മത്സ്യത്തൊഴിലാളികളും ദുരിതത്തിൽ; 14,500 ഓളം പേർക്ക് പെൻഷൻ മുടങ്ങി

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ 14,500 ഓളം വരുന്ന മത്സ്യത്തൊഴിലാളികൾക്ക് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേനയുള്ള പെൻഷൻ മുടങ്ങി. ബോർഡിന് കീഴിൽ ആകെ 73,657 പെൻഷൻ ഗുണഭോക്താക്കളാണുള്ളത്. ഇതിൽ 59,061 പേർക്ക് മാത്രമാണ് നിലവിൽ പെൻഷൻ കിട്ടിയിട്ടുള്ളത്.
ആധാർ ഓതന്റിക്കേഷൻ ചെയ്യാതെ പെൻഷൻ നൽകരുതെന്ന ധനവകുപ്പിന്റെ കർശന നിർദേശത്തെത്തുടർന്നാണ് ഇത്രയധികം പേർക്ക് പെൻഷൻ മുടങ്ങിയത്. കഴിഞ്ഞ രണ്ടുമാസമായി ഈ കാരണം ചൂണ്ടിക്കാട്ടി മൽസ്യത്തൊഴിലാളിക്ക് പെൻഷൻ കുടിശ്ശികയാണ്.
അതേസമയം, ആധാർ ഓതന്റിക്കേഷൻ പൂർത്തിയാക്കിയാൽ കഴിഞ്ഞ മാസങ്ങളിലായി മുടങ്ങിയ പെൻഷൻ കുടിശ്ശിക നൽകുമെന്നാണ് സർക്കാർ വാദം. എന്നാൽ, കൃത്യമായി ആധാർ വെരിഫിക്കേഷൻ നടത്താനാകാതെ തൊഴിലാളികളെ പെൻഷൻ പദ്ധതിയിൽ നിന്ന് പുറത്താക്കുകയായിരുന്നു യുഡിഎഫ് സർക്കാർ.
മസ്റ്ററിങ് നടത്താൻ ഓഫീസുകളിൽ ഒന്നിലും വേണ്ടത്ര ജീവനക്കാരില്ല. കൊല്ലം, തിരുവനന്തപുരം ജില്ലകൾ ഉൾപ്പെട്ട മേഖലാ ഫിഷറീസ് ഓഫീസിൽ ഏഴ് ജീവനക്കാരുള്ളതിൽ അഞ്ചുപേരുടെ ഒഴിവ് നികത്തിയിട്ടില്ല. കണ്ണൂർ, കാസർകോട് ജില്ലകൾ ഉൾപ്പെട്ട മേഖലയിൽ ഏഴ് ജീവനക്കാരിൽ ഒരാൾ മാത്രമാണ് നിലവിലുള്ളത്.
മറ്റ് തീരദേശ ജില്ലകളിലും അവസ്ഥയ്‌ക്ക് മാറ്റമില്ല. കൃത്യമായി ആധാർ ഓതന്റിക്കേഷൻ നടത്താനുള്ള യാതൊരു സഹായവും മത്സ്യത്തൊഴിലാളികൾക്ക് നൽകാതെയാണ് സമയപരിധിയും അവസാനിപ്പിച്ചതെന്നും ആക്ഷേപമുണ്ട്.








0 comments