ad
Deshabhimani

print edition യുവേഫ സൂപ്പർ കപ്പിൽ സൂപ്പർ പോര്‌

psg vs aston villa
വെബ് ഡെസ്ക്

Published on Aug 12, 2026, 01:29 AM | 1 min read

സാൽസ്‌ബുർഗ്‌ : യൂറോപ്യൻ ഫുട്‌ബോളിന്റെ വരവറിയിച്ച്‌ ഇന്ന്‌ സൂപ്പർ പോരാട്ടം. യുവേഫ സൂപ്പർ കപ്പിനായി ചാമ്പ്യൻസ്‌ ലീഗ്‌ ജേതാക്കളായ പിഎസ്‌ജിയും യൂറോപ ലീഗ്‌ ചാമ്പ്യൻമാരായ ആസ്റ്റൺ വില്ലയും ഏറ്റുമുട്ടും. ഓസ്‌ട്രിയയിലെ സാൽസ്‌ബുർഗ്‌ റെഡ്‌ബുൾ അരീനയിൽ ഇന്ന്‌ രാത്രി 12.30നാണ്‌ മത്സരം. ലോകകപ്പിനുശേഷമുള്ള ആദ്യ പ്രധാന മത്സരമാണിത്‌. ക്ലബ്‌ ഫുട്‌ബോളിന്റെ തുടക്കമറിയിച്ചുള്ള പോരാട്ടം. സ്‌പാനിഷ്‌ പരിശീലകരായ പിഎസ്‌ജിയുടെ ലൂയിസ്‌ എൻറിക്വെയുടെയും വില്ലയുടെ ഉനായ്‌ എമെറിയുടെയും തന്ത്രങ്ങളുടെ ബലപരീക്ഷണത്തിന്‌ കൂടി സാൽസ്‌ബുർഗ്‌ വേദിയാകും.


നിലവിലെ ചാമ്പ്യൻമാരാണ്‌ പിഎസ്‌ജി. കഴിഞ്ഞ തവണ ടോട്ടനം ഹോട്‌സ്‌പറിനെ ഷൂട്ട‍ൗട്ടിൽ തോൽപ്പിച്ചിരുന്നു. റയൽ മാഡ്രിഡിനുശേഷം (2016, 2017) കപ്പ്‌ നിലനിർത്തുന്ന ആദ്യ ടീമാകാനുള്ള ശ്രമത്തിലാണ്‌ പാരിസുകാർ. എൻറിക്വെയ്‌ക്ക്‌ കീഴിൽ പ്രീ സീസൺ മികച്ചതായിരുന്നില്ല. രണ്ട്‌ സന്നാഹ മത്സരങ്ങളിലും ജയിക്കാനായില്ല. സ്‌പാനിഷ്‌ രണ്ടാം ഡിവിഷൻ ക്ലബായ മയ്യോർക്കയോട്‌ മൂന്ന്‌ ഗോളിന്‌ തോറ്റു. മാഞ്ചസ്റ്റർ യുണൈറ്റഡിനോട്‌ 1–1ന്‌ കുരുങ്ങി.

അവധി ആഘോഷത്തിന്‌ ശേഷം തിരിച്ചെത്തിയ പ്രധാന താരങ്ങളായ ഉസ്‌മാൻ ഡെംബെലെ, ഫാബിയാൻ റൂയിസ്‌, അഷ്‌റഫ്‌ ഹക്കീമി എന്നിവർ കഴിഞ്ഞ ദിവസമാണ്‌ ടീമിനൊപ്പം ചേർന്നത്‌. മൂവരും ആദ്യ പതിനൊന്നിൽ കളിക്കുന്ന കാര്യത്തിൽ വ്യക്തതയില്ല. മുന്നേറ്റത്തിൽ കവീച്ച കവറാസ്‌കേലിയയാകും പിഎസ്‌ജിയുടെ പ്രധാന ആയുധം. വിറ്റീന്യ, ജോയോ നെവെസ്‌ എന്നിവർ മധ്യനിരയിലെത്തും.


കഴിഞ്ഞ സീസണിലെ പ്രധാന താരങ്ങൾ പലരും ടീം വിട്ട ക്ഷീണമുണ്ട്‌ വില്ലയ്‌ക്ക്‌. അഞ്ച്‌ പരിശീലന മത്സരങ്ങളിൽ മൂന്നിലും തോറ്റു. ഏറ്റവും ഒടുവിൽ ബയേൺ മ്യൂണിക്കിനോട്‌ 2–1ന്‌ കീഴടങ്ങി. മോർഗൻ റോജേഴ്‌സ്‌, യൂറി ടിയെലെമൻസ്‌ എന്നീ സുപ്രധാന കളിക്കാർ മറ്റ്‌ ക്ലബുകളിൽ ചേക്കേറിയിട്ടുണ്ട്‌. ഇരുവർക്കും പകരക്കാരായി ആരെ ഇറക്കുമെന്നത്‌ എമെറിയെ സംബന്ധിച്ച്‌ തലവേദനയാകും. പുതുതായി ടീമിലെത്തിച്ച അർജന്റീന മുന്നേറ്റക്കരാൻ അലെയാന്ദ്രേ ഗർണാച്ചോ കളിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home