ad
Deshabhimani

ബെൻഫിക്കക്കെതിരെ ഗോളടിച്ച്‌ 
വിനീഷ്യസ്‌ ജൂനിയർ

print edition ഗോളാണ് മറുപടി

Vinicius Jr
വെബ് ഡെസ്ക്

Published on Feb 27, 2026, 04:22 AM | 1 min read

മാഡ്രിഡ്‌

അപമാനങ്ങൾക്കും അധിക്ഷേപങ്ങൾക്കും വിനീഷ്യസ്‌ ജൂനിയറിന്റെ ബൂട്ടുകൾ ചുട്ടമറുപടി നൽകി. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ബെൻഫിക്കയ്‌ക്കെതിരെ ഗോളടിച്ച്‌ മധുര പ്രതികാരം. ആദ്യപാദ പ്ലേ ഓഫിൽ എതിർതാരം ജിയാൻലൂക പ്രെസ്‌റ്റിയാനിയിൽനിന്ന്‌ വംശീയാധിക്ഷേപത്തിന്‌ ഇരയായ വിനീഷ്യസ്‌ റയൽ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന രണ്ടാംപാദത്തിൽ കളംവാണു. സസ്‌പെൻഷനിലായ പ്രെസ്‌റ്റിയാനിയും ബെൻഫിക്ക കോച്ച്‌ ഹൊസെ മൊറീന്യോയും മത്സരത്തിനുണ്ടായിരുന്നില്ല. രണ്ടാംപാദം 2–1ന്‌ (ഇരുപാദ സ്‌കോർ 3–1) നേടി റയൽ പ്രീ ക്വാർട്ടറിലേക്ക്‌ മുന്നേറി.


കഴിഞ്ഞയാഴ്‌ച ലിസ്‌ബണിൽ നടന്ന മത്സരത്തിൽ റയലിനായി വിജയഗോൾ നേടിയശേഷമായിരുന്നു വിനീഷ്യസിനെതിരെ എതിർതാരം വംശീയാധിക്ഷേപം നടത്തിയത്‌. കാണികളും വെറുതെയിരുന്നില്ല. പരിഹാസം ചൊരിഞ്ഞു, കുപ്പികൾ വലിച്ചെറിഞ്ഞു. ഇതിലൊന്നും തോറ്റുപോകില്ലെന്ന്‌ വിനീഷ്യസ്‌ പ്രഖ്യാപിച്ചിരുന്നു. രണ്ടാംപാദത്തിൽ റാഫ സിൽവയിലൂടെ ബെൻഫിക്കയായിരുന്നു മുന്നിലെത്തിയത്‌. എന്നാൽ മിനിറ്റുകൾക്കുള്ളിൽ ഒറെലിയൻ ച‍ൗമെനി സമനില ഗോളടിച്ചു.


80–ാം മിനിറ്റിലായിരുന്നു വിനീഷ്യസിന്റെ വിജയഗോൾ. ഫെഡെറികോ വാൽവെർദെ നൽകിയ പന്തുമായി ഇടതുപാർശ്വത്തിൽനിന്നും ഓടിയെത്തി ഒറ്റയാൻ മുന്നേറ്റത്തിലൂടെ വലകുലുക്കുകയായിരുന്നു. ആദ്യപാദത്തിന്‌ സമാനമായ ഗോളാഘോഷവും നടത്തി. അവസാന അഞ്ച്‌ കളിയിലെ ബ്രസീലുകാരന്റെ ആറാം ഗോളാണിത്‌. പരിക്കേറ്റ കിലിയൻ എംബാപ്പെയില്ലാതെയാണ്‌ റയൽ കളിച്ചത്‌.


ബൊറൂസിയ ഡോർട്ട്‌മുണ്ടിനെ ഇരുപാദങ്ങളിലുമായി 4–3ന്‌ മറികടന്ന്‌ അറ്റ്‌ലാന്റയും പ്രീ ക്വാർട്ടറിലെത്തി. ആദ്യപാദത്തിൽ രണ്ട്‌ ഗോളിന്‌ തോറ്റ ഇറ്റാലിയൻ ക്ലബ്‌ രണ്ടാംപാദത്തിൽ സ്വന്തംതട്ടകത്തിൽ തകർപ്പൻ തിരിച്ചുവരവാണ്‌ നടത്തിയത്‌. 4–1ന്‌ ജയിച്ചു. രണ്ടാംപാദത്തിൽ 3–2ന്‌ ജയിച്ചെങ്കിലും യുവന്റസിന്‌ മുന്നേറാനായില്ല. ഇരുപാദങ്ങളിലുമായി 7–5ന്‌ മുൻചാമ്പ്യൻമാരെ തോൽപ്പിച്ച്‌ ഗലറ്റസാറി മുന്നേറി. നിലവിലെ ചാമ്പ്യൻമാരായ പിഎസ്‌ജി 5–4ന്‌ മൊണോകോയെ വീഴ്‌ത്തി നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home