എട്ടിൽ കിട്ടി ജയം: ഐഎസ്‌എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയം

ഫയൽ ചിത്രം
ബംഗളൂരു: ഐഎസ്‌എൽ ഫുട്‌ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയമധുരം. തുടർച്ചയായ ഏഴ് കളിയിൽ ജയമില്ലാതെ വിയർത്ത ബ്ലാസ്‌റ്റേഴ്‌സ് എട്ടാം കളിയിൽ വിജയം തൊട്ടു. കരുത്തരായ ബംഗളൂരു എഫ്‌സിയെ അവരുടെ തട്ടകത്തിൽ 2–1നാണ് കീഴടക്കിയത്. വിക്ടർ ബെർതെമ്യൂവും അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ അർജന്റീനക്കാരൻ ഫ്രാഞ്ചുവുമാണ് ലക്ഷ്യം കണ്ടത്. രണ്ട് ഗോളിനും അവസരമൊരുക്കി മലയാളി താരം എബിൻദാസ് യേശുദാസനും തിളങ്ങി. പത്തുപേരുമായാണ് ബംഗളൂരു കളി പൂർത്തിയാക്കിയത്. ബ്രയാൻ സാഞ്ചെസ് ചുവപ്പുകാർഡ് കണ്ട് പുറത്തായി. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധക്കാരൻ ഫാല്ലൂ എൻഡിയായെയുടെ പിഴവുഗോളിലാണ് ബംഗളൂരു ലീഡ് നേടിയത്.
ഏഴ് കളിയിൽ ഒറ്റ പോയിന്റുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ബംഗളൂരുവിൽ പന്ത് തട്ടാനെത്തിയത്. റയൻ വില്യംസും സുനിൽ ഛേത്രിയും ഉൾപ്പെട്ട ബംഗളൂരുനിര ജയം പ്രതീക്ഷിച്ചു. തുടക്കത്തിൽ കടുത്ത ആക്രമണമായിരുന്നു. ഇതിനിടയിലാണ് ക്രോസ് തടയാനുള്ള -ഫ-ാല്ലൂവിന്റെ ശ്രമം സ്വന്തം വലയിലായത്. ലീഡ് നേടിയശേഷം കളംപിടിക്കുന്പോഴായിരുന്നു ബംഗളൂരു പത്തുപേരായി ചുരുങ്ങുന്നത്. മത്തിയാസ് ഹെർണാണ്ടസുമായുള്ള കൈയാങ്കളിക്കിടെ സാഞ്ചെസ് ചുവപ്പുകാർഡ് കണ്ട് പുറത്തായി.
ഇടവേളയ്‌ക്കുശേഷം ബ്ലാസ്‌റ്റേഴ്‌സ് ഒന്നാന്തരമായി പന്ത് തട്ടി. ഗോൾ കീപ്പർ അർഷ് അൻവർ ഷെയ്‌ഖിന്റെ പ്രകടനവും നിർണായകമായി. 61–ാം മിനിറ്റിൽ സമനില ഗോളെത്തി. എബിൻദാസ് ബോക്‌സിലേക്ക് തട്ടിയിട്ട പന്ത് ബെർതെമ്യൂ വലയിലാക്കി. വിലക്കുകഴിഞ്ഞുള്ള ആദ്യ മത്സരമായിരുന്നു സ്‌പാനിഷുകാരന്. കഴിഞ്ഞ ദിവസം ടീമിന്റെ ഭാഗമായ ഫ്രാഞ്ചു കളത്തിലിറങ്ങി നാലാം മിനിറ്റിൽ ഗോളടിച്ചു. എബിൻദാസിന്റെ പാസ് പിടിച്ചെടുത്ത ഫ്രാഞ്ചു ബംഗളൂരു പ്രതിരോധത്തെ കബളിപ്പിച്ച് മുന്നേറി. തുടർന്ന് ബംഗളൂരു ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവിനെയും കീഴടക്കി.
മറ്റൊരു മത്സരത്തിൽ ഇൗസ്‌റ്റ് ബംഗാൾ 3–1ന് ചെന്നൈയിൻ എഫ്‌സിയെ കീഴടക്കി.
15ന് നോർത്ത് ഇൗസ്‌റ്റ് യുണൈറ്റഡുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കളി.









0 comments