print edition ലോസ് ഏഞ്ചൽസിലെ 'ഹോളിവുഡ് ത്രില്ലർ'

കാലിഫോർണിയ: ഒരു ഹോളിവുഡ് സിനിമയുടെ വേഗവും ഗതിയുമായിരുന്നു കളത്തിൽ. ലോകകപ്പ് ഫുട്‌ബോൾ ഉദ്‌ഘാടനത്തിന്റെ മൂന്നാംവേദിയായിരുന്നു കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് സ്‌റ്റേഡിയം. ഗായിക കാറ്റി പെറിയുടെ പ്രകടനത്തോടെയായിരുന്നു തുടക്കം. കാഴ്‌ചക്കാരിൽ നടൻ ടോം ക്രൂയിസ് ഉൾപ്പെടെയുള്ള വന്പൻ താരനിരയും.
കളത്തിലായിരുന്നു വെടിയും പുകയും. അമേരിക്കൻ ടീം ആദ്യ നാൽപ്പത്തഞ്ച് മിനിറ്റിൽ പരാഗ്വേയുടെ കുഴിതോണ്ടി. മൂന്ന് ഗോൾ വീണപ്പോൾതന്നെ പരാഗ്വേ പരുങ്ങി. അവരുടെ പ്രധാന താരം മിഗ്വേൽ അൽമിറോൺ കരഞ്ഞുപോയി. 71 ശതമാനമായിരുന്നു ആദ്യ പകുതിയിൽ അമേരിക്കയുടെ പന്ത് നിയന്ത്രണം.
എതിരാളികൾക്കുമേൽ കനത്ത സമ്മർദമേൽപ്പിച്ചുള്ള നീക്കങ്ങളായിരുന്നു അമേരിക്കയുടേത്. അതിനൊപ്പമുള്ള അതിവേഗ ആക്രമണവും. പരാഗ്വേയ്‌ക്ക് പിടിച്ചുനിൽക്കാൻ കഴിയുന്ന കളിരീതിയായിരുന്നില്ല അത്. അവർ എളുപ്പത്തിൽ കീഴടങ്ങി. 4–1ന്റെ പരാജയഭാരം ലോകകപ്പിൽ പരാഗ്വേയുടെ നിലനിൽപ്പ്‌തന്നെ സംശയത്തിലാക്കി.
ഇരുപത് മാസംമുന്പ് ചുമതലയേറ്റ പൊച്ചെട്ടീനോ കളിക്കാരിൽ വരുത്തിയ മാറ്റത്തിന്റെ പ്രതി-ഫലനം കളത്തിൽ തെളിഞ്ഞു. ടീമിലെ പതിനേഴുപേർ യൂറോപ്പിലെ പ്രധാന ലീഗുകളിൽ പന്ത് തട്ടുന്നവരാണ്.
ബലോഗനെയും ടീമിലെ സൂപ്പർ താരം ക്രിസ്‌റ്റ്യൻ പുലിസിച്ചിനെയും കൃത്യമായി ഉപയോഗിക്കാൻ കോച്ചിന് കഴിഞ്ഞു. ബ ലോഗൻ രണ്ട് ഗോളുമായി വിശ്വാസം കാത്തപ്പോൾ അമേരിക്കയുടെ കളിയുടെ നിയന്ത്രണം മുഴുവൻ പുലിസിച്ചിന്റെ കാലിലായിരുന്നു. ഒരു ഗോളിന് അവസരവുമൊരുക്കി. ഇരുപത്തിമൂന്നുകാരൻ ജിയോവാനി റെയ്‌ന അവസാന നിമിഷം നേടിയ സുന്ദരഗോൾ അമേരിക്കയ്‌ക്ക് കൂടുതൽ ആനന്ദം പകർന്നു. ഏറെ പ്രതീക്ഷയോടെ ഉയർന്ന യുവതാരത്തിന് മികവ് നിലനിർത്താൻ പലപ്പോഴും കഴിഞ്ഞിരുന്നില്ല. പരാഗ്വേയ്‌ക്കെതിരായ ഗോൾ പ്രതിഭയുടെ സ്‌പർശമുള്ളതായി.










0 comments