print edition ആകാശം തൊടുന്നു കുറസാവോ

ഗ്രൂപ്പ് ‘ഇ’യിൽ ജർമനിക്കെതിരായ മത്സരത്തിന് മുന്നോടിയായി ക്യൂറസാവോയുടെ ബോകാ റാറ്റോൺ പരിശീലന സെഷൻ.
ഹൂസ്‌റ്റൺ: ചരിത്രത്തിലേക്ക് ഇന്ന് കുറസാവോ പന്ത് തട്ടും. ഒന്നരലക്ഷം ജനതയുടെ സ്വപ്‌ന സാഫല്യമാണിന്ന്. ലോകകപ്പ് ഫുട്‌ബോളിൽ കുഞ്ഞു കുറസാവോയുടെ അരങ്ങേറ്റം ആഘോഷമാകും. ലോകകപ്പിൽ കളിക്കുന്ന ഏറ്റവും ചെറിയ രാജ്യമാണ്. ഗ്രൂപ്പ് ‘ഇ’യിൽ നാല് തവണ ജേതാക്കളായ ജർമനിയുമായാണ് കളി.
ദക്ഷിണ കരീബിയൻ സമുദ്രത്തിൽ നീണ്ട വരപോലെ കിടക്കുന്ന ഒരു കൊച്ചുരാജ്യം ലോകകപ്പിലേക്ക് യോഗ്യത നേടിയതുതന്നെ അത്ഭുതമായിരുന്നു. 1,56,000 പേരാണ് രാജ്യത്താകെയുള്ളത്. 444 ചതുരശ്ര കിലോ മീറ്റർ വലിപ്പം. 195 രാജ്യങ്ങളിൽ വലിപ്പത്തിൽ 181–ാംസ്ഥാനത്താണ് മുൻ ഡച്ച് കോളനി. മൂന്നര ലക്ഷം ജനസംഖ്യയുള്ള ഐസ്‌ലൻഡിന്റെ പേരിലായിരുന്നു റെക്കോഡ്. 2018 ലോകകപ്പിലാണ് ഐസ്‌ലൻഡ് കളിച്ചത്.
കോൺകാകാഫ് മേഖലയിൽ കരുത്തരായ ജമൈക്കയെ അവരുടെ തട്ടകത്തിൽ ഗോൾരഹിതമായി കുരുക്കിയാണ് യോഗ്യത നേടിയത്. ഡച്ചുകാരാണ് ടീമിൽ ഭൂരിഭാഗവും. ഡച്ചിന്റെ വിഖ്യാത കോച്ച് ഡിക്ക് അഡ്വക്കറ്റാണ് പരിശീലകൻ. ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ പരിശീലകനാണ് എഴുപത്തെട്ടുകാരൻ. വെനസ്വേല തീരത്തുനിന്ന് ഏകദേശം അറുപത് കിലോ മീറ്റർ മാത്രം അകലെയുള്ള കുറസാവോ 2010ലാണ് ഡച്ചിൽനിന്ന് സ്വാതന്ത്ര്യം നേടുന്നത്. പത്ത് വർഷം മുന്പ് ടീം ഫിഫ റാങ്കിങ് പട്ടികയിൽ 150–ാം സ്ഥാനത്തായിരുന്നു. ഇപ്പോൾ റാങ്ക് 82.
അമേരിക്കയും കാനഡയും മെക്‌സിക്കോയും ആതിഥേയരായതോടെ കോൺകാകാഫ് മേഖലയിൽനിന്ന് മൂന്ന് ടീമുകൾക്കായിരുന്നു നേരിട്ട് യോഗ്യത. ഗ്രൂപ്പ് ‘ബി’യിൽ ഒറ്റക്കളിയും തോൽക്കാതെയാണ് മുന്നേറ്റം. ജമൈക്കയെ ഒറ്റപ്പോയിന്റിന് മറികടന്നു. ലോകകപ്പിലെ നാലാമത്തെ അരങ്ങേറ്റക്കാരാണ് കുറസാവോ. കേപ് വെർദെ, ഉസ്‌ബെക്കിസ്ഥാൻ, ജോർദാൻ എന്നിവയാണ് മറ്റ് ടീമുകൾ.










0 comments