ടിക്കറ്റ് വരുമാനം മിഗ്വേലിന്റെ കുടുംബത്തിന്; കൈത്താങ്ങായി റൊണാൾഡോയുടെ ക്ലബ്

മാഡ്രിഡ്: ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തിയ ജീസസ് ഡി മിഗ്വേലിന്റെ മരണത്തിന് പിന്നാലെ മാതൃകാപരമായ തീരുമാനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഉടമസ്ഥതയിലുള്ള സ്പാനിഷ് ക്ലബ്ബ് അൽമേരിയ. വരാനിരിക്കുന്ന ടെനറീഫിനെതിരായ മത്സരത്തിൽ നിന്നുള്ള മുഴുവൻ ടിക്കറ്റ് വരുമാനവും അദ്ദേഹത്തിന്റെ ഭാര്യക്കും മകൾക്കും നൽകാൻ ക്ലബ്ബ് തീരുമാനിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ ക്ലബ്ബിന്റെ 25 ശതമാനം ഓഹരികൾ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും സൗദി ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെയും പിന്തുണയോടെയാണ് ഈ ജീവകാരുണ്യ പ്രവർത്തനം. പ്രിയപ്പെട്ടവന്റെ വേർപാടിൽ തളർന്നുനിൽക്കുന്ന കുടുംബത്തിന് താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് മാനേജ്‌മെന്റ് ഈ വലിയ തീരുമാനമെടുത്തത്.
തിങ്കളാഴ്ച നടന്ന മത്സരത്തിനിടെ ആൻഡോറ ഗോൾകീപ്പർ ജീസസ് ഒവോനോയുമായുണ്ടായ കൂട്ടിയിടിയെ തുടർന്ന് ഹൃദയാഘാതം സംഭവിച്ചാണ് 30 കാരനായ ജീസസ് ഡി മിഗ്വേൽ അന്തരിച്ചത്. സ്വാഭാവിക മരണമല്ലാത്തതിനാൽ സ്പാനിഷ് നിയമപ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തിന് ശേഷം താൻ ജീവിതത്തിലെ ഏറ്റവും കഠിനമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഗോൾകീപ്പർ ഒവോനോ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതിനിടയിലും സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ കടുത്ത വംശീയ അധിക്ഷേപങ്ങൾ ഉയരുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
മരിച്ച താരത്തിന്റെ ഭാര്യയും 16 മാസം പ്രായമുള്ള കുഞ്ഞും മത്സരദിവസം സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. ടെനറീഫ് ക്ലബ്ബ് ആറ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ശനിയാഴ്ച സ്റ്റേഡിയം തുറന്നുകൊടുക്കുമെന്നും ആരാധകർക്ക് താരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാമെന്നും ക്ലബ്ബ് അറിയിച്ചു. ഈ ആഴ്ച നടക്കേണ്ടിയിരുന്ന ടെനറീഫിന്റെയും ആൻഡോറയുടെയും മത്സരങ്ങൾ മാറ്റിവെച്ചിരിക്കുകയാണ്.









0 comments