ad
Deshabhimani

print edition പൊറുക്കുക, വിനീഷ്യസ് ; റയൽ മുന്നേറ്റക്കാരനെതിരെ വംശീയാധിക്ഷേപം

Vinicius Jr racist abuse
വെബ് ഡെസ്ക്

Published on Feb 19, 2026, 04:03 AM | 1 min read


ലിസ്‌ബൺ

കളത്തിൽ വീണ്ടും വംശവെറി. ഇത്തവണയും ഇര റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ മുന്നേറ്റക്കാരൻ വിനീഷ്യസ്‌ ജൂനിയറാണ്‌. കളിജീവിതത്തിൽ 17–ാം തവണയാണ്‌ ഇരുപത്തഞ്ചുകാരൻ നിറത്തിന്റെയും വംശത്തിന്റെയും പേരിൽ അപമാനിക്കപ്പെടുന്നത്‌.


ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ പ്ലേ ഓഫ്‌ റ‍ൗണ്ടിൽ ബെൻഫിക്കയുമായുള്ള മത്സരത്തിനിടെയാണ്‌ സംഭവം. 50–ാം മിനിറ്റിൽ ഗോൾ നേടിയശേഷം ആഘോഷിച്ച വിനീഷ്യസിനെ ബെൻഫിക്ക താരം ജിയാൻലൂക പ്രെസ്‌റ്റിയാനി അധിക്ഷേപിക്കുകയായിരുന്നു. ജേഴ്‌സി കൊണ്ട്‌ വായമറച്ചശേഷം കുരങ്ങനെന്ന്‌ വിളിച്ചു. ഉടനെ റയൽ മുന്നേറ്റക്കാരൻ റഫറിയുടെ അടുത്തെത്തി പരാതി പറഞ്ഞു. കളി പത്ത്‌ മിനിറ്റ്‌ നിർത്തിവയ്‌ക്കുകയും ചെയ്‌തു.


രംഗം തണുത്തപ്പോഴാണ്‌ മത്സരം പുനരാരംഭിച്ചത്‌. ഇതിനിടയിൽ ഇരുടീമിലെയും താരങ്ങൾ പലപ്പോഴും പോര്‌ വിളിച്ചു. ബെൻഫിക്ക കോച്ച്‌ ഹൊസെ മൊറീന്യോ ചുവപ്പ്‌ കാർഡ്‌ കണ്ട്‌ മടങ്ങുകയും ചെയ്‌തു. കളിയവസാനം കോർണർ കിക്കെടുക്കാനെത്തിയ വിനീഷ്യസിനെതിരെ ബെൻഫിക്ക ആരാധകർ കുപ്പികളെറിഞ്ഞു. ‘ഭീരുക്കൾ എപ്പോഴും ഇങ്ങനെയാണ്‌. അവർ വായമൂടികെട്ടും. പിന്നിൽനിന്ന്‌ എറിയും. എന്റെ ജീവിതത്തിൽ ഇതൊന്നും പുതിയ കാര്യമല്ല. കളി തുടരും. വംശവെറിയൻമാർക്കെതിരായ പോരാട്ടവും’–മത്സരശേഷം വിനീഷ്യസ്‌ സമൂഹമാധ്യമത്തിൽ കുറിച്ചു. ഒരിക്കലും സഭവിക്കാൻ പാടില്ലാത്ത കാര്യമാണ്‌ നടന്നതെന്നും പ്രെസ്‌റ്റിയാനിയെ ലീഗിൽ ഇനിയൊരിക്കലും കളിപ്പിക്കരുതെന്നും റയൽ മുന്നേറ്റക്കാരൻ കിലിയൻ എംബാപ്പെ പറഞ്ഞു. വിഷയത്തിൽ യുവേഫ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.


മത്സരം ഒറ്റ ഗോളിന്‌ ജയിച്ച്‌ റയൽ ആദ്യപാദ പ്ലേ ഓഫിൽ ആധിപത്യം നേടി. 25ന്‌ സാന്റിയാഗോ ബെർണബ്യൂവിലാണ്‌ രണ്ടാംപാദം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home