വിനീഷ്യസുമായുള്ള കരാർ അഞ്ചുവർഷത്തേക്ക്‌ കൂടി പുതുക്കാൻ റയൽ– റിപ്പോർട്ട്‌

vinicius jr

PHOTO: Instagram/vinijr

avatar
Sports Desk

Published on Apr 23, 2025, 07:56 PM | 1 min read

മാഡ്രിഡ്‌: റയൽ മാഡ്രിഡുമായി പുതിയ കരാറിൽ ഒപ്പു വയ്‌ക്കാനൊരുങ്ങി ബ്രസീലിയൻ താരം വിനീഷ്യസ്‌ ജൂനിയർ. താരം ക്ലബ്ബുമായുള്ള കരാർ അഞ്ച്‌ വർഷത്തേക്ക്‌ കൂടി നീട്ടിയേക്കുമെന്നാണ്‌ റിപ്പോർട്ടുകൾ. 2018 മുതൽ ക്ലബ്ബിന്റെ ഭാഗമായ വിനീഷ്യസ്‌ രണ്ട്‌ ചാമ്പ്യൻസ്‌ ലീഗ്, മൂന്ന് ലാലിഗ കിരീടങ്ങളുൾപ്പെടെ നിരവധി ടൈറ്റിലുകൾ റയൽ മാഡ്രിഡിനോടൊപ്പം നേടിയിട്ടുണ്ട്‌. ബ്രസീലിയൻ ക്ലബ്ബ്‌ ഫ്ലമെങ്കോയിൽ നിന്നായിരുന്നു മാഡ്രിഡിലേക്കുള്ള താരത്തിന്റെ വരവ്‌.


സൗദി ലീഗിലെ ഒരു ക്ലബ്ബിൽ നിന്ന്‌ വിനീഷ്യസിന്‌ ഓഫർ വന്നതായി സ്‌പാനിഷ്‌ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. ഒരു വർഷമായി നിലനിൽക്കുന്ന ഈ വാർത്തകളെ നിരസിച്ചുകൊണ്ടാണ്‌ റയലുമായുള്ള പുതിയ കരാറിൽ താരം ഒപ്പിട്ടേക്കും എന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്‌. 2027ലാണ്‌ റയൽ മാഡ്രിഡുമായുള്ള വിനീഷ്യസിന്റെ നിലവിലെ കരാർ അവസാനിക്കുക.

കഴിഞ്ഞ സീസണിനെ അപേക്ഷിച്ച്‌ അത്ര മികച്ച രീതിയിലല്ല നിലവിൽ വിനീഷ്യസും റയലും കളിച്ച്‌ കൊണ്ടിരിക്കുന്നത്‌. സ്‌പാനിഷ്‌ സൂപ്പർ കപ്പിന്റെ ഫൈനലിൽ ചിരവൈരികളായ എഫ്‌ സി ബാഴ്‌സലോണയോട്‌ രണ്ടിനെതിരെ അഞ്ച്‌ ഗോളുകൾക്ക്‌ പരാജയപ്പെട്ട റയൽ അടുത്തിടെ ചാമ്പ്യൻസ്‌ ലീഗിൽ നിന്നും പുറത്തായിരുന്നു. ഇരുപാദങ്ങളിലുമായി 5–1 എന്ന ഗോൾ വ്യാത്യാസത്തിൽ ആഴ്‌സലിനോടാണ്‌ ലോസ്‌ ബ്ലാങ്കോസ്‌ പരാജയപ്പെട്ടത്‌.


ലാലിഗ, കോപാ ഡെൽ റേ കിരീടങ്ങൾ മാത്രമാണ്‌ ഇനി ഈ സീസണിലെ റയലിന്റെ പ്രതീക്ഷ. ഈ രണ്ട്‌ കിരീടങ്ങൾ നേടണമെങ്കിലും റയലിന്‌ ബാഴ്‌സയെ മറികടക്കേണ്ടതുണ്ട്‌. ലാലിഗയിൽ 33 മത്സരങ്ങളിൽ നിന്ന്‌ 77 പോയിന്റുമായി ലാലിഗയിലെ പോയിന്റ്‌ പട്ടികയിൽ ഒന്നാമതാണ്‌ ബാഴ്‌സലോണ. 32 കളിയിൽ ന്നിന്ന്‌ 69 പോയിന്റുമായി റയൽ രണ്ടാമതും. കോപാ ഡെൽ റേ ഫൈനലിൽ റയൽ ഏറ്റുമുട്ടുന്നതും ബാഴ്‌സലോണയോടെയാണ്‌. 27ന്‌ രാത്രിയാണ്‌ ഫൈനൽ.



deshabhimani section

Related News

View More
0 comments
Sort by

Home