print edition നാളെ പുരുഷന്മാർക്ക് സൗജന്യയാത്ര; വേറിട്ട പ്രതിഷേധവുമായി സ്വകാര്യ ബസുടമ

പ്രതീകാത്മക ചിത്രം

സ്വന്തം ലേഖകൻ
Published on Jun 14, 2026, 04:56 AM | 1 min read
ആലുവ: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുന്ന തിങ്കളാഴ്ച പുരുഷന്മാർക്ക് സൗജന്യ യാത്രയൊരുക്കി സ്വകാര്യ ബസുടമയുടെ പ്രതിഷേധം. മാഞ്ഞാലി–ആലുവ റൂട്ടിലോടുന്ന ലിറ്റിൽ ഫ്ലവർ ബസിലാണ് പുരുഷന്മാർക്ക് തിങ്കളാഴ്ച സൗജന്യയാത്ര അനുവദിക്കുന്നത്.
സർക്കാർ തീരുമാനം സ്വകാര്യ ബസുകളുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ബസുടമ വട്ടപ്പറമ്പ് സ്വദേശി ബി ഒ ഡേവിസിന്റെ പ്രതിഷേധം. രാവിലെ 6.30 മുതൽ രാത്രി എട്ടുവരെയുള്ള ഏഴ് ട്രിപ്പുകളിലും പുരുഷന്മാർക്ക് യാത്ര സൗജന്യമായിരിക്കും. കെഎസ്ആർടിസിയിലെ സൗജന്യയാത്ര ഒഴിവാക്കി ലിറ്റിൽ ഫ്ലവറിൽ കയറുന്ന എല്ലാ സ്‌ത്രീകൾക്കും തിങ്കളാഴ്ച മധുരം നൽകും.
25 വർഷത്തിലേറെയായി സർവീസ് തുടരുന്ന തന്റെ ബസ് റൂട്ടിന്റെ ഭൂരിഭാഗം ദൂരവും കെഎസ്ആർടിസി ബസുകൾക്കിടയിലാണ് ഓടുന്നത്. യാത്രക്കാരിൽ കൂടുതലും സ്‌ത്രീകളാണ്. സ്ത്രീകൾക്ക് സൗജന്യയാത്ര വരുന്നതോടെ സംസ്ഥാനത്തെ നിരവധി ബസുകൾ ഡീസലടിക്കാനുള്ള വരുമാനംപോലും കിട്ടാതെ സർവീസ് അവസാനിപ്പിക്കേണ്ടിവരും. ബസ് ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാകും. സൗജന്യനിരക്കിൽ ഡീസൽ നൽകിയും റോഡ് നികുതി ഒഴിവാക്കിയും സ്വകാര്യ ബസ് സർവീസ് നിലനിർത്തണമെന്നാണാണ് ബസ് ഉടമയുടെ ആവശ്യം.








0 comments