ad
Deshabhimani

print edition കാണാം യന്ത്രവേഗം; ജർമനിയുടെ വീണ്ടെടുപ്പ് യാത്രയുടെ തുടക്കം

germany fifa

ലോകകപ്പ്‌ ഫുട്ബോളിൽ ഇന്ന്‌ കുറസാവോയെ നേരിടുന്ന ജർമ്മൻ താരങ്ങൾ പരിശീലനത്തിൽ

വെബ് ഡെസ്ക്

Published on Jun 14, 2026, 04:28 AM | 1 min read

ഹൂസ്‌റ്റൺ: തകരാത്ത മനോധൈര്യവും അതിശയിപ്പിക്കുന്ന സ്ഥിരതയുമായി ലോക ഫുട്‌ബോളിൽ മുഴങ്ങിയ ജർമനി പ്രതാപകാലം വീണ്ടെടുക്കാൻ വീണ്ടുമെത്തുന്നു. നാല്‌ തവണ ലോകകപ്പ്‌ നേടിയ ടീം കഴിഞ്ഞ രണ്ട്‌ പതിപ്പുകളിൽ പതറിപ്പോയി. എണ്ണയിട്ട യന്ത്രംപോലെ ചലിച്ചുകൊണ്ടിരുന്ന സംവിധാനം ഞെട്ടിപ്പിക്കുന്ന രീതിയിലാണ്‌ തകർന്നത്‌. ജർമനി കരയുന്നത്‌ ലോകം അവിശ്വസനീയതോടെ കണ്ടു.


ഇത്‌ വീണ്ടെടുപ്പ്‌ കാലമാണ്‌. ഗ്രൂപ്പ്‌ ഘട്ടത്തിലെ ആദ്യ കളിയിൽ നവാഗതരായ കുറസോവയാണ്‌ എതിരാളി. ഇന്ത്യൻ സമയം രാത്രി 12.30ന്‌ ഹൂസ്‌റ്റണിൽ ജർമനിയുടെ സ്വപ്‌നപ്പന്തുരുളും.


2022ലെ ഖത്തർ ലോകകപ്പ്‌ ആദ്യ കളിയിൽ ജപ്പാനോട്‌ തോറ്റു. പിന്നെ തിരിച്ചുവരാനായില്ല. നിലവിലെ ജേതാക്കളെന്ന പകിട്ടുമായി 2018ൽ എത്തിയ ജർമനിക്ക്‌ ആദ്യ കളിയിൽ മെക്‌സിക്കോ ഷോക്ക്‌ നൽകി. ഗ്രൂപ്പ്‌ ഘട്ടം താണ്ടിയില്ല ചാന്പ്യൻമാർ.


ഇക്കുറി ആദ്യ റ‍ൗണ്ട്‌ കടുപ്പമല്ല. ഗ്രൂപ്പ്‌ ‘ഇ’യിൽ കുറസാവോയ്‌ക്കൊപ്പം ഐവറി കോസ്‌റ്റും ഇക്വഡോറുമാണ്‌ എതിരാളികൾ.

എങ്ങനെയാണ്‌ തുടർച്ചയായ രണ്ട്‌ ലോകകപ്പുകളിൽ ഒരുപോലെ പരാജയപ്പെട്ടതെന്ന കാര്യത്തിൽ ജർമനിക്ക്‌ ഇതുവരെ ഉത്തരം കണ്ടെത്താനായിട്ടില്ല. അൽപ്പംകൂടി തുറന്ന കളി വേണമെന്നാണ്‌ ചിലരുടെ വാദം. ബാസ്‌റ്റിൻ ഷ്വെയ്‌ൻസ്‌റ്റീഗറെപ്പോലെയുള്ള മുൻ താരങ്ങൾ ജർമനി പരന്പരാഗത ശൈലി തിരികെകൊണ്ടുവരണമെന്ന്‌ ആവശ്യപ്പെടുന്നു.


എന്തായാലും ജൂലിയൻ നാഗെൽസ്‌മാനെന്ന യുവ പരിശീലകൻ കൃത്യമായ പദ്ധതികളുമായാണ്‌ അമേരിക്കയിൽ എത്തിയിരിക്കുന്നത്‌. മുപ്പത്തെട്ട്‌ വയസ്‌ മാത്രമാണ്‌ കോച്ചിന്‌. ഗോൾകീപ്പർ മാനുവേൽ നോയെക്ക്‌ കോച്ചിനേക്കാൾ 16 മാസം മൂപ്പുണ്ട്‌. ജമാൽ മുസിയാലയും ഫ്‌ളോറിയൻ വിറ്റ്‌സും അണിനിരക്കുന്ന മധ്യനിരയുടെ പ്രകടനം നിർണായമാകും. പരിക്കുമാറിയെത്തുന്ന മുസിയാല നാഗെൽസ്‌മാന്റെ പദ്ധതികളിലെ പ്രധാനിയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home