബിൽ 2026 പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. വന്ദേമാതരവുമായി ബന്ധപ്പെട്ട് ഭരണഘടനാപരമായി രൂപപ്പെട്ട സമതുലിത ധാരണയെ ബിൽ അട്ടിമറിക്കുന്നതായും സ്വമേധയാ പ്രകടിപ്പിക്കേണ്ട ദേശസ്നേഹ ആദരവിനെ ക്രിമിനൽ ശിക്ഷയുടെ പിൻബലമുള്ള നിർബന്ധിത ബാധ്യതയാക്കി മാറ്റാൻ ശ്രമിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
1950 ജനുവരി 24ന് ഡോ രാജേന്ദ്ര പ്രസാദ് നടത്തിയ പ്രസ്താവനയെ മാത്രം അടിസ്ഥാനമാക്കിയാണ് ഭേദഗതി ബിൽ കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ വന്ദേമാതരത്തിന് ദേശീയഗാനത്തിനുള്ളതുപോലെ ഭരണഘടനാപരമോ നിയമപരമോ ആയ പദവി നൽകേണ്ടതില്ലെന്ന ഭരണഘടനാ സഭയുടെ തീരുമാനത്തെ ബിൽ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വന്ദേമാതരത്തോടുള്ള ആദരവ് രാജ്യത്ത് സ്വമേധയാ പ്രകടിപ്പിക്കപ്പെടുന്ന ദേശസ്നേഹത്തിന്റെ ഭാഗമായാണ് നിലനിന്നിട്ടുള്ളത്. അതിനെ നിയമപരമായ നിർബന്ധത്തിന്റെയും ശിക്ഷയുടെയും പരിധിയിൽ കൊണ്ടുവരുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മനസ്സാക്ഷിയുടെ സ്വാതന്ത്ര്യത്തെയും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്ന് കത്തിൽ വ്യക്തമാക്കി.
ഇന്ത്യയുടെ ബഹുസ്വര സ്വഭാവത്തെയും വ്യത്യസ്ത വിശ്വാസങ്ങളും നിലപാടുകളും ഉൾക്കൊള്ളുന്ന ഭരണഘടനാ സമീപനത്തെയും ബിൽ ദുർബലപ്പെടുത്തും. ദേശീയ ചിഹ്നങ്ങളോടുള്ള ആദരവ് ക്രിമിനൽ ശിക്ഷയിലൂടെ അടിച്ചേൽപ്പിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളുമായി പൊരുത്തപ്പെടില്ലെന്നും അതിനാൽ നിർദിഷ്ട ഭേദഗതി ബിൽ പിൻവലിക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.











0 comments