ad
Deshabhimani

print edition ഉരുകി തെളിഞ്ഞു

vencious

വിനീഷ്യസ്‌ ജൂനിയർ |Photo;Wikipedia

വെബ് ഡെസ്ക്

Published on Jun 26, 2026, 12:17 AM | 2 min read

മയാമി : കളത്തിലെ ആനന്ദക്കാഴ്‌ചയാണ്‌ പന്തുമായി ഒഴുകുന്ന വിനീഷ്യസ്‌. അസാമാന്യ വേഗവും അതിനൊത്ത നിയന്ത്രണവും. എതിരാളികളെ ഡ്രിബിൾ ചെയ്‌ത്‌ മുന്നേറാനുള്ള അനുപമമായ കഴിവ്‌. വിനീഷ്യസിന്റെ കളിയിൽ ബ്രസീലിന്റെ സുന്ദര ഫുട്‌ബോളിന്റെ ഇരന്പമുണ്ട്‌. സാംബയുടെ താളമുണ്ട്‌. ലോകകപ്പിലെ മൂന്ന്‌ കളിയിലും ഇരുപത്തഞ്ചുകാരൻ പുറത്തെടുത്ത പ്രകടനം പ്രതീക്ഷ പകരുന്നതാണ്‌. സ്‌കോട്‌ലൻഡിനോടുള്ള ഇരട്ടഗോൾ ഉൾപ്പെടെ ഇ‍ൗ ലോകകപ്പിൽ നാലെണ്ണം. ഒരു ഗോളിന്‌ അവസരമൊരുക്കി. നെയ്‌മറുടെ നിഴലിൽനിന്ന് മാറി ബ്രസീൽ വിനീഷ്യസിന്റെ കാലുകളിൽ വിശ്വസിക്കാൻ തുടങ്ങുന്നു.


സാവോ ഗൊൺസാലോയുടെ തെരുവിൽ, മറ്റൊരാൾ ഉപയോഗിച്ച്‌ പഴകിയ ഷൂവുമായി പന്ത്‌ തട്ടിയ ക‍ൗമാരക്കാരനിൽനിന്ന്‌ ബ്രസീലിന്റെ ലോകകപ്പ്‌ സ്വപ്‌നങ്ങളിലേക്കുള്ള വിനീഷ്യസിന്റെ യാത്ര സംഘർഷങ്ങൾ നിറഞ്ഞതായിരുന്നു. സമീപകാല ഫ-ുട്‌ബോളിൽ ഇത്രയേറെ അപമാനിക്കപ്പെട്ട മറ്റൊരു കളിക്കാരനില്ല. പലപ്പോഴും ആളുകൾക്ക്‌ മുന്നിൽ പൊട്ടിക്കരഞ്ഞിട്ടുള്ള വിനീഷ്യസ്‌ ഒരിക്കൽപ്പോലും പക്ഷേ, തോറ്റുപിന്മാറിയിട്ടില്ല.


പതിനെട്ടാം വയസിൽ റയൽ മാഡ്രിഡിന്റെ കുപ്പായത്തിൽ അരങ്ങേറുന്പോൾ സ്‌പാനിഷ്‌ മാധ്യമങ്ങൾ ഒന്നടങ്കം എഴുതിയത്‌ ഇതാ പുതിയൊരു നെയ്‌മർ വരുന്നു എന്നാണ്‌. പക്ഷേ, കഴിഞ്ഞ എട്ട്‌ വർഷത്തിനിടയിൽ 21 തവണയാണ്‌ ബ്രസീലുകാരൻ വംശീയതയ്‌ക്ക്‌ ഇരയായിട്ടുള്ളത്‌. ഒരു കറുത്ത വംശജൻ അംഗീകരിക്കപ്പെടണമെങ്കിൽ മറ്റുള്ളവരെക്കാൾ രണ്ടിരട്ടി പോരടിക്കേണ്ടിവരുമെന്ന വാക്കുകൾ വിനീഷ്യസിന്റെ കാര്യത്തിൽ കൃത്യമായി. ഏൽക്കുന്ന അപമാനങ്ങൾ ദേഷ്യമായും ആശങ്കയായും ചിലപ്പോൾ കളത്തിലെ അതിരുവിടുന്ന അംഗവിക്ഷേപങ്ങളുമായും പ്രകടിപ്പിച്ചു.


പുറംകാഴ്‌ചകൾക്കപ്പുറത്ത്‌ ഉള്ളിൽ അതിജീവിനത്തിന്റെ പോരാട്ടമായിരുന്നു വിനീഷ്യസിന്‌. ‘കളിക്കൂ, ശാന്തമായി പ്രതികരിക്കൂ’ എന്ന്‌ സ്‌പാനിഷ്‌ മാധ്യമങ്ങൾ ഉപദേശം നൽകി. വംശീയത പറയാതെതന്നെ അതിനുള്ള കളമൊരുക്കി മാധ്യമങ്ങൾ. അപ്പോഴേക്കും ഫുട്‌ബോൾ ലോകത്ത്‌ വിവേചനത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ പ്രതീകമായി വിനീഷ്യസ്‌ മാറിയിരുന്നു.

സ്‌പെയ്‌നിനിലെ സ്‌റ്റേഡിയങ്ങളിലെല്ലാം അപമാനിക്കപ്പെട്ടു. 2022ലെ എൽ ക്ലാസികോ മത്സരത്തിനിടെ കാണികൾ കുരങ്ങന്റെ ആംഗ്യം കാട്ടി ‘പോയി പഴം കഴിക്കൂ’ എന്ന്‌ ആക്രോശിച്ചു. 2023 ജനുവരിയിൽ വിനീഷ്യസിന്റെ പേരിലുള്ള ജഴ്‌സിയിട്ട ഒരു പാവയെ ചിലർ മാഡ്രിഡിലെ ഒരു പാലത്തിനരികെ കെട്ടിത്തൂക്കി. നടപടികളൊന്നുമുണ്ടായില്ല. എടുത്തവയൊന്നും ഗ‍ൗരവതരവുമായില്ല.

‘ചിലർ എന്നോട്‌ അവഗണിക്കാൻ പറഞ്ഞു, മറ്റ്‌ ചിലർ പോരാട്ടം എവിടെയുമെത്തില്ലെന്ന്‌ പറഞ്ഞു. ഞാൻ വംശീയതയുടെ ഇരയല്ല. അതിനെതിരെ പോരാടുന്ന പോരാളിയാണ്‌’– വിനീഷ്യസ്‌ ഒരു തവണ പറഞ്ഞു.


അപമാനത്തിന്റെ ച‍ൂളയിൽ വെന്തുരുകാൻ ഒരുക്കമല്ലായിരുന്നു. റയലിലെ ആദ്യകാലത്ത്‌ ടീമിൽ വിവേചനം നേരിട്ടു.2020ലെ ചാന്പ്യൻസ്‌ ലീഗ്‌ മത്സരത്തിനിടെ ഫെർലാൻഡ്‌ മെൻഡിയോട്‌ വിനീഷ്യസിന്‌ പാസ്‌ നൽകരുതെന്ന്‌ കരിം ബെൻസെമ ആവശ്യപ്പെടുന്ന കാഴ്‌ച പ്രചരിച്ചു. ടീമിൽ ഒതുക്കപ്പെട്ടു. 38 കളിയിൽ അഞ്ച്‌ ഗോളായിരുന്നു ആ സീസണിൽ. കാർലോ ആൻസെലോട്ടി പരിശീലകനായെത്തി. എതിർ ബോക്‌സിൽവച്ച്‌ കൂടുതൽ തവണ പന്ത്‌ തൊടാതെ അവസരം നോക്കി അടിക്കൂയെന്നായിരുന്നു കാർലോയുടെ ആദ്യ ഉപദേശം. റയൽ ടീമിൽ വിനീഷ്യസിന്‌ തന്ത്രങ്ങളുണ്ടാക്കി. പ്രത്യാക്രമണത്തിലേക്കുള്ള വഴികളൊരുക്കി. അതേ കാർലോയ്‌ക്ക്‌ കീഴിൽ ബ്രസീൽ കുപ്പായത്തിൽ വിനി വീണ്ടും തെളിയുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home