print edition ആവേശളക്കളിയിൽ കൊമ്പൻസ്

എസ് കിരൺബാബു
Published on Nov 14, 2026, 12:26 AM | 1 min read
തിരുവനന്തപുരം: സൂപ്പർ ലീഗ് കേരള ഫുട്‌ബോളിലെ ആവേശക്കളിയിൽ തിരുവനന്തപുരം കൊന്പൻസിന് ജയം. സ്വന്തം തട്ടകമായ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫോഴ്‌സ കൊച്ചിയെ 3–2ന് കീഴടക്കി. വി അർജുൻ ഇരട്ടഗോളടിച്ചു. കെ ശ്രീരാജിന്റെ വകയായിരുന്നു മൂന്നാംഗോൾ. നിധിൻ മധുവും പൗളോ ഹെൻറിക്കും കൊച്ചിക്കായി ഗോൾ മടക്കി.
പതിനൊന്ന് പോയിന്റുമായി കൊന്പൻസ് സെമി സാധ്യത നിലനിർത്തി. നിലവവിൽ നാലാം സ്ഥാനത്താണ്. 13 പോയിന്റുള്ള കൊച്ചി രണ്ടാമത് തുടർന്നു. കളിയുടെ തുടക്കം മുതൽ ആവേശംനിറഞ്ഞു. ആക്രമണക്കളിക്കൊടുവിൽ കൊച്ചിയാണ് ലീഡ് നേടിയത്. 22–ാം മിനിറ്റിൽ നിധിൻ മധു കൊച്ചിയെ മുന്നിലെത്തിക്കുകയായിരുന്നു. കൊന്പൻസിന്റെ മറുപടി ഉടൻ വന്നു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്പ് അർജുൻ ആതിഥേയരെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതിയിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു. കൊന്പൻസ് ഒരു ചുവട് മുന്നിൽനിന്നു. 65–ാം മിനിറ്റിൽ ശ്രീരാജിന്റെ തകർപ്പൻ ഗോളിൽ ലീഡ്. കൊച്ചി തിരിച്ചടിക്ക് ശ്രമിക്കുന്നതിനിടെയാണ് അർജുൻ രണ്ടാം ഗോളിലൂടെ കൊന്പൻസിന്റെ ജയമുറപ്പിക്കുന്നത്.
പരിക്കുസമയത്ത് കൊന്പൻസ് ഗോൾകീപ്പർ സപാം സിങ്ങിന്റെ പിഴവ് മുതലെടുത്ത് പൗളോ തൊടുത്ത ഗോൾ കൊച്ചിയുടെ തോൽവിഭാരം കുറച്ചു. ഒപ്പമെത്താനുള്ള കൊച്ചിയുടെ ശ്രമങ്ങൾ ഫലവത്തായില്ല. കൊന്പൻസ് പ്രതിരോധം ചെറുത്തുനിന്നു.
ഇന്ന് തൃശൂർ മാജിക് എഫ്സി മലപ്പുറം എഫ്സിയെ നേരിടും. തൃശൂർ കോർപറേഷൻ സ്റ്റേഡിയമാണ് വേദി.11 പോയിന്റുമായി മലപ്പുറം മൂന്നാമതും ഏഴ് പോയിന്റുള്ള തൃശൂർ അഞ്ചാമതുമാണ്.








0 comments