ഡൽഹിയിൽ കെട്ടിടം തകർന്നുവീണു: 2 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് രണ്ട് മരണം. പഴയ ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിന് സമീപമുള്ള ചാവ്‌ഡി ബസാർ ഷീഷ് മഹലിലെ ഗലി സത്താറയിൽ നിർമ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാവിലെ 9.50ഓടെയാണ് അപകടം നടക്കുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.
രാവിലെ ഒൻപതരയോടെ വലിയ ശബ്ദത്തോടെ കെട്ടിടം തകർന്നുവീഴുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ 3-4 മാസമായി ഈ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു. തകർന്നുവീഴുമ്പോൾ കെട്ടിടത്തിനുള്ളിൽ തൊഴിലാളികൾ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി.
വിവരമറിഞ്ഞ ഉടൻ തന്നെ ഡൽഹി ഫയർ സർവീസിന്റെ 6 യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർ ടെൻഡറുകളും ക്വിക് റെസ്‌പോൺസ് ടീമും, ഇൻസിഡന്റ് റെസ്‌പോൺസ് ടീമും സ്ഥലത്ത് ക്യാമ്പ് ചെയ്താണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. എഡിഒ രാജേഷ് ശുക്ല, സ്‌റ്റേഷൻ ഓഫീസർ ഭൂപേന്ദർ ശർമ്മ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
മുതിർന്ന ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. സെപ്റ്റംബർ 6 ന് ദക്ഷിണ ഡൽഹിയിലെ സത്യ നികേതനിൽ പേയിംഗ് ഗസ്റ്റ് താമസസ്ഥലം താമസിച്ചിരുന്ന അഞ്ച് നില കെട്ടിടം തകർന്നുവീണ് ഏഴ് പേർ മരിച്ച സംഭവത്തിന് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് ഈ സംഭവം.








0 comments