ad
Deshabhimani

print edition ഒച്ചാവോ 
ഇത്തവണയും 
പറക്കും

Guillermo Ochoa

ഗില്ലർമോ ഒച്ചാവോ | FB/Guillermo Ochoa

വെബ് ഡെസ്ക്

Published on Mar 12, 2026, 02:32 AM | 1 min read

മെക്‌സിക്കോ സിറ്റി: ഗില്ലർമോ ഒച്ചാവോയെ മറക്കാനാകുമോ? മെക്‌സിക്കൻ ഗോൾവലയ്‌ക്ക്‌ കീഴിൽ ചാടിയും പറന്നും ആരാധകരുടെ കൈയടി നേടിയ നാൽപ്പത്തൊന്നുകാരൻ. ഒതുക്കിക്കെട്ടിയ ചുരുളൻമുടിയുമായി, തലയിൽ ബാൻഡണിഞ്ഞ് ഇത്തവണയും ഒച്ചാവോ ലോകകപ്പ്‌ ഫുട്‌ബോളിലുണ്ടാകും. ആറാം പതിപ്പിനായാണ്‌ ഒരുക്കം.


ഒന്നാം നമ്പർ ഗോൾകീപ്പർ ഏഞ്ചൽ മലാഗോവിന്‌ പരിക്കേറ്റതോടെയാണ്‌ ഒച്ചാവോയ്‌ക്ക്‌ അവസരമൊരുങ്ങുന്നത്‌. പോർച്ചുഗലിനെതിരായും ബൽജിയത്തിനെതിരായും നടക്കുന്ന സ‍ൗഹൃദ ഫുട്‌ബോളിനുള്ള മെക്‌സിക്കൻ ടീമിൽ ഇടംപിടിച്ചു. ലോകകപ്പിന്‌ മുന്നോടിയായുള്ള അവസാന മത്സരങ്ങളാണിത്‌. ലോകകപ്പ്‌ ടീമിലെത്തിയാൽ ഏറ്റവും കൂടുതൽ പതിപ്പിനിറങ്ങുന്ന ഗോൾകീപ്പറെന്ന അപൂർവ റെക്കോഡ്‌ പേരിലാകും.


ഇരുപതാം വയസ്സിൽ, 2005ലാണ്‌ ഒച്ചാവോ ദേശീയ ടീമിനായി അരങ്ങേറിയത്‌. പിന്നീട്‌ മെക്‌സിക്കോയുടെ മുഖമായി മാറി. 2006, 2010 ലോകകപ്പ്‌ ടീമിലുണ്ടായിരുന്നെങ്കിലും കളിച്ചില്ല. 2014ലാണ്‌ ശ്രദ്ധിക്കപ്പെടുന്നത്‌. പിന്നീടുള്ള ഓരോ പതിപ്പിലും സ്ഥിരതയാർന്ന, അവിശ്വസനീയ പ്രകടനങ്ങളുമായി വ്യക്തിമുദ്ര ചാർത്തി. 11 മത്സരങ്ങളിൽ കാവൽക്കാരനായി.


മെയിലാണ്‌ മെക്‌സിക്കൻ കോച്ച്‌ ഹാവിയെർ അഗ്വയർ ലോകകപ്പ്‌ സംഘത്തെ പ്രഖ്യാപിക്കുക. ലോകകപ്പ്‌ ആതിഥേയരായ മെക്‌സിക്കോ ജൂൺ 11ന്‌ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home