ad
Deshabhimani

print edition ഇൻഫാന്റിനോയിൽ വിശ്വാസം നഷ്ടമായി; ‘ഫുട്‌ബോൾ 
വ്യക്തിയുടേതല്ല’

FIFA.jpg

ഫിഫയ്--ക്കെതിരെ യുവേഫ–ഏഷ്യൻ കോൺഫെഡറഷൻ–കോൺകാകാഫ് ഫെഡറേഷനുകൾ 
സംയുക്തമായി പുറത്തിറക്കിയ കത്ത്

വെബ് ഡെസ്ക്

Published on Aug 11, 2026, 02:50 AM | 1 min read

സൂറിച്ച്‌: ഫിഫയ്‌ക്കും പ്രസിഡന്റ്‌ ജിയാനി ഇൻഫാന്റിനോയ്‌ക്കുമെതിരെ നിലപാട്‌ കടുപ്പിച്ച്‌ വൻകരാ സംഘടനകൾ. ഫുട്‌ബോൾ ഒരു വ്യക്തിയുടേതോ സംഘടനയുടേതോ മാത്രമല്ലെന്ന്‌ യൂറോപ്യൻ ഫുട്‌ബോൾ ഭരണസമിതിയായ യുവേഫയും വടക്കൻ അമേരിക്കൻ സംഘടനയായ കോൺകാകാഫും ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷനും സംയുക്തമായി പുറത്തിറക്കിയ കത്തിൽ പ്രഖ്യാപിച്ചു.


ഫിഫയെയും പ്രസിഡന്റ്‌ ഇൻഫാന്റിനോയെയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്ന കത്ത്‌ ‘ഫുട്‌ബോൾ കുടംബങ്ങൾക്ക്‌’ എന്ന അഭിസംബോധനയോടെയാണ്‌ തുടങ്ങുന്നത്‌. മൂന്ന്‌ ഫെഡറേഷനുകളുടെ ഭാരവാഹികളുടെ ഒപ്പും കത്തിന്റെ അവസാനമുണ്ട്‌. ലോകകപ്പ്‌ ഉൾപ്പെടെ പ്രധാന ടൂർണമെന്റുകൾ സ്വകാര്യവത്‌കരിക്കാനുള്ള നീക്കത്തിനെതിരെ യുവേഫയും കോൺകാകാഫും ഏഷ്യൻ കോൺഫെഡറേഷനും തുടക്കം തൊട്ട്‌ ശക്തമായ എതിർപ്പറിയിച്ചിരുന്നു.


മൊറോക്കോയിലെ റബാത്തിൽ കഴിഞ്ഞയാഴ്‌ച നടന്ന അടിയന്തര യോഗത്തിൽ ഫിഫ തലവൻ ഇൻഫാന്റിനോ സ്വകാര്യവത്‌കരണ പദ്ധതി തെറ്റായിരുന്നുവെന്നും അസോസിയേഷനുകളോട്‌ ക്ഷമാപണം നടത്തുകയും ചെയ്‌തിരുന്നു. ഇതോടെ വിഷയം അവസാനിച്ചു എന്നായിരുന്നു കരുതിയത്‌. പക്ഷേ പ്രതിഷേധം അവസാനിക്കില്ലെന്ന പ്രഖ്യാപനവുമായി ഫിഫയിലെ ഏറ്റവും പ്രബലരായ മൂന്ന്‌ വൻകര ഫെഡറേഷനുകൾ രംഗത്തുവന്നു.


‘ലോകത്തിലെ ഒരുമിപ്പിക്കുന്ന വികാരമാണ്‌ ഫുട്‌ബോൾ. അത്‌ ഒരു സംഘടനയുടേതോ വ്യക്തിയുടേതോ അല്ല. കളിക്കാരുടെ, ആരാധകരുടെ, ക്ലബുകളുടെ, ഫുട്‌ബോൾ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അസോസിയേഷനുകളുടെ... ഇവയുടേത്‌ എല്ലാമാണ്‌ ഫുട്‌ബോൾ’–ഇ‍ൗ വാചകത്തോടെയാണ്‌ കത്ത്‌ തുടങ്ങുന്നത്‌. ഫിഫയുടെ നേട്ടങ്ങൾ വ്യക്തമാക്കുന്ന കത്തിൽ നിലവിൽ കൂട്ടായ്‌മയില്ലെന്നും ഏകാധിപത്യമാണ്‌ നടക്കുന്നതെന്നും തുറന്നടിക്കുന്നു. ഫുട്‌ബോളിനെ സംരക്ഷിക്കേണ്ട പ്രഥമ വ്യക്തിതന്നെ അത്‌ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നും പണത്തിനെക്കാൾ മൂല്യം മറ്റ്‌ പലകാര്യങ്ങൾക്കുമുണ്ടെന്ന്‌ മനസ്സിലാക്കണമെന്നും അഭ്യർത്ഥിക്കുന്നു. പ്രസിഡന്റിൽ വിശ്വാസം നഷ്ടമായെന്നും കത്തിലുണ്ട്‌.


കഴിഞ്ഞയാഴ്‌ച ചേർന്ന ഫിഫ യോഗത്തിൽ ഇൻഫാന്റിനോയുടെ വേണ്ടപ്പെട്ടവർ മാത്രമായിരുന്നു പങ്കെടുത്തതെന്നും വെളിപ്പെടുത്തി. മാനേജ്‌മെന്റ്‌ കമ്മിറ്റി അംഗങ്ങളും ഉദ്യോഗസ്ഥരും മാത്രമാണ്‌ യോഗത്തിലുണ്ടായിരുന്നതെന്നും ഫിഫ ക‍ൗൺസിൽ അംഗങ്ങളെയോ അസോസിയേഷൻ പ്രതിനിധികളെയോ ക്ഷണിച്ചില്ലെന്നും ആരോപിച്ചു. ഫുട്‌ബോളിനെ തകർക്കുന്ന ശക്തികൾക്കെതിരെ ഒറ്റക്കെട്ടായി പോരാടുമെന്ന്‌ പ്രഖ്യാപിച്ചാണ്‌ കത്ത്‌ അവസാനിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home