ad
Deshabhimani

print edition ബലാബലം; യോക്കെറെസും അൽവാരെസും ലക്ഷ്യം കണ്ടു

Gabriel Magalhaes Antoine Griezmann

ചാമ്പ്യൻസ് ലീഗിൽ അഴ്സണലിന്റെ വില്യം സാലിബയെ മറികടന്ന് മുന്നേറാൻ ശ്രമിക്കുന്ന അത്ലറ്റികോ താരം ഗ്രീസ്-മാൻ

വെബ് ഡെസ്ക്

Published on May 01, 2026, 01:10 AM | 1 min read

ലണ്ടൻ: ചാന്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ ആദ്യപാദ സെമിയിൽ ഓരോ ഗോളടിച്ച്‌ പിരിഞ്ഞ്‌ അത്‌ലറ്റികോ മാഡ്രിഡും അഴ്‌സണലും. അത്‌ലറ്റികോ തട്ടത്തിൽ പെനൽറ്റി ഗോളുകളിലൂടെയാണ്‌ സമനില പിറന്നത്‌. അഴ്‌സണലിനായി വിക്ടർ യോക്കെറെസും അത്‌ലറ്റികോയ്‌ക്കായി ജൂലിയൻ അൽവാരെസും ഗോൾ നേടി. രണ്ടാപാദം അഞ്ചിന്‌ ലണ്ടനിലാണ്‌.


പിഎസ്‌ജി–ബയേൺ മ്യൂണിക്‌ ആദ്യപാദ സെമി പോലെ ഗോൾ മഴയുണ്ടായില്ലെങ്കിലും അത്‌ലറ്റികോ–അഴ്‌സണൽ പോരിൽ ആവേശത്തിന്‌ കുറവുണ്ടായില്ല. ഇരു ടീമുകൾക്കും കടുപ്പമേറിയ കളിയായിരുന്നു. മധ്യനിരകൾ തമ്മിലായിരുന്നു പോരാട്ടം.


സ്വന്തം തട്ടകത്തിൽ അത്‌ലറ്റികോ പ്രത്യാക്രമണങ്ങളിലൂടെ ആദ്യനിമിഷങ്ങളിൽ കരുത്തുകാട്ടി. ബോക്‌സിന്‌ പുറത്തുനിന്നുള്ള അൽവാരെസിന്റെ കരുത്തുറ്റ ഷോട്ട്‌ അഴ്‌സണൽ ഗോൾ കീപ്പർ ഡേവിഡ്‌ റായ ഒറ്റക്കൈകൊണ്ട്‌ കുത്തിയകറ്റുകയായിരുന്നു. പക്ഷേ, ഒൺടോയ്‌ൻ ഗ്രീസ്‌മാൻ, അദെലോ ലൂക്‌മാൻ എന്നിവരുമായി അർജന്റീനക്കാരന്‌ കണ്ണിചേരാൻ കഴിയാത്തത്‌ തുടർന്നുള്ള നിമിഷങ്ങളിൽ അത്‌ലറ്റികോയുടെ നീക്കങ്ങൾ പരിമിതപ്പെടുത്തി. മറുവശത്ത്‌ മാർടിൻ ഒദെഗാർദിന്റെ തകർപ്പൻ നീക്കം അത്‌ലറ്റികോ പ്രതിരോധം നിർവീര്യമാക്കി.


ആദ്യപകുതി അവസാനിക്കുന്നതിന്‌ തൊട്ടുമുന്പാണ്‌ അഴ്‌സണൽ ലീഡ്‌ നേടിയത്‌. യോക്കെറെസിനെ ഡേവിഡ്‌ ഹാങ്കോ ബോക്‌സിൽ വീഴ്‌ത്തിയതിനായിരുന്നു പെനൽറ്റി. യോക്കെറെസിന്റെ അടി അത്‌ലറ്റികോ ഗോൾ കീപ്പർ യാൻ ഒബ്ലാക്കിനെ മറികടന്നു.


ഇടവേളയ്‌ക്കുശേഷം അത്‌ലറ്റികോ കരുത്തുകാട്ടി. അൽവാരസും ഗ്രീസ്‌മാനും ലൂക്‌മാനും താളം കണ്ടെത്തിയതോടെ അഴ്‌സണൽ പരുങ്ങി. അൽവാരസിന്റെ ഫ്രീകിക്ക്‌ നേരിയ വ്യത്യാസത്തിൽ പുറത്തായി. ഗ്രീസ്‌മാന്റെ അടി പോസ്‌റ്റിൽ തട്ടിത്തെറിച്ചു.


അതേസമയം, പരിക്കുകാരണം ലൂക്‌മാൻ പുറത്തുപോയത്‌ ദ്യേഗോ സിമിയോണിയുടെ സംഘത്തെ ക്ഷീണിപ്പിച്ചു. രണ്ടാംപാദത്തിൽ കളിക്കുമെന്ന്‌ ഉറപ്പില്ല. അത്‌ലറ്റികോയ്‌ക്ക്‌ കിട്ടിയ ഉറച്ച അവസരം ലൂക്‌മാൻ ക്ലോസ്‌ റേഞ്ചിൽവച്ച്‌ പാഴാക്കിയിരുന്നു.


മാർകോസ്‌ ലോറന്റെയുടെ അടി അഴ്‌സണൽ പ്രതിരോധക്കാരൻ ബെൻ വൈറ്റിന്റെ കൈയിൽ തട്ടിയതിനായിരുന്നു അത്‌ലറ്റികോയ്‌ക്ക്‌ പെനൽറ്റി. തകർപ്പൻ കിക്കിലൂടെ അൽവാരസ്‌ വല കണ്ടു. പിന്നാലെ 78–ാം മിനിറ്റിൽ അഴ്‌സണലിന്‌ അനുകൂലമായി റഫറി പെനൽറ്റിക്ക്‌ വിസിലൂതിയെങ്കിലും വീഡിയോ പരിശോധനയിൽ തിരുത്തി.


അത്‌ലറ്റികോയ്‌ക്കായി സ്വന്തം തട്ടകത്തിൽ അവസാന ചാന്പ്യൻസ്‌ ലീഗ്‌ മത്സരമാണ്‌ ഗ്രീസ്‌മാൻ പൂർത്തിയാക്കിയത്‌. അടുത്ത സീസണിൽ എംഎൽഎസ്‌ ക്ലബ്‌ ഒർലാൻഡോ സിറ്റിക്കായാണ്‌ ഫ്രഞ്ചുകാരൻ കളിക്കുക.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home